വന്യജീവികളെ കൂട്ടിലടക്കാതെ കാണാം! കോഴിക്കോട് മാതൃകാ ബയോളജിക്കൽ പാർക്ക് വരുന്നു; അനിമൽ ഹോസ്പൈസ് സെന്ററിന് തറക്കല്ലിട്ടു.



സ്വന്തം ലേഖിക.


കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്. വനം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബയോളജിക്കൽ പാർക്കിൻ്റെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമൽ ഹോസ്പൈസ് സെന്ററിന്റെ തറക്കല്ലിടലും പെരുവണ്ണാമൂഴിയിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.


വന്യജീവികൾക്കും ജനങ്ങൾക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്. വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസർച്ച് സെൻ്റർ എന്ന നിലയിലേക്ക് കൂടിയാണ് പദ്ധതി ഉയരുക. വനത്തെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിച്ചുകൊണ്ട് മാത്രമേ വനം വകുപ്പിന് അതിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.


പരിക്കേറ്റ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കേന്ദ്രമാണ് അനിമൽ ഹോസ്പൈസ് സെൻ്റർ. ബയോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ട പ്രവൃത്തികൾക്ക് 13.944 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കോഴിക്കോട് വനം ഡിവിഷന് കീഴിൽ പേരാമ്പ്ര പെരുവണ്ണാമൂഴി റേഞ്ചിലെ മുതുകാടിൽ 120 ഹെക്ടർ വനഭൂമിയാണ് പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്.


ചടങ്ങിൽ ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. അനിമൽ ഹോസ്പൈസ് സെന്റർ പദ്ധതി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജെ ജസ്റ്റിൻ മോഹനും ബയോളജിക്കൽ പാർക്ക് പദ്ധതി സ്പെഷ്യൽ ഓഫീസർ കെ കെ സുനിൽ കുമാറും വിശദീകരിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു വത്സൻ, ഇ എം ശ്രീജിത്ത്, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി എൻ അഞ്ജൻ കുമാർ, സോഷ്യൽ ഫോറസ്ട്രി നോർത്തേൺ ഫോറസ്റ്റ് റീജ്യൺ കൺസർവേറ്റർ ആർ കീർത്തി, ഡി.എഫ്.ഒ യു ആഷിക് അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like