മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെ.

പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്​ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന്​ ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട്​ ആവശ്യപ്പെട്ടു. തൊഴിലാളികളെ നിലയില്ലാക്കയത്തിലാഴ്​ത്തുന്ന ശമ്പള പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ മാനേജ്മെന്‍റുകളുടെ ഭാഗത്തുനിന്ന്​ സമയബന്ധിത നടപടികളുണ്ടാകുന്നില്ലെന്ന്​ പത്തനംതിട്ട സെന്‍റ്​ സ്റ്റീഫൻസ്​ ഓഡിറ്റോറിയത്തിൽ സമാപിച്ച 61ാം വാർഷിക സമ്മേളനം കുറ്റപ്പെടുത്തി.  

 മാധ്യമപ്രവർത്തക പെൻഷൻ 11,000 രൂപയിൽനിന്ന്​ 20,000 രൂപയായി വർധിപ്പിക്കണം. അരക്ഷിതമായ തൊഴിൽ സാഹചര്യത്തിൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ഏക ആശ്വാസമാണ് പെൻഷൻ പദ്ധതി. സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ച സാഹചര്യത്തിൽ  മാധ്യമപ്രവർത്തക പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണം. പെൻഷൻ ഫണ്ടിലേക്ക്​ മാനേജ്​മെന്‍റ്​ വിഹിതം കണ്ടെത്താൻ സെസ്​ ഏർപ്പെടുത്തുകയോ പി.ആർ.ഡി പരസ്യത്തുകയിൽ പിടിച്ചുവെക്കുന്ന 15 ശതമാനം തുക വകയിരുത്തുകയോ ചെയ്യണം. കരാർ ജീവനക്കാരെയും വിഡിയോ എഡിറ്റർമാരെയും മാഗസിൻ ​ജേർണലിസ്റ്റുകളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കണം. 

ലേബർ കോഡുകളിൽ ലയിപ്പിച്ച്​ ഇല്ലാതാക്കുന്ന വർക്കിങ്​ ജേർണലിസ്റ്റ്​ ആക്ട്​ പുനഃസ്ഥാപിക്കണമെന്ന്​ സമ്മേളനം കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ്​ കെ.പി റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാൾ റിപ്പോർട്ടും ട്രഷറർ മധുസൂദനൻ കർത്ത കണക്കും അവതരിപ്പിച്ചു. വൈസ്​ പ്രസിഡന്‍റുമാരായ കെ. വി​ജേഷ്​, പി.എം. കൃപ, സെക്രട്ടറിമാരായ ബിനിത ദേവസി, ഫിലിപ്പോസ്​ മാത്യു, ബി. അഭിജിത്​ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ ബോബി എബ്രഹാം സ്വാഗതവും യൂണിയൻ ജില്ലാ പ്രസിഡന്‍റ്​ ബിജു കുര്യൻ നന്ദിയും പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like