ശബരിമല സ്വർണപ്പാളി വിവാദം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അടിയന്തര യോഗം ഇന്ന്
- Posted on October 03, 2025
- News
- By Goutham prakash
- 47 Views

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദം ശക്തമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അടിയന്തര യോഗം ഇന്ന്. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിൽ അന്തിമ തീരുമാനമെടുക്കും. സ്വർണപ്പാളി വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത് തന്നെ സമ്മതിച്ചതാണ്. ഇതിനിടെയാണ് ഇന്ന് അടിയന്ത ബോർഡ് യോഗം ചേരുന്നത്.
2019 മുതൽ 2025 വരെയുള്ള മുഴുവൻ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പറ്റുമെങ്കിൽ പൊലീസിനും പരാതി നൽകാനാണ് ആലോചന. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ 1998ൽ തന്നെ സ്വർണം പൊതിഞ്ഞിട്ടുണ്ടാകാനാണ് സാധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം മുൻ ഇൻസ്പെക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
അതേസമയം ദേവസ്വം പ്രസിഡന്റുമാരായ അഡ്വക്കേറ്റ് : അനന്ത ഗോപനും , എ പത്മകുമാറും ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നിരന്തരം നടത്തുന്നത് മുഖ്യമന്ത്രിയുടെയും,
സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്താനും ദേവസ്വം ബോർഡ് ഇന്ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും