ഗോഷ്ടി കാണിക്കുന്ന ആൽബർട്ട് ഐൻസ്റ്റീൻ; ചിത്രം പിറന്ന കഥ
- Posted on July 03, 2021
- Timepass
- By Sabira Muhammed
- 505 Views
നോബൽ സമ്മാനം നേടിയ ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ അവിസ്മരണീയമായ ഫോട്ടോകളിലൊന്നാണ് നാവ് നീട്ടുന്ന ചിത്രം. കോളേജ് ശാസ്ത്ര റൂമുകളുടെയും മിഡിൽ-സ്കൂൾ സയൻസ് ക്ലാസ് മുറികളുടെയും ഭിത്തികളിൽ പതിറ്റാണ്ടുകളായി ഈ ചിത്രം നാം കാണുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രസ്സ് ഫോട്ടോഗ്രാഫുകളിലൊന്ന് എന്ന് ഗാർഡിയൻ വിശേഷിപ്പിച്ച ചിത്രമാണ് ഐൻസ്റ്റീൻ നാക്കു നീട്ടിയിരിക്കുന്ന ഈ ചിത്രം. ഈ ചിത്രം പിറന്നതിന് പിന്നിലെ കഥ ഇതാണ്.

ഈ ചിത്രം പിറന്നത് 1951 മാർച്ച് 14 നാണ്. അന്ന് ഐൻസ്റ്റീന്റെ പിറന്നാൾ ദിവസമായിരുന്നു. പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിലെ ആഘോഷങ്ങൾ കഴിഞ്ഞു പുറത്തിറങ്ങിയ ഐൻസ്റ്റീനെ പത്രക്കാർ പൊതിഞ്ഞു. ഒരു പിറന്നാൾ ദിന ഫോട്ടോയായിരുന്നു അവരുടെ ആവശ്യം. പിറന്നാൾ ആഘോഷങ്ങളിൽ തളർന്ന ഐൻസ്റ്റീൻ എത്രയും പെട്ടെന്ന് സ്ഥലം വിടാനുള്ള തിടുക്കത്തിൽ തന്റെ സഹപ്രവർത്തകന്റെ കാറിന് പുറകിലെ സീറ്റിൽ കയറിക്കൂടി.
പക്ഷെ പത്രക്കാർ വിടുന്നില്ല. അവർ ഫോട്ടോ കിട്ടിയെ അടങ്ങു. അവസാനം സഹികെട്ട് ഐൻസ്റ്റീൻ പത്രക്കാരെ ഗോഷ്ടി കാണിച്ചതാണ് സംഭവം. ഗോഷ്ടി കാണിച്ചിട്ട് ഒറ്റനിമിഷം കൊണ്ട് തിരിഞ്ഞിരുന്നെങ്കിലും ഈ ഒരു സുവർണ നിമിഷം യുണൈറ്റഡ് പ്രസ് ഇന്റർനാഷനലിലെ (UPI) ഫോട്ടോഗ്രാഫർ ആയിരുന്ന ആർതർ സാസ് അതിവിദഗ്‌ദമായി ഒപ്പിയെടുത്തു.
അന്നത്തെ ക്യാമറകൾ ഫിലിമിൽ ഓടുന്നത് ആണെന്നതും, ഇന്നത്തെ പോലെ തുരുതുരാ ചിത്രങ്ങൾ എടുക്കാൻ കഴിയില്ല എന്നതും ഒക്കെ നാം ഓർക്കണം. ഇതുപോലൊരു അവസരത്തിൽ കൃത്യമായി ഷട്ടർ ബട്ടണിൽ വിരലമർത്തിയ ആ ഫോട്ടോഗ്രാഫറുടെ സമയ കൃത്യത സമ്മതിച്ചുകൊടുക്കണം! അതോ ഭാഗ്യമോ?എന്തായാലും ഈ ചിത്രം പെട്ടെന്ന് പ്രശസ്തമായി.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയുടെ മുൻ മേധാവി ഡോ. ഫ്രാങ്ക് അയഡെലോട്ടും , അദ്ദേഹത്തിന്റെ ഭാര്യ മിസ്സിസ് അയഡെലോട്ടും ആണ് ചിത്രത്തിൽ ഐൻസ്റ്റീനെ കൂടാതെ ഉള്ള മറ്റു രണ്ടുപേർ . എന്നാൽ ഐൻസ്റ്റീൻ പ്രസ്തുത ചിത്രത്തിൽ നിന്നും ബാക്കി രണ്ടുപേരെ മുറിച്ചു മാറ്റി, തന്റെ മുഖം മാത്രം വെച്ചുകൊണ്ട് ഒൻപതു പ്രിന്റുകൾ പിന്നീട് വാങ്ങി. എന്നിട്ടു അവ പേഴ്സണൽ ഗ്രീറ്റിങ് കാർഡ് ആയി സുഹൃത്തുക്കൾക്ക് അയച്ചു എന്ന് ചരിത്രം.
ഐൻസ്റ്റൈൻ ഈ ആംഗ്യം കാണിച്ചതിന്റെ കാരണം ഫോട്ടോ നശിപ്പിക്കാൻ ശ്രമിച്ചതാകാം. പക്ഷേ അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെട്ടു. ചിത്രം ഉപയോഗിക്കണോ വേണ്ടയോ എന്ന് ആദ്യം എഡിറ്റർമാർക്കിടയിൽ ചർച്ച ഉണ്ടായിരുന്നു. ഐൻസ്റ്റൈൻ അൽപം വിചിത്ര സ്വഭാവക്കാരനാണെന്ന ഖ്യാതിയും ഒപ്പം നോട്ടി പ്രൊഫസറായി ഊട്ടി ഉറപ്പിക്കുന്ന ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നായി പിന്നീട് ഇത് മാറുകയും ചെയ്തു. മുഴുവൻ രൂപത്തിൽ ആകെയുണ്ടായിരുന്ന അദ്ദേഹം ഒപ്പിട്ട യഥാർത്ഥ ചിത്രം 2017 ൽ 1,25,000 ഡോളറിന് ലേലം ചെയ്തു.
കടപ്പാട്