"മിഠായി"യുടെ മധുരത്തിനു പിന്നിലെ കയ്ക്കുന്ന കഥകൾ !!!

ബാലവേലയ്ക്കെതിരെ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഈ രാജ്യങ്ങളില്‍ ദാരിദ്ര്യം മൂലം ജോലിക്കിറങ്ങാന്‍ കുട്ടികളും നിര്‍ബന്ധിതരാകുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ലോകത്തിലെ 69 ശതമാനം കൊക്കോയും ഉല്പാദിപ്പിക്കുന്നത്. ഇവിടത്തെ തൊഴിലാളികളില്‍ 30 ശതമാനവും 15 വയസിന് താഴെയുള്ളവരാണ്. അഞ്ചു മുതല്‍ 11 വയസുവരെയുള്ളവര്‍തന്നെ പത്തുലക്ഷത്തിലേറെയുണ്ട്. ഇതില്‍തന്നെ എട്ട് ലക്ഷത്തോളം കുട്ടികള്‍ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.

മിഠായി എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറും. മധുരത്തിന്റെ പര്യായമായ മിഠായി കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ്. നമ്മള്‍ കഴിക്കുന്ന രുചികരമായ മിഠായികള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. ലോകത്തില്‍ മൂന്നില്‍ രണ്ട് കൊക്കോ കൃഷിയും നടക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കൊക്കോ കൃഷി സ്ഥലങ്ങളില്‍ പണിയെടുക്കുന്ന വലിയൊരു ശതമാനം ജോലിക്കാരും കുട്ടികളാണ്.

കൊക്കോ ആണ് ചോക്‌ലെറ്റ് മിഠായിലെ പ്രധാന ചേരുവ. ബാലവേലയ്ക്കെതിരെ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഈ രാജ്യങ്ങളില്‍ ദാരിദ്ര്യം മൂലം ജോലിക്കിറങ്ങാന്‍ കുട്ടികളും നിര്‍ബന്ധിതരാകുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ലോകത്തിലെ 69 ശതമാനം കൊക്കോയും ഉല്പാദിപ്പിക്കുന്നത്. ഇവിടത്തെ തൊഴിലാളികളില്‍ 30 ശതമാനവും 15 വയസിന് താഴെയുള്ളവരാണ്. അഞ്ചു മുതല്‍ 11 വയസുവരെയുള്ളവര്‍തന്നെ പത്തുലക്ഷത്തിലേറെയുണ്ട്. ഇതില്‍തന്നെ എട്ട് ലക്ഷത്തോളം കുട്ടികള്‍ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ചോക്‌ലെറ്റ് നിര്‍മ്മാണത്തിലെ ഒഴിച്ചുകൂടാനാവത്ത മറ്റൊരു ചേരുവയാണ് പാം ഓയില്‍. പാം ഓയിലിനുവേണ്ടി മഴക്കാടുകള്‍ വെട്ടിത്തെളിച്ച് വന്‍തോതില്‍ പനക്കൃഷി ചെയ്യുന്ന സ്ഥലമാണ് ഇന്തോനേഷ്യ. ഒറാങ്ങ്ഉട്ടാന്‍ എന്ന കുരങ്ങുവര്‍ഗത്തിന്റെ ആവാസസ്ഥലമാണ് ഈ മഴക്കാടുകള്‍. ഇവയുടെ നാശം ഒറാങ്ങ്ഉട്ടാനുകളുടെ നിലനില്പിന് വന്‍ ഭീഷണിയാകുന്നുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

