മസ്തിഷ്കമരണ നിർണയത്തിൽ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകി കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയ പരിശീലനം ശ്രദ്ധേയമായി
- Posted on September 21, 2025
- News
- By Goutham prakash
- 13 Views

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ശാസ്ത്രീയവശങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി മസ്തിഷ്ക മരണംനിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) പ്രത്യേക പരിശീലനം നൽകി. ഡൽഹി എയിംസിലെ പ്രൊഫസറും പ്രമുഖ ന്യൂറോ സർജനുമായ ഡോ. ദീപക് കുമാർ ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനുള്ള ശാസ്ത്രീയവും നിയമപരവുമായ നടപടിക്രമങ്ങൾക്കൊപ്പം, രോഗിയുടെ കുടുംബാംഗങ്ങളുമായി എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താം എന്നതിലും ഊന്നൽ നൽകി. ഐ.സി.യുകളിൽ മസ്തിഷ്കമരണം കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിയമപരമായി സർട്ടിഫൈ ചെയ്യാനും ഡോക്ടർമാരെ പ്രാപ്തരാക്കുന്നതിനുള്ള ഉദാഹരണങ്ങൾ സഹിതമുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു.
മെഡിക്കൽ ലീഗൽ ഡോക്യുമെന്റേഷൻ സംബന്ധിച്ച് കേരള ഹൈക്കോടതി അഭിഭാഷകനും കെ-സോട്ടോയുടെ നിയമ ഉപദേഷ്ടാവുമായ അഡ്വ. വി. അജിത് ജോയ് ഡോക്ടർമാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിച്ചു. മസ്തിഷ്ക മരണനിർണയത്തിലെ പ്രധാന ഘട്ടമായ അപ്നിയ പരിശോധന എങ്ങനെ നിർവഹിക്കണമെന്നതിനെക്കുറിച്ച് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ പ്രൊഫസറും മേധാവിയുമായ ഡോ. അനിൽ സത്യദാസ് വിശദീകരിച്ചു.
കൂടാതെ, മസ്തിഷ്കമരണം നിർണയിക്കുന്നതിനുള്ള പ്രധാന പടിയായ ബ്രെയിൻ സ്റ്റെം റിഫ്ലെക്സുകളുടെ പരിശോധനയെക്കുറിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോ സർജറി മേധാവിയായ പ്രൊഫ. ഡോ. എച്ച്.വി. ഈശ്വർ ക്ലാസെടുത്തു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട അവശ്യ സാഹചര്യങ്ങൾ, ശരിയായ രോഗനിർണയത്തിനുള്ള മാനദണ്ഡങ്ങൾ, രോഗിയുടെ അവസ്ഥയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ എന്നിവയെക്കുറിച്ച് ശ്രീചിത്രയിലെ ന്യൂറോ അനസ്തേഷ്യ അഡീഷണൽ പ്രൊഫസറായ ഡോ. അജയ് പ്രസാദ് ഹൃഷി സംസാരിച്ചു. കെ -സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. എസ് നോബിൾ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും സംസാരിച്ചു.
കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയ അവതരണം ശ്രദ്ധേയമായി
മസ്തിഷ്കമരണം നിർണ്ണയിക്കുന്ന പ്രക്രിയയിലെ ഏറ്റവും നിർണ്ണായക ഘട്ടങ്ങളിലൊന്നാണ് രോഗിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത്. ഈ വൈകാരിക സാഹചര്യത്തെ ഡോക്ടർമാർ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള സിമുലേഷൻ അവതരണം കെ-സോട്ടോയുടെ ശിൽപശാലയിൽ ശ്രദ്ധേയമായി. കിംസ്ഹെൽത്ത് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. ദീപ ദാസ്, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അജ്മൽ അബ്ദുൾ ഖരീമും ചേർന്നാണ് ഈ മാതൃകാപരമായ അവതരണം നടത്തിയത്.
ഈ വൈകാരിക സാഹചര്യത്തിൽ ഡോക്ടർമാർ പാലിക്കേണ്ട സൂക്ഷ്മമായ ഘട്ടങ്ങൾ അവതരണം വിശദീകരിച്ചു. രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് ലളിതവും വ്യക്തവുമായ ഭാഷയിൽ എങ്ങനെ പറയാം, രോഗിയുടെ അവസ്ഥയെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ എങ്ങനെ ഉത്തരം നൽകാം, കുടുംബത്തിന്റെ ദുഃഖത്തെ എങ്ങനെ മാനിക്കാം തുടങ്ങിയ കാര്യങ്ങളിൽ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകി.
രോഗിയുടെ ജീവൻ രക്ഷിക്കാൻ ഇനിയും സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ മൃദുവായി അവയവദാനമെന്ന വിഷയത്തിലേക്ക് എങ്ങനെ കടക്കാം എന്നതും സിമുലേഷൻ അവതരണം വിശദീകരിച്ചു. മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന സന്ദേശം കുടുംബാംഗങ്ങൾക്ക് മാനസികമായി സ്വീകരിക്കാൻ പാകത്തിൽ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ശില്പശാല ചർച്ച ചെയ്തു.