ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും; പെരിയാറിൻ്റെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്
- Posted on November 13, 2021
- News
- By Sabira Muhammed
- 221 Views
2399.03 അടിയിലെത്തിയാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് റെഡ് അലർട്ട് പ്രഖ്യാപിക്കും

ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.46 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയുന്നത് സാവധാനത്തിലായിട്ടുണ്ടെങ്കിലും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.
ഇന്നലെ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 2399.03 അടിയിലെത്തിയാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് റെഡ് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് അടുത്താൽ മാത്രം അണക്കെട്ട് തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. സെക്കൻ്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി പുറത്തേക്ക് ഒഴുക്കും. ജില്ലാ കളക്ടര്‍ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.