ഏകീകൃത ശൈലി നിലവിൽ വന്നു പാഠപുസ്തകം, മത്സരപ്പരീക്ഷ പുതിയ ലിപിയിലേക്ക്
പിഎസ്‌സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷംമുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കും.

പിഎസ്‌സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷംമുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കും. ഏകീകൃത എഴുത്ത് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാമാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’ ശൈലീപുസ്തകം സർക്കാർ അംഗീകരിച്ചു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും നിയമഗ്രന്ഥങ്ങളിലും ഔദ്യോഗിക രേഖകളിലും ഏകീകൃത ശൈലി നടപ്പാക്കും. മാധ്യമങ്ങളിലും ഈ ശൈലി വേണമെന്നും സർക്കാർ നിർദേശിച്ചു.
എഴുത്തിലും അച്ചടിയിലും പലതരത്തിലാണ് ഇപ്പോൾ മലയാളഭാഷ ഉപയോഗിച്ചുവരുന്നത്. വളരുന്ന ഭാഷയ്ക്ക് ഈ രീതി ആശാസ്യമല്ല. ഈ ദുസ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാണ് മാനകഭാഷ ഉണ്ടാക്കിയതെന്ന് വിദഗ്ധസമിതി അധ്യക്ഷൻ കൂടിയായ ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു.
ഏകീകൃതഭാഷയിലൂടെ മാത്രമേ ഭാഷ പുരോഗമിക്കൂവെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
1971 ൽ നിലവിൽ വന്ന പരിഷ്കരണത്തിൽ അച്ചടിയുടെ സൗകര്യത്തിനുവേണ്ടി ലിപികളുടെ എണ്ണം കുറച്ച്, ഉപചിഹ്നങ്ങൾ വേർതിരിച്ചിരുന്നു. അതുമൂലം അച്ചടിയിലും എഴുത്തിലും വെവ്വേറെ ശൈലി വന്നു. എന്നാൽ ഇന്ന് ഏത് ലിപിയും അച്ചടിക്കാൻ തടസ്സമില്ലാത്ത വിധം സാങ്കേതിക വിദ്യ വളർന്നു. യുണികോഡ് വ്യവസ്ഥയും അതിന് സഹായകമാണ്. അച്ചടി–-എഴുത്ത് ശൈലികൾ സമാനമാക്കുന്നതിന്റെ ഭാഗമായി ബഹുഭൂരിപക്ഷം വാക്കുകളിലും പഴയ ലിപിയിൽ ഉപയോഗിച്ചിരുന്ന രീതി പുനരാവിഷ്കരിക്കുകയാണ്. ഉപചിഹ്നങ്ങൾ പരമാവധി ചേർത്തെഴുതുന്നതാണ് പ്രധാന പരിഷ്കാരം.പുതിയ ലിപിയും അതുപ്രകാരമുള്ള ഫോണ്ടുകളും സർക്കാർ വെബ്‌സൈറ്റിൽ ( www.kerala.gov.in/malayalamfont ) ലഭ്യമാണ്. മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളാണ് ലഭ്യമാകുക. ശൈലീപുസ്തകവും ഫോണ്ടുകളും സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്താവുന്ന വിധമാണ് ശൈലി രൂപീകരിച്ചിട്ടുള്ളത്. ഡോ. ടി ബി വേണുഗോപാലപ്പണിക്കർ, ഡോ. ചാത്തനാത്ത് അച്ച്യുതനുണ്ണി, ഡോ. പി സോമൻ, ഡോ. വി ആർ പ്രബോധചന്ദ്രൻനായർ, പ്രൊഫ. വി മധുസൂദനൻനായർ, ഡോ. അനിൽ വള്ളത്തോൾ, ചാക്കോ പൊരിയത്ത്, ഡോ. എൻ പി ഉണ്ണി, ഡോ. എസ് രാജശേഖരൻ, ഡോ. കെ കെ ശിവദാസ്, എൻ ജയകൃഷ്ണൻ എന്നിവരടങ്ങിയതാണ് വിദഗ്ധസമിതി.