ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗത്തില്‍ മൈക്ര എ.വി ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അഞ്ചല്‍ സ്വദേശിയായ 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


മൈക്ര ലീഡ്‌ലെസ് പേസ്‌മേക്കര്‍ എന്നത് ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കുന്ന വിപ്ലവകരമായ ഒരു ഉപകരണമാണ്. ഇത് പേസ്‌മേക്കര്‍ ലീഡുകളുടെ ആവശ്യകത ഒഴിവാക്കുകയും സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നൂതന സാങ്കേതികവിദ്യ രോഗികളുടെ മികച്ച ഫലങ്ങളും ജീവിത നിലവാരവും ഉറപ്പാക്കുന്നു. ഈ ചികിത്സ വഴി ഹൃദയമിടിപ്പ് കുറയാതെ ഇരിക്കുന്നതിനും ഹൃദയത്തിന്റെ താളം തെറ്റല്‍ ക്രമീകരിക്കുന്നതിനും സാധിക്കുന്നു. സങ്കീര്‍ണതകള്‍ കുറയ്ക്കല്‍, കുറഞ്ഞ മുറിപ്പാടുകള്‍, രോഗിയുടെ മെച്ചപ്പെട്ട ശാരീരികാവസ്ഥ വീണ്ടെടുക്കല്‍ എന്നിവയുടെ സഹായത്തിന് ഉതകുന്നതാണ് ഈ അത്യാധുനിക ചികിത്സാ രീതി.


മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. മാത്യു ഐപ്പ്, പ്രൊഫ. സിബു മാത്യു, പ്രൊഫ. കൃഷ്ണകുമാര്‍ ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊസീജിയര്‍ നടത്തിയത്. പേസ്‌മേക്കര്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. അരുണ്‍ ഗോപിയുടെ മാര്‍ഗനിര്‍ദേശത്തിലും വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളായ പ്രൊഫ. സുരേഷ് മാധവന്‍, പ്രൊഫ. പ്രവീണ്‍ വേലപ്പന്‍, ഡോ. ലയസ് മുഹമ്മദ്, നഴ്‌സിംഗ് ഓഫീസര്‍മാരായ രാജലക്ഷ്മി, സൂസന്‍, ജാന്‍സി, ടെക്‌നിഷ്യന്‍മാരായ പ്രജീഷ്, കിഷോര്‍, അസിംഷ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ഏകോപിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like