അമീബിക് മസ്തിഷ്ക ജ്വരത്തിനു രോഗാണുക്കളെ കണ്ടെത്താൻ മഹാത്മാഗാന്ധി സർവകലാശയിൽ പ്രത്യേക ജലപരിശോധനാ സൗകര്യം ആരംഭിച്ചു


സി.ഡി. സുനീഷ്



അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താൻ മഹാത്മാഗാന്ധി സർവകലാശാല ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ  പ്രത്യേക ജലപരിശോധനാ സൗകര്യം ആരംഭിച്ചു. ജലത്തിലൂടെ പകരുന്ന അമീബിക് രോഗങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ജലസ്രോതസ്സുകളിൽ നിന്നുള്ള രോഗകാരിയായ അമീബകളെ കണ്ടെത്തുന്നതിനുള്ള പരിശോധനാ സൗകര്യമാണിവിടെ ആരംഭിച്ചത്.


പ്രധാനമായും അമീബിക്ക് മസ്തിഷ്ക്കജ്വരത്തിനു കാരണമാകുന്ന Naegleria fowleri, Acanthamoeba spp., Balamuthia mandrillaris തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിയാനാണ് ഈ പരിശോധനാ സൗകര്യം. കോവിഡ് മഹാമാരിയുടെ സമയത്ത് നാല് ലക്ഷത്തിൽ പരം കോവിഡ് പരിശോധനകൾ നടത്തി, രോഗനിർണയ രംഗത്ത് ഐ യു സി ബി ആർ ഇതിനു മുമ്പും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.


മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ, ഐ യു സി ബി ആർ ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഇ. കെ, ശാസ്ത്രജ്ഞരായ ഡോ. ഗൗതം ചന്ദ്ര, ഡോ. രാജേഷ് എ. ഷെണോയി എന്നിവരുടെ നേതൃത്വത്തിൽ നിഷാദ് കീത്തേടത്ത്, ആനന്ദ് കൃഷ്ണൻ, സകീന അസ്മി, നീതു പി, അശ്വതി എസ് എന്നീ ഗവേഷകരാണ് പരിശോധനാ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. 


വീടുകളിൽ വെച്ച് തന്നെ സാധാരണക്കാർക്ക് രോഗകാരിയായ അമീബകൾ തങ്ങളുടെ ജലസ്രോതസ്സുകളിൽ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്ന കിറ്റ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. വീടുകളിൽ തന്നെ രോഗകാരിയായ അമീബകളെ നേരത്തെ കണ്ടെത്താൻ കഴിയുന്നത് ജലസുരക്ഷ ഉറപ്പാക്കാനും ആരോഗ്യഭീഷണി കുറയ്ക്കാനും സഹായിക്കും. ഇതുവഴി ലബോറട്ടറി പരിശോധനകളെയും പൊതുജനാരോഗ്യത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണിതിൽ ചെയ്യുന്നത്.  


ശാസ്ത്രീയ നവീകരണത്തിനും, പൊതുജനാരോഗ്യ സംരക്ഷണത്തിനും, ട്രാൻസ്ലേഷണൽ ഗവേഷണത്തിനുമുള്ള 

ഐ യു സി ബി ആറിൻ്റെ പ്രതിബദ്ധത പ്രതിഫലിക്കുന്ന പദ്ധതിയാണിത്. വീടുകളിൽ വെച്ചു തന്നെ വെള്ളം ടെസ്റ്റ്‌ ചെയ്യാനുള്ള കിറ്റിന്റെ വിനിയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പങ്കുവെക്കും. 


സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങൾ വളരെ ഏറ്റവും പ്രശംസനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like