കുസാറ്റും നെസ്റ്റ് ഡിജിറ്റലും തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു.
- Posted on October 19, 2024
- News
- By Goutham Krishna
- 153 Views

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഡിജിറ്റൽ സാങ്കേതിക സേവനങ്ങളിലെ വ്യവസായ-വിജ്ഞാന പങ്കാളിത്തത്തിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ദീൻ ദയാൽ ഉപാധ്യായ കൌശൽ കേന്ദ്ര (ഡിഡിയുകെകെ) ബഹുരഷ്ട്ര കമ്പനിയായ നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ്വെയർ വിഭാഗമായ നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു. ഡിഡിയുകെകെയുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും നെസ്റ്റ് ഗ്രൂപ്പിൻറെ പിന്തുണ ധാരണാപത്രം ഉറപ്പാക്കും. സൗജന്യ വ്യവസായ-ഇൻസ്റ്റിറ്റ്യൂട്ട് സംരംഭങ്ങൾ, നൈപുണ്യ പരിപാടികൾ, ഇന്റേൺഷിപ്പ് അവസരങ്ങൾ, നെസ്റ്റ് ഡിജിറ്റൽ അക്കാദമിയുടെ പഠന പോർട്ടലിൽ നിന്നുള്ള സൗജന്യ ബാഡ്ജുകൾ, സാങ്കേതിക മത്സരങ്ങളിലും ഹാക്കത്തോണുകളിലും സൗജന്യ പങ്കാളിത്തം എന്നിവ നെസ്റ്റ് ഉറപ്പാക്കും. ഡിജിറ്റൽ വൈദഗ്ധ്യവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും നെസ്റ്റ് പരിശീലനം നൽകും.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ. എം ജുനൈദ് ബുഷിരിയുടെ സാന്നിധ്യത്തിൽ കുസാറ്റ് രജിസ്ട്രാർ ഡോ.അരുൺ എ.യു നെസ്റ്റ് ഡിജിറ്റൽ സിഇഒ നസ്നീൻ ജഹാംഗീർ എന്നിവർ കുസാറ്റ് സിൻഡിക്കേറ്റ് ഹാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ പി.ജി ശങ്കരൻ, സിൻഡിക്കേറ്റ് അംഗം ഡോ ശശി ഗോപാലൻ, ഐക്യുഎസി ഡയറക്ടർ ഡോ സാം തോമസ്, ഡിഡിയുകെകെ ഡയറക്ടർ ഡോ എസ് സന്തോഷ് കുമാർ, നെസ്റ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡോ പ്രദീപ് എസ്, നെസ്റ്റ് ഇൻഡസ്ട്രി ബിസിനസ് യൂണിറ്റ് ഡെലിവറി ഹെഡ് ശ്രീകാന്ത് എന്നിവർ സന്നിഹിതരായിരുന്നു.