സഹകരണ പ്രസ്ഥാനങ്ങളുടെ വിജയത്തിനാധാരം സാമൂഹിക പ്രതിബദ്ധത: വിദഗ്ധര്‍.

                                                     



സി.ഡി. സുനീഷ്.


 


തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധത, സാങ്കേതിക പുരോഗതി എന്നിവയില്‍ അധിഷ്ഠിതമായ വിജയമാതൃകയാണ് കേരളത്തിന്‍റെ സഹകരണ മേഖലയുടേതെന്ന് സഹകരണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന വിഷയത്തില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡും (എന്‍ഡിഡിബി) മില്‍മയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന സെമിനാറിര്‍ സംസാരിക്കുകയായിരുന്നു അവര്‍.


കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ സാമൂഹ്യപുരോഗതിയ്ക്കുള്ള താക്കോലാണ്. ആധുനിക കാലത്തെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കി പുതുതലമുറയെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാനാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണ വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.


എന്‍ഡിഡിബി, മില്‍മ, ക്ഷീര വികസന വകുപ്പ്, നബാര്‍ഡ്, കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്), എന്‍എസ് സഹകരണ ആശുപത്രി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ സെമിനാറില്‍ സംസാരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയായി. സഹകരണ മേഖലയിലെ നേട്ടങ്ങളും അനുഭവങ്ങളും പങ്കുവച്ച സെമിനാറില്‍ ഭാവി പുരോഗതിയും ചര്‍ച്ചയായി.


ക്ഷീര മേഖല, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങി വിവിധ സഹകരണ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കുക, പരസ്പര സഹകരണത്തിലൂടെയും വിജ്ഞാനകൈമാറ്റത്തിലൂടെയും ക്ഷീരസഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേദിയൊരുക്കുക തുടങ്ങിയവ സെമിനാറിലൂടെ ലക്ഷ്യമിട്ടു.

 

'കേരളത്തിന്‍റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ക്ഷീരസഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയസുജീഷ് ജെ.എസ് സംസാരിച്ചു. കേരളത്തിലെ ക്ഷീര സഹകരണ മേഖലയില്‍ ഓരോ വര്‍ഷവും 10.2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധിക്ക് ക്ഷീര സംഘങ്ങള്‍ നല്‍കിയ സംഭാവന വലുതാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വിലയായി പ്രതിവര്‍ഷം ഏകദേശം 2956 കോടി രൂപ വിതരണം ചെയ്യുന്നു. കേരളത്തിലെ 14 ശതമാനം കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ക്ഷീരമേഖലയാണ്. കാര്‍ഷിക മേഖലയിലെ കേരളത്തിന്‍റെ മൊത്ത സംസ്ഥാന മൂല്യ വര്‍ദ്ധനവിന്‍റെ (ജിഎസ് വിഎ) 26.44 ശതമാനം സംഭാവന ചെയ്യാന്‍ ക്ഷീരമേഖലയ്ക്ക് സാധിക്കുന്നു. സഹകരണ സംഘങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ ഇതിന് പിന്നിലുണ്ട്.


കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധിക്ക് ക്ഷീര സംഘങ്ങള്‍ നല്‍കിയ സംഭാവന വലുതാണ്. കേരളത്തില്‍ പ്രതിദിനം പാല്‍ വിതരണം ചെയ്യുന്ന 1.61 ലക്ഷം ഗ്രാമീണ ക്ഷീര കര്‍ഷകരില്‍ 40 ശതമാനം വനിതകളാണെന്നും ശ്രദ്ധേയം. 3043 അനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘങ്ങളും 279 പരമ്പരാഗത ക്ഷീര സംഘങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്ഷീര മേഖലയിലെ അസ്ഥിര വിപണിക്ക് മാറ്റം വരുത്തുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ കടന്നു കയറ്റം നേരിടുന്നതിനും കൃത്യവരുമാനം ലഭിക്കുന്നതിനും ക്ഷീര സംഘങ്ങളില്‍ കൂടി സാധിക്കുന്നു.


