നോര്‍ക്കകെയര്‍ പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി*

സ്വന്തം ലേഖകൻ.


പ്രവാസികൾക്കു മാത്രമായി രാജ്യത്ത്  ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം. പോളിസിയുടെ ഭാഗമായശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ്  നോര്‍ക്ക കെയര്‍ എന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 


പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. നോര്‍ക്ക കെയര്‍ പദ്ധതിയെക്കുറിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  നോര്‍ക്ക കെയര്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി . കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെയാണ് ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ്. ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പ്രകാശനം ചെയ്യും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like