നെസ്‌ലെ കമ്പനി അവരുടെ കിറ്റ്കാറ്റ് ചോക്‌ലെറ്റ് നിര്‍മ്മിക്കുന്നതിന് വേണ്ടിവരുന്ന പാം ഓയില്‍ ഉല്പാദിപ്പിക്കുന്നത് ഇന്തോനേഷ്യയിലെ മഴക്കാടുകള്‍ വെട്ടിത്തെളിച്ചാണ്. 2010ല്‍ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസും കിറ്റ്കാറ്റും തമ്മില്‍ വലിയൊരു നിയമയുദ്ധം തന്നെ നടന്നു. മഴക്കാടുകളുടെ നാശം ഒറാങ്ങ്ഉട്ടാനുകളുടെ നിലനില്പിന് വന്‍ ഭീഷണിയാകുന്നുവെന്നും കിറ്റ്കാറ്റ് കമ്പനി ഇതിന് കൂട്ടുനില്ക്കുന്നുവെന്നും ആരോപിച്ചാണ് ഗ്രീന്‍പീസ് നിയമയുദ്ധത്തിനൊരുങ്ങിയത്. കിറ്റ്കാറ്റിനെതിരെ ശക്തമായ ബോധവല്ക്കരണ പരിപാടികളാണ് ഗ്രീന്‍പീസ് ഒരുക്കിയത്. സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചരണ വീഡിയോ ലക്ഷക്കണക്കിനു പേര്‍ കണ്ടു. ഗ്രീന്‍പീസിന്റെ പ്രതിഷേധ പരിപാടികള്‍ പിന്നീട് ഫലം ചെയ്തു. നെസ്‌ലെയും പിന്നാലെ വന്‍ ചോക്‌ലെറ്റ് കമ്പനികളായ മോണ്ടലിസ, ഹെര്‍ഷീസ് തുടങ്ങിയ കമ്പനികളും തങ്ങള്‍ പാം ഓയില്‍ വാങ്ങുന്നത് മഴക്കാടുകള്‍ വെട്ടിത്തെളിക്കുന്നവരില്‍ നിന്നല്ല എന്ന സത്യവാങ്മൂലം നല്കാന്‍ തയ്യാറായി. ഇന്തോനേഷ്യയില്‍ പനക്കൃഷി ചെയ്യാന്‍ വേണ്ടി മഴക്കാടുകള്‍ വെട്ടുന്നതും കല്ക്കരിപ്പാടങ്ങള്‍ ഉപയോഗിക്കുന്നതും ആഗോളതാപനത്തിന് ശക്തികൂട്ടുന്നതായി വിദ്ഗധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രീന്‍പീസ് പോലുള്ള പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ പോരാട്ടം നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായി ഇത് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മിഠായിയുടെ പ്രധാന ചേരുവ പഞ്ചസാരയാണല്ലോ. ബ്രിട്ടീഷുകാര്‍ വെളുത്ത സ്വര്‍ണം എന്ന് വിളിച്ച പഞ്ചസാരയുടെ മധുരത്തിന് പിന്നിലും പതിനായിരക്കണക്കിന് കറുത്ത വര്‍ഗക്കാരുടെ കണ്ണീരിന്റെ ഉപ്പുരസമുണ്ട്. വ്യവസായ വിപ്ലവത്തോടെ പഞ്ചസാര ഉല്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ബ്രിട്ടനുള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികള്‍ തീരുമാനിച്ചു. അതിനായി അവര്‍ വന്‍തോതില്‍ കരിമ്പ് കൃഷി ആരംഭിച്ചു. അതോടെ ആഫ്രിക്കയില്‍ നിന്നും പതിനായിരക്കണക്കിന് കറുത്തവര്‍ഗക്കാരെ അടിമകളായി പിടികൂടി കരീബിയന്‍ ദ്വീപുകളിലെ കരിമ്പ് തോട്ടങ്ങളിലെത്തിച്ചു.

അതീവ ദയനീയമായിരുന്നു തോട്ടങ്ങളിലെ അവസ്ഥ. സ്ത്രീകളും കൊച്ചു കുട്ടികളും പൊള്ളുന്ന ചൂടില്‍ ദിവസം മുഴുവന്‍ പണിയെടുത്തു. നിലം കിളച്ചൊരുക്കുക, കൊടും വെയിലില്‍ കരിമ്പിന്‍ പാനി തിളപ്പിക്കുക എന്നുതുടങ്ങി പാകമായ കരിമ്പ് തോളിലേറ്റി വണ്ടികളില്‍ എത്തിക്കുന്നതുവരെയുള്ള അതികഠിനമായ ജോലികള്‍, വിശ്രമമില്ലാത്ത ജോലിക്കിടെ കുടിവെള്ളം പോലും ലഭിക്കില്ലെന്ന് മാത്രമല്ല, ചാട്ടവാറടിപോലുള്ള കടുത്ത ശിക്ഷകളും സഹിക്കണം. പിടിച്ചുനില്ക്കാനാവാതെ ധാരാളം അടിമകള്‍ മരിച്ചുവീണു. അവര്‍ക്കു പകരം പിന്നെയും അടിമകള്‍ വന്നുകൊണ്ടിരുന്നു. അവരുടെ അധ്വാനം ചൂഷണം ചെയ്ത സാമ്രാജ്യത്വശക്തികള്‍ ടണ്‍കണക്കിന് പഞ്ചസാര കയറ്റുമതി ചെയ്തു സമ്പന്നരായി. മിഠായികള്‍ മിക്കതും ആരോഗ്യത്തിന് ഹാനികരമാണ്. മിഠായികളിലടങ്ങിയിരിക്കുന്ന പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് ഹൃദ്‌രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇടയാക്കുന്നു. ശരീരഭാരം ഉയരുക, പോഷകങ്ങളുടെ കുറവ്, പ്രമേഹം എന്നിവയ്ക്കും ഇത് കാരണമാകുന്നു. മിഠായിയുടെ അമിത ഉപയോഗം ദന്തരോഗങ്ങള്‍ക്കും കാരണമാകുന്നു. പഞ്ചസാര അമിതമായി വായിലെത്തുമ്പോള്‍ ചില പ്രത്യേകതരം ബാക്ടീരിയകള്‍ പെരുകുന്നു. മിഠായിയിലെ പഞ്ചസാരയെ ഇവ വിഘടിപ്പിക്കും. അപ്പോള്‍ അവ ഉല്പാദിപ്പിക്കുന്ന ആസിഡ് പല്ലിന്റെ ഇനാമലിനെ തകര്‍ത്ത് ദന്തരോഗങ്ങളുണ്ടാകുന്നു. മിഠായി കഴിച്ചുകഴിഞ്ഞാല്‍ ഉടനെത്തന്നെ പല്ലുകള്‍ വൃത്തിയാക്കണം.

മിഠായിയുടെ പോഷകമൂല്യം വെറും പൂജ്യമാണ്. പഞ്ചസാര അമിതമായി ചേര്‍ത്ത മിഠായികള്‍ ഊര്‍ജ്ജം നല്കുമെന്നതൊഴിച്ചാല്‍ ഏതൊരു പ്രയോജനവും ശരീരത്തിന് ചെയ്യുന്നില്ല. പലരും വളര്‍ത്തുമൃഗങ്ങള്‍ക്ക് സ്നേഹത്തോടെ ചോക്‌ലെറ്റ് നല്കാറുണ്ട്. എന്നാല്‍ ഇത് അവയുടെ ആരോഗ്യത്തിന് നല്ലതല്ല. ചോക്‌ലെറ്റിലുള്ള തിയോബ്രൊമൈന്‍ എന്ന രാസവസ്തു അവയുടെ ശരീരത്തിന് ദോഷകരമാണ്. ചോക്‌ലെറ്റ് കഴിക്കുന്ന മൃഗങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മരണവും സംഭവിക്കാം. 150 ഡിഗ്രിയിലേറെ താപനിലയില്‍ തയ്യാറാക്കുന്ന പഞ്ചസാരപ്പാനിയിലാണ് മിഠായികള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ അപകടകരമാണ് ഈ മേഖല. തിളച്ചുമറിയുന്ന പഞ്ചസാരപ്പാനി ശരീരത്തില്‍ തെറിച്ച് പലപ്പോഴും ജോലിക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 1948ല്‍ ഷിക്കാഗോയിലെ ഒരു മിഠായി നിര്‍മ്മാണശാലയില്‍ നടന്ന സ്ഫോടനത്തില്‍ ഇരുപതോളം തൊഴിലാളികള്‍ വെന്തുമരിക്കുകയുണ്ടായി. സമാനമായ സംഭവം ലോകത്ത് പലയിടങ്ങളിലും അരങ്ങേറിയിട്ടുണ്ട്.

കടപ്പാട് 

മൽസ്യ മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്‍ജൻഡർ സംരംഭക:അതിഥി അച്യുത് !!!

Author
Sub-Editor

Sabira Muhammed

No description...

You May Also Like