കടൽ കടന്ന രക്ത ദാനം
ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കള്‍ തിരിച്ചെത്തി.

ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കള്‍ തിരിച്ചെത്തി.
ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് അപൂര്‍വ്വ ഗ്രൂപ്പിലുള്ള രക്തം ആവശ്യമായി വന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ബി ഡി കെയുടെ ബോംബെ ഗ്രൂപ്പ് കോര്‍ഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സി കെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റര്‍ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പില്‍ വിവരം അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഫാറൂഖ് തൃശ്ശൂര്‍ തുടങ്ങിയവര്‍ ഉടനെ തന്നെ സന്നദ്ധരായി മുന്നോട്ട് വരികയാണുണ്ടായത്.
ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകള്‍ക്ക് ശേഷം സൗദി ബാലന്റെ ശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിര്‍വ്വഹിച്ചതിന് ശേഷം ഉംറ കര്‍മവും നിര്‍വ്വഹിച്ചാണ് ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുക എന്ന ദൗത്യമായതിനാല്‍ കാര്യമായ യാത്രയയപ്പ് ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ രക്തം ദാനം ചെയ്ത് തിരിച്ചെത്തിയപ്പോള്‍ നാല് പേര്‍ക്കും ബോംബെ ഗ്രൂപ്പ് കോര്‍ഡിനേറ്ററും ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സി കെ വളാഞ്ചേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി സനല്‍ ലാല്‍ കാസര്‍കോഡ്, ട്രഷറര്‍ സക്കീര്‍ ഹുസൈന്‍ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുകയായിരുന്നു.
എന്തായാലും സൗദിയിലെ ആ നാലുവയസുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്ബോള്‍ തന്‍റെ ശരീരത്തില്‍ ഒഴുകുന്ന രക്തം മലയാളിയുടേതുമാണെന്ന് അവന്‍ തിരിച്ചറിയാതിരിക്കില്ലെന്നാണ് ബ്ലഡ് ഡോണേഴ്സ് ഫോറം ഭാരവാഹികള്‍ പറയുന്നത്. ശസ്ത്രക്രിയക്കുശേഷം സൗദി ബാലന്‍ സുഖംപ്രാപിച്ചുവരികയാണ്. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും രക്തദാനം ഇനിയും തുടരുമെന്നും രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഫാറൂഖ് തൃശ്ശൂര്‍ എന്നിവര്‍ പറയുന്നു.