ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തിനായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണം: കൃഷി മന്ത്രി പി. പ്രസാദ്

ചെറു ധാന്യങ്ങളുടെ പ്രോത്സാഹനത്തിനും ഈ മേഖലയിൽ ഇടപെടുന്ന കർഷകരെ സഹായിക്കുന്നതിനുമായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

സി.ഡി. സുനീഷ്.


ഹൈദരാബാദ്: ചെറു ധാന്യങ്ങളുടെ പ്രോത്സാഹനത്തിനും ഈ മേഖലയിൽ ഇടപെടുന്ന കർഷകരെ സഹായിക്കുന്നതിനുമായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഹൈദരാബാദിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മില്ലറ്റ് റിസർച്ച് ആഗോളതലത്തിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ന്യൂട്രി സീറിയൽ കൺവെൻഷനിൽ മുഖ്യാതിഥിയായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരക്കുറവ്, സുസ്ഥിര കാർഷിക വികസനം എന്നീ അടിയന്തിര പ്രാധാന്യമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ചെറുധാന്യങ്ങളുടെ പങ്ക് വളരെ വലുതാണെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ചെറുധാന്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പിന്തുണ കേന്ദ്രസർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനിടയിലും പ്രതിരോധശേഷിയുള്ള ചെറുധാന്യ വിളകൾ വഹിക്കുന്ന പങ്ക് കൃഷി മന്ത്രി എന്ന നിലയിൽ തിരിച്ചറിയുന്നുവെന്നും പരമ്പരാഗത ധാന്യങ്ങൾ എന്നതിലുപരി പാരിസ്ഥിതിക തീവ്രതകളെ അതിജീവിക്കാനും കർഷകരുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കാനും കഴിയുന്ന ഭക്ഷ്യ സമ്പ്രദായങ്ങളുടെ നട്ടെല്ലാണ് ചെറുധാന്യങ്ങൾ എന്നും കൃഷി മന്ത്രി കൂട്ടിചേർത്തു.  കൺവെൻഷനോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര പ്രദർശന ചടങ്ങിൽ പ്രത്യേക അതിഥിയായും കൃഷിമന്ത്രി പങ്കെടുത്ത് സംസാരിച്ചു. ലോക ചെറുധാന്യ വിപണിയിൽ രാജ്യം പ്രധാന പങ്കാണ് വഹിക്കുന്നതെന്നും കേരളം അതിനോടൊപ്പം ചേർന്ന് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


ചെറുധാന്യ കൃഷി പ്രോത്സാഹനം ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം കർഷകരുടെ വരുമാന വർദ്ധനവിന് കൂടി സഹായകരമാകുന്ന  തരത്തിലാവണം. എന്നാൽ മാത്രമേ കർഷകരുടെ പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കാൻ കഴിയു മന്ത്രി പറഞ്ഞു. പട്ടിണിയും പോഷകാഹാരക്കുറവും ഇല്ലാതെ നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് കർഷകരുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രമാണ്. അതിനാൽ അവരുടെ വരുമാനം വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അവരെ സഹായിച്ചുകൊണ്ട് ലോകത്തെ പോഷിപ്പിക്കാൻ അശ്രാന്തമായി അധ്വാനിക്കുന്ന കർഷകരെ നമുക്ക് ആദരിക്കാം. ഒരു സമൂഹമെന്ന നിലയിൽ, കർഷകരുടെ പോരാട്ടങ്ങളെ നാം തിരിച്ചറിയണമെന്നും അവരെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നയങ്ങൾക്കായി വാദിക്കുകയും ചെയ്യണം  മന്ത്രി കൂട്ടിച്ചേർത്തു. കാർഷിക മേഖലയിലെ നിക്ഷേപം നമ്മുടെ ഭാവിയിലെ നിക്ഷേപമാണ്. കർഷകരെ പിന്തുണയ്ക്കുക എന്നതിനർത്ഥം നൂതനത, സുസ്ഥിരത, പ്രതിരോധം എന്നിവയിൽ നിക്ഷേപിക്കുക എന്നതാണ്. നാം ന്യായമായ വ്യാപാര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ കർഷകർക്ക് അവരുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഗവേഷണം, സാങ്കേതികവിദ്യ, കർഷക വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിച്ച് മില്ലറ്റ് ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചെറുധാന്യങ്ങൾക്ക് ശക്തമായ വിപണി സൃഷ്ടിക്കാനും കേരളം ലക്ഷ്യമിടുന്നെന്ന് മന്ത്രി അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമലാ ഹാരിസിന് തിരഞ്ഞെടുപ്പ് ഗാനം ഒരുക്കി മലയാളികള്‍.

നാവിന് രുചി നൽകുന്ന എന്തും ആസ്വദിക്കുന്ന മനുഷ്യർ അത് ജീവിതശൈലീ രോഗങ്ങളിലേക്കും ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കും നയിക്കുമെന്നത് വിസ്മരിക്കുന്നുവെന്നും  ഇവിടെയാണ്  ചെറുധാന്യങ്ങളുടെ  പ്രാധാന്യമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വൻതോതിലുള്ള പ്രചാരണം നടത്താൻ അവരെ സഹായിക്കുന്നതിനും പോഷക സമൃദ്ധി മിഷൻ എന്ന പേരിൽ മിഷൻ മോഡ് പ്രവർത്തനങ്ങൾ കൃഷി വകുപ്പ് ആരംഭിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. മില്ലറ്റ് ഉൽപന്നങ്ങളുടെയും പ്രോത്സാഹനം ഈ പരിപാടിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. 2023 ഒക്ടോബറിൽ ജൈവകൃഷിയുടെ വിസ്തൃതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവ കാർഷിക മിഷനും കേരളത്തിൽ ആരംഭിച്ചു.


കേരളത്തിലെ പശ്ചിമഘട്ടത്തിൻ്റെ സാന്നിധ്യം ചെറുധാന്യ വിളകളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാണ്. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിൽ മില്ലറ്റ് കൃഷിക്ക് വളരെയധികം സാധ്യതകളുണ്ട്. കേരളത്തിൽ സമീപ കാലങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭം മൂലം കാർഷിക മേഖലയിലുണ്ടാക്കിയ നഷ്ടം വലുതാണ്. വിദഗ്ധരുമായി കൂടിയാലോചിച്ച് പശ്ചിമഘട്ട മേഖലയ്ക്ക് അനുയോജ്യമായ കാർഷിക രീതി അവലംബിക്കുന്നതിനുള്ള നടപടികളാണ് കാർഷിക മേഖലയിൽ സ്വീകരിച്ചിട്ടുള്ളത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയായതിനാൽ മില്ലറ്റിന് ഈ മേഖലയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മില്ലറ്റ് വർഷമായ  2023 ൻ്റെ വിജയം ഉറപ്പാക്കുന്നതിനുള്ള സഹകരണത്തിനും ഇന്ത്യയിലുടനീളമുള്ള മില്ലറ്റ് കൃഷി പ്രോത്സാഹനത്തിൽ IIMR-ൻ്റെ നേതൃത്വത്തിലെ ഇടപെടലിനെയും തദവസരത്തിൽ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.


കൃഷിവകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള ഐ.എ.എസ്., പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സുനിൽ തുടങ്ങിയവരുൾപ്പെടെയുള്ള വിദഗ്ദ്ധർ കൃഷിവകുപ്പ് മന്ത്രിയോടൊപ്പം കൺവെൻഷനിൽ പങ്കെടുത്തു. തെലങ്കാന സംസ്ഥാന കൃഷി മന്ത്രി തുമ്മല നാഗേശ്വര റാവുജി, കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഹിമാൻഷു പഥക്, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി. ശുഭ ഠാക്കൂർ, ന്യൂട്രി ഹബ് സി.ഇ.ഒ. ഡോ. ബി. ദയാകർ റാവു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങി കാർഷിക മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.


Author
Citizen Journalist

Goutham Krishna

No description...

You May Also Like