ജിടെക് കേരള മാരത്തണ്‍ ഫെബ്രുവരി 9 ന്

തിരുവനന്തപുരം: ജിടെക് കേരള മാരത്തണിന്‍റെ മൂന്നാം പതിപ്പ് 2025 ഫെബ്രുവരി 9 ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനത്തെ 250 ലധികം വരുന്ന ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണായ ഇതില്‍ 7500 പേര്‍ പങ്കെടുക്കും.


ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ മാരത്തണില്‍ ഒരുമിച്ച് കൊണ്ടുവരും. സംസ്ഥാനത്തെ പ്രമുഖ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ മാരത്തണിന്‍റെ ഭാഗമാകും. ഇതില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക്  www.gtechmarathon.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.



പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹാഫ് മാരത്തണ്‍ (21 കി.മീ.), 10 കി.മീ, ഫണ്‍ റണ്‍ (3 കി.മീ - 5 കി.മീ) എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ 'ഡ്രഗ്സ് ഫ്രീ കേരള' കാമ്പയിന് പൂരകമാണിത്.


 

ജിടെക് കേരള മാരത്തണ്‍ 2025 ന്‍റെ ഔദ്യോഗിക ലോഗോ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്‍  ഇന്ന്  പ്രകാശനം ചെയ്തു. ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളിലുള്ള ജിടെക്കിന്‍റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരു പൊതുലക്ഷ്യം മുന്നില്‍ക്കണ്ട് ഒരു ലക്ഷത്തിലധികം വരുന്ന കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ ഒത്തുചേരലാണ് ഇതെന്ന് ജിടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ് പറഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ  ഉത്തരവാദിത്തമുള്ള ഒരു സമൂഹമെന്ന നിലയില്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് മാരത്തണ്‍. കേരളത്തെ ലഹരി വിമുക്തമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവന്‍ ഐടി പാര്‍ക്കുകളിലും ജനകേന്ദ്രീകൃത ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐടിഇഎന്‍ റണ്ണിംഗ് ക്ലബ്ബുമായും എന്‍ബിഎഫ് അക്കാദമിയുമായും സഹകരിച്ചു ജിടെക് പരിശീലനം നല്കും. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കാണ് മാരത്തണിന്‍റെ മുഖ്യസ്പോണ്‍സര്‍മാർ.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like