'ലഹരിവിമുക്ത ബാല്യം' ത്രിദിന ആഗോള സമ്മേളനം തിരുവനന്തപുരത്ത്

'ലഹരിവിമുക്ത ബാല്യം' ത്രിദിന ആഗോള സമ്മേളനം തിരുവനന്തപുരത്ത്.നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനത്തില്‍ ആഗോള വിദഗ്ധര്‍ പങ്കെടുക്കും

തിരുവനന്തപുരം: ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍ നവംബര്‍ 16 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ലഹരിവിപത്തിനെതിരെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കും. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും.

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് സമ്മേളനം  സംഘടിപ്പിക്കുന്നത്. ലഹരിവിമുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ 'പ്രോജക്റ്റ്-വേണ്ട'യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം 'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്നതാണ്.

ഡബ്ല്യുഎഫ്എഡി അന്താരാഷ്ട്ര പ്രസിഡന്‍റ് ആമി റോണ്‍ഷൗസെന്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വിദഗ്ധര്‍, യുവജന നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാധിക ചക്രവര്‍ത്തി, ഇന്‍ഫോസിസ് മുന്‍ സിഇഒയും ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്-ഇന്ത്യയുടെ സ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിക്കും.

കുട്ടികള്‍ക്കിടയിലെ മയക്കുമരുന്നിന്‍റെ ദുരുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.സി. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ഉന്നത വിദഗ്ധരെയും, സിവില്‍ സൊസൈറ്റി സംഘടനകള്‍, ആഗോള സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കുട്ടികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ അന്വേഷിക്കാനും സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാവുന്ന നയപരിപാടികള്‍ നിര്‍ദേശിക്കാനും സമ്മേളനം അവസരമൊരുക്കും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ സര്‍ക്കാര്‍ തലത്തിലുള്ള ബോധവല്‍ക്കരണ യജ്ഞത്തിലൂടെയും മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയും സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സ്വരൂപ് ബി.ആര്‍., കാറ്റലിസ്റ്റ് രോഹിത് ചേലാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ ഡ്രഗ് നയത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുക, യുഎന്‍ ജനറല്‍ അസംബ്ലി പ്രത്യേക സെഷനിലെ (യുഎന്‍ജിഎഎസ്എസ്, 2016) ശുപാര്‍ശകള്‍ സ്വദേശിവല്‍ക്കരിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അവകാശങ്ങള്‍ക്കായി വാദിക്കാന്‍ യുവാക്കളെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വിഷയങ്ങളും, കുട്ടികളുടെ അവകാശങ്ങള്‍, പുനരധിവാസം, സാമൂഹിക ഐക്യം, കുട്ടികളുമായി പ്രവര്‍ത്തിക്കുന്നതില്‍ കുടുംബത്തിന്‍റെയും സ്കൂളിന്‍റെയും പങ്ക് എന്നിവയും ചര്‍ച്ചയാകും. ലഹരിവിമുക്ത ബാല്യത്തിലേക്കുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രായോഗികവും പ്രാദേശികവുമായ പരിഹാരങ്ങള്‍ സുഗമമാക്കുന്നതിനായി സമ്മേളനാംഗങ്ങള്‍ പ്രവര്‍ത്തിക്കും.

ലോക ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും മയക്കുമരുന്ന് ഉപയോഗത്തില്‍ 11% വര്‍ധനവ് ഉണ്ടാകും. ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലായിരിക്കും കൂടുതല്‍ പ്രകടമാകുക. ആകെ വര്‍ധനവിന്‍റെ 40% ഉം ഈ രാജ്യങ്ങളിലായിരിക്കും. യുണൈറ്റഡ് നാഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്സ് ഓഫ് ദി ചൈല്‍ഡിന്‍റെ (യുഎന്‍സിആര്‍സി) ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച് മയക്കുമരുന്നുകളുടെയും ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് ശരിയായി നടപ്പാക്കാനും ജനങ്ങളില്‍ അവബോധമുണ്ടാക്കാനും സാധിച്ചിട്ടില്ല.

11-14 വയസ്സിനിടയിലുള്ള കുട്ടികള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന് ഇരയാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയില്‍ 10-19 വയസ്സിനിടയിലുള്ള 253 ദശലക്ഷം കുട്ടികള്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് ഇരയാകുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, കേരളത്തില്‍ മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കേസുകളില്‍ 125% ന്‍റെ ഭയാനകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടും വ്യാപകമായി പ്രചരിക്കുന്ന ഹൈബ്രിഡ് ലാബ്-ബ്രെഡ് മരുന്നുകളുടെ പ്രചാരണം ആശങ്കയ്ക്ക് ഒരു പ്രധാന കാരണമാണ്.

ഒപിയോയിഡ് ഉപയോക്താക്കള്‍ 2 ദശലക്ഷത്തില്‍ നിന്ന് 22 ദശലക്ഷമായി ഉയര്‍ന്നു. ഒപിയോയിഡുകള്‍ക്ക് പകരം ഏറ്റവും സാധാരണയായി ദുരുപയോഗം ചെയ്യപ്പെടുന്ന ഇനമായി ഹെറോയിന്‍ മാറുകയും ചെയ്തു. കൂടാതെ സിന്തറ്റിക് മയക്കുമരുന്നുകളുടെയും കൊക്കെയ്നിന്‍റെയും വ്യാപകമായ ഉപയോഗവുമുണ്ട്.

യുവാക്കളിലെ ലഹരി ഉപയോഗത്തിന്‍റെ ആഗോള പ്രവണത ഇന്ത്യയുടെ അതേ പാതയിലാണെന്ന് 2020 ലെ ലോക ഡ്രഗ് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തില്‍ 192 ദശലക്ഷം കഞ്ചാവ് ഉപയോക്താക്കളും, 27 ദശലക്ഷം ഉത്തേജകമരുന്ന് ഉപയോക്താക്കളും കുറിപ്പടി ഉത്തേജകങ്ങള്‍ ഉപയോഗിക്കുന്നവരും, 58 ദശലക്ഷം ഒപിയോയിഡ് ഉപയോക്താക്കളും, 21 ദശലക്ഷം എക്സ്റ്റസി ഉപയോക്താക്കളും, 19 ദശലക്ഷം കൊക്കെയ്ന്‍ ഉപയോക്താക്കളും ഉണ്ട്.

1985 ല്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഇന്ത്യ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) നടപ്പാക്കിയെങ്കിലും ലഹരിവസ്തുക്കളുടെ ദുരുപയോഗം കുട്ടികള്‍ നേരിടുന്ന പ്രധാന ഭീഷണിയായി തുടരുന്നു.

2016 ലെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രത്യേക സെഷന്‍ മയക്കുമരുന്ന് പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതിന്‍റെയും മയക്കുമരുന്ന് വിമുക്ത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ആവശ്യകത അംഗീകരിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഭീകരമാണ്. രണ്ട് ദശലക്ഷത്തിലധികം കുട്ടികള്‍ ശരിