സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ; കൊവിഡ് ബാധിച്ച് എഴുത്താത്തവര്‍ക്ക് വീണ്ടും അവസരം നല്‍കാനാകില്ലെന്ന് കേന്ദ്രം
- Posted on March 25, 2022
- News
- By NAYANA VINEETH
- 162 Views
പരീക്ഷയില്‍ വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഏത് സര്‍വീസില്‍ ചേരണമെന്ന് തീരുമാനിക്കാനുള്ള സമയപരിധി ഏപ്രില്‍ ഒന്ന് വരെയാക്കി സുപ്രിംകോടതി നീട്ടി നല്‍കുകയും ചെയ്തു

കൊവിഡ് ബാധിച്ചതിനാല്‍ യുപിഎസ്‌സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
2021 ലെ പ്രിലിംസില്‍ യോഗ്യത നേടിയിട്ടും കൊവിഡ് പോസിറ്റീവായതിനാല്‍ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയിലെത്തിയപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
രോഗവും അപകടവും ഉള്‍പ്പെടെയുള്ള യാതൊരു കാരണവശാലും പരീക്ഷ വീണ്ടും നടത്താനാകില്ല എന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഭേദഗതി നടത്തുന്ന പ്രക്രിയ സങ്കീര്‍ണമാണെന്ന് യുപിഎസ്‌സിയും കോടതിയെ അറിയിച്ചു.
അനുച്ഛേദം 32 പ്രകാരം തങ്ങള്‍ക്ക് മെയിന്‍ പരീക്ഷയെഴുതാന്‍ ഒരവസരം കൂടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
കൊവിഡ് പോസിറ്റിവായിരുന്ന തങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കാത്തത് അവകാശലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
തങ്ങള്‍ക്ക് പരീക്ഷയെഴുതാന്‍ മറ്റ് അവസരങ്ങള്‍ യുപിഎസ്‌സി ഒരുക്കിയിരുന്നില്ലെന്നും കോടതിക്കുമുന്നില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. എങ്കിലും ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന തീരുമാനവും ഇന്ന് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഏത് സര്‍വീസില്‍ ചേരണമെന്ന് തീരുമാനിക്കാനുള്ള സമയപരിധി ഏപ്രില്‍ ഒന്ന് വരെയാക്കി സുപ്രിംകോടതി നീട്ടി നല്‍കുകയും ചെയ്തു.