ബ്രഹ്മി
- Posted on October 04, 2021
- Ayurveda
- By Deepa Shaji Pulpally
- 956 Views
ഒരാളുടെ ശാരീരിക ആരോഗ്യത്തിന് ആവശ്യമായ മൂല്യവത്തായ പോഷകങ്ങൾ എല്ലാം അടങ്ങിയിട്ടുള്ള ബ്രഹ്മിയുടെ വിശേഷങ്ങൾ കൂടുതലായി കേട്ടു നോക്കാം
ബ്രഹ്മി ( Bacopa Monnien) കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഔഷധ ഫലം നൽകുന്ന ആയുർവേദ സസ്യമാണ്. പാടങ്ങളിലും, നനവുള്ള പ്രദേശങ്ങളിലും വളരുന്ന ബ്രഹ്മി വ്യാവസായിക അടിസ്ഥാനത്തിൽ നെൽ കൃഷിക്ക് സമാനമായി തന്നെ കൃഷി ചെയ്തുവരുന്നുണ്ട്. ഇതിന്റെ പൂക്കൾക്ക് നീലയോ, വെള്ളയോ നിറമായിരിക്കും. തലമുറകളായി ബ്രഹ്മിയെ ഔഷധസസ്യമായി യുനാനി, സിദ്ധ, ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിച്ചുവരുന്നു.
എന്തൊക്കെയാണ് ബ്രഹ്മി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ?
ബ്രഹ്മിയുടെ ഉപയോഗം മൂലം തലച്ചോറിലെ രാസപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും, അതുവഴി ചിന്താശേഷിയും, ഓർമശക്തിയും വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ 6 - വയസ്സു മുതൽ 8 - വയസ്സ് വരെയുള്ള കുട്ടികളുടെ മാനസികാരോഗ്യ വളർച്ചയെ ഏകോപിപ്പിക്കുന്നതിനായി നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഇത് ശുപാർശ ചെയ്യുന്നു.
കൂടാതെ, മറവി രോഗം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും അൽഷിമേഴ്സ് ബാധിച്ച പ്രായമായവർക്കും ഇതിന്റെ ഉപയോഗം വളരെ ഉപകാരം ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിന് ഗർഭിണികൾ ബ്രഹ്മി കഴിക്കുന്നത് നല്ലതാണ് എന്ന് ആയുർവേദം ശുപാർശചെയ്യുന്നു.
അതുപോലെ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളായ ഉൽക്കണ്ഠയും, പെട്ടെന്നുള്ള പരിഭ്രാന്തിയും മാറ്റുന്നതിന് നിത്യജീവിതത്തിൽ ബ്രഹ്മി ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കുന്നത് നല്ലതാണ്. അതിനാൽ തന്നെ ബ്രഹ്മി ഇല സാലഡുകളിലും, ഉണക്കിപ്പൊടിച്ച് പശുവിൻപാലിലോ, കറികൾ ആയോ ഉപയോഗിക്കുന്നത് അത്യുത്തമമാണ്.
മൂന്നാഴ്ച അടുപ്പിച്ച് ബ്രഹ്മി ഇലയിൽ നിന്നും നീര് പിഴിഞ്ഞെടുത്ത് കുടിക്കുന്നത് വഴി ഉൽക്കണ്ഠ, ഹൃദയമിടിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ ശീലം തലവേദന, സമ്മർദംമൂലം വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങിയവക്ക് ഫലപ്രദമാണ്. അതുപോലെ തൊണ്ടയിലും, ശ്വാസകോശത്തിലും അടിഞ്ഞുകൂടുന്ന കഫത്തെ പുറന്തള്ളാൻ ഒരു എക്സ്പെക്ടറന്റായി ബ്രഹ്മി പ്രവർത്തിക്കും.
ചെറുതും, വലുതുമായ മുറിവുകളെ അതിവേഗം സുഖപ്പെടുത്താനുള്ള കഴിവ് ബ്രഹ്മിക്കുണ്ട്. ഇതിന്റെ ഇലകൾ പതിവായി ഉപയോഗിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഫലപ്രദമായ ഔഷധം എന്ന രീതിയിൽ സഹായിക്കുന്നു . ബ്രഹ്മിയുടെ ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ആന്റി ഹൈപ്പർ ഗ്ലൈസമിക് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
ആസ്മ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിൽ ഒന്നാണ് ഇത്. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, തൊണ്ടയിലെ അസ്വസ്ഥതകൾ, ബ്രോങ്കൈറ്റിസ്, ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയ വിവിധ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാം ഇതിന്റെ ഉപയോഗം ഗുണം ചെയ്യുന്നു.
സൗന്ദര്യ പരിപാലന മാർഗങ്ങൾക്കും, ചർമസംരക്ഷണത്തിനും ബ്രഹ്മിയുടെ ഉപയോഗം അത്യുത്തമമാണ്. ബ്രഹ്മിനീര് കഴിക്കുന്നത് ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും, ചൊറിച്ചിൽ പോലെയുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
കേശ സംരക്ഷണത്തിനും, പ്രത്യേകിച്ച് അകാല നരയുടെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും, മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്രഹ്മി പുരാതനകാലം മുതൽ ഉപയോഗിച്ചുപോരുന്നു. നമ്മുടെ തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന ബ്രഹ്മിയെ കുറിച്ച് ആയുർവേദത്തിലെ ശാസ്ത്ര യോഗത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇതിനാൽ തന്നെ പല ആയുർവേദ മരുന്നുകളിലേയും , എണ്ണകളിലേയും മുഖ്യ ചേരുവയാണ് ബ്രഹ്മി. ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതു കൂടാതെ, അകാലവാർധക്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഒരാളുടെ ശാരീരിക ആരോഗ്യത്തിന് ആവശ്യമായ മൂല്യവത്തായ പോഷകങ്ങൾ എല്ലാം അടങ്ങിയിട്ടുള്ള ബ്രഹ്മിയുടെ വിശേഷങ്ങൾ കൂടുതലായി കേട്ടു നോക്കാം.