മില്‍ക്ക് ഷെഡ് ഡവലപ്മെന്‍് പ്രോഗ്രാം, ക്ഷീര ഗ്രാമം, ക്ഷീര തീരം, ക്ഷീര ലയം, ഹീഫര്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം  ഇടുക്കി പാക്കേജ്, സ്മാള്‍ ഡയറി ഫാം, തീറ്റപ്പുല്‍ കൃഷി പദ്ധതികള്‍, കര്‍ഷകരുടെ ബാങ്ക് പലിശ സബ്സിഡി നല്‍കുന്ന പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയിലൂടെ മികച്ച നേട്ടം കൈവരിക്കാനായി. പാല്‍ ഉത്പാദനത്തില്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കുറവ് വന്നിട്ടില്ലെന്നത് അഭിമാനകരമാണ്. പാല്‍ ഉത്പാദന ക്ഷമത വര്‍ദ്ധിക്കുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദന ക്ഷമത കൂടിയ ഉരുക്കളെ ലഭ്യമാക്കാനും സാധിക്കണം. പാല്‍ ഉത്പാദന ചെലവിന് അനുസൃതമായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'സമൂഹത്തെ ശാക്തീകരിക്കുന്നതിലും സഹകരണ ആവാസവ്യവസ്ഥ സുദൃഢമാക്കുന്നതിനും സഹകരണ ബാങ്കിംഗ് മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ കേരള ബാങ്ക് ഭരണസമിതി അംഗം ബി. പരമേശ്വരന്‍ പിള്ള സംസാരിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ കരുത്ത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പ എടുത്ത വ്യക്തി രോഗബാധിതനായാലോ മരിച്ചാലോ റിസ്ക് ഫണ്ട് സ്കീം വഴി ധനസഹായം നല്‍കുന്ന ഏക ബാങ്കും കേരള ബാങ്കാണ്. വായ്പാ മേഖലയിലെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ് സഹകരണ ബാങ്കിന്‍റെ ഇത്തരം അഭിമാന പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'പടിപടിയായുള്ള ഭാവി വളര്‍ച്ചയ്ക്ക് കൂട്ടായ തൊഴിലാളി വര്‍ഗശക്തി-യുഎല്‍സിസിഎസ് മാതൃക' എന്ന വിഷയത്തില്‍ യുഎല്‍സിസിഎസ് സിഒഒ കിഷോര്‍കുമാര്‍ ടി.കെ സംസാരിച്ചു. യുഎല്‍സിസിഎസിന്‍റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് തൊഴിലാളികളാണ്. കാലഘട്ടത്തിന്‍റെ മാറ്റമനുസരിച്ച് തൊഴിലാളികള്‍ക്കാവശ്യമായ പിന്തുണയും ക്ഷേമവും ഉറപ്പാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക സാധിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പതിനേഴ് സുസ്ഥിര ഗോളുകളില്‍ പതിനാറും നേടിയെടുക്കാന്‍ സൊസൈറ്റിയ്ക്കായി. യുഎല്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ ടെക്നോളജി സൊല്യൂഷന്‍സ്, കോവളം ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവ യുഎല്‍സിഎസ്എസ് ഏറ്റെടുത്തിരിക്കുന്ന അഭിമാനകരമായ പദ്ധതികളില്‍ ചിലതാണ്. തൊഴില്‍ സൃഷ്ടിക്കുക ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുഎല്‍സിസിഎസിന് യുവതലമുറയ്ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ നല്കാന്‍ സാധിക്കുന്നതിലൂടെ സമൂഹപുരോഗതി ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി വിഭാഗത്തിന്‍റെ സാമ്പത്തികവളര്‍ച്ചയ്ക്കായി കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ നബാര്‍ഡിന് സാധിക്കുന്നുണ്ടെന്ന് നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിക്സി റാഫേല്‍ പറഞ്ഞു. 'നബാര്‍ഡിന്‍റെ സാമ്പത്തിക പിന്തുണയിലൂടെ സഹകരണ മേഖലയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ഷീരകര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും സ്വയംപര്യാപ്തതയിലൂടെ സുസ്ഥിരത കൈവരിക്കാന്‍ സാധിക്കും. സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ തെളിയിച്ചു. കേരള ബാങ്കുമായി സഹകരിച്ച് നിരവധി പദ്ധതികള്‍ നബാര്‍ഡ് നടപ്പാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


'സഹകരണ മേഖലയുടെ സാന്ത്വന സ്പര്‍ശം-സമ്പൂര്‍ണ ആരോഗ്യരക്ഷയുടെ മാതൃക' എന്ന വിഷയത്തില്‍ കൊല്ലം എന്‍എസ് സഹകരണ ആശുപത്രി സെക്രട്ടറി പി. ഷിബു സംസാരിച്ചു.



കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ സഹകരണാശുപത്രികള്‍ ഗണ്യമായ സംഭാവന നല്കുന്നതായി അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് ആശുപത്രികളുമായി കിടപിടിക്കുന്ന വിധത്തില്‍ സഹകരണമേഖലാശുപത്രികള്‍ വളര്‍ന്നു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സയും ഗുണമേന്‍മ  യും ഉറപ്പാക്കാനാകുന്നു. കേരളത്തിലെ ഒന്‍പത് ശതമാനം ജനങ്ങളും സഹകരണാശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത് മികച്ച സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like