പാലായിൽ കാപ്പന്‍റെ പ്രതികാരം - പൂഞ്ഞാറിൽ ആശാന്റെ പതനം

പിസി ജോർജിൻ്റെ നാല് പതിറ്റാണ്ട് നീണ്ട സാമാജിക ജീവിതത്തിന് താത്കാലികമായെങ്കിലും തിരശീല വീണിരിക്കുകയാണ്.

കോട്ടയത്ത് ഇന്ന് രണ്ട് വാർത്തകളാണ് ശ്രദ്ധേയം. മാണി സി കാപ്പൻ്റെ ജയവും പിസി ജോർജിൻ്റെ പരാജയവും. കഴിഞ്ഞ തവണ എൽഡിഎഫ് പിന്തുണയോടെ വിജയിച്ച മാണി സി കാപ്പൻ ഇക്കൊല്ലം എതിർ പാളയത്തായിരുന്നു. എൻസികെ എന്ന പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ യുഡിഎഫിൻ്റെ (മാണിയുടെ) കോട്ടയായ പാലായിൽ മാണി സാറിൻ്റെ മകൻ ജോസ് കെ മാണിയെ തകർത്താണ് വിജയിച്ചത്. ഈ വിജയത്തിന് അതുകൊണ്ട് തന്നെ മധുരം കൂടും.

52 വർഷത്തോളം കെഎം മാണി അനിഷേധ്യനായി നിലകൊണ്ട പാലായിൽ പിതാവിൻ്റെ പേര് മകന് ഗുണം ചെയ്യാത്ത കാഴ്ചയാണ് കാണുന്നത്. മാണിയുടെ മരണശേഷം നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിന്ന മാണി സി കാപ്പൻ പാല പിടിച്ചടക്കി. ജോസ് കെ മാണിയുടെ വരവിനെ തുടർന്ന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്ന് വന്നതോടെയാണ് കാപ്പൻ സ്വന്തമായി പാർട്ടി രൂപീകരിച്ച് യുഡിഎഫിലെത്തിയത്. ഒടുവിൽ ജോസ് കെ മാണിയെ തോല്പിച്ച് വിജയം. 2016ൽ പിതാവിനെതിരെ പരാജയപ്പെടുത്തിയ പാല 5 വർഷങ്ങൾക്കിപ്പുറം മകനെതിരെ വിജയിപ്പിച്ചു.

പിസി ജോർജിൻ്റെ അവസ്ഥ മറ്റൊന്നാണ്. 40 വർഷമായി പൂഞ്ഞാറിലെ എംഎൽഎ ആണ് പിസി ജോർജ്ജ്. ഒരു തരം ഏകാധിപത്യം. ആരൊക്കെ ശ്രമിച്ചിട്ടും പിസിയെ താഴെയിറക്കാനായില്ല. 1980ൽ കേരള കോൺഗ്രസിൻ്റെ വിജെ ജോസഫിനെ കീഴ്പ്പെടുത്തി ആദ്യമായി അധികാരത്തിലെത്തുന്നു. ജെഎൻപിക്കെതിരെയും ജെഎൻപിക്കായും മത്സരിച്ച് വിജയിച്ചു. കേരള കോൺഗ്രസ് എമ്മിനെതിരെയും എമ്മിനായും മത്സരിച്ച് വിജയിച്ചു. അവസാനം, 2016ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചും വിജയിച്ചു. പാർട്ടി ഏതായാലും പിസി ജോർജ്ജ് എന്ന വ്യക്തിക്ക് വോട്ട് വീഴുന്ന കാഴ്ച. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി പിസി നടത്തിയ ചില പരാമർശങ്ങൾ അദ്ദേഹത്തിനു തിരിച്ചടിയായി. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശങ്ങളും എൻഡിഎയ്ക്കൊപ്പം ഇടക്കാലത്ത് രാഷ്ട്രീയ സഖ്യമുണ്ടാക്കിയതും പിസി ജോർജ്ജിന് കനത്ത തിരിച്ചടിയായി. ജോർജ്ജിൻ്റെ ഏറ്റവും വലിയ വോട്ടുബാങ്കായിരുന്ന ഈരാറ്റുപേട്ട പിസിയെ കൈവിട്ടു. പ്രചാരണ പരിപാടികളിൽ ഈരാറ്റുപേട്ടയിലെ ജനങ്ങൾ ഈ എതിർപ്പ് പലതവണ പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ജനവിധിയും പിസിക്കെതിര്. ഇതോടെ, നാല് പതിറ്റാണ്ട് നീണ്ട സാമാജിക ജീവിതത്തിന് താത്കാലികമായെങ്കിലും തിരശീല വീണിരിക്കുകയാണ്.

'ലാല്‍സലാം’ സഖാക്കളെ സുഹൃത്തുക്കളെ

Author
Sub-Editor

Sabira Muhammed

No description...

You May Also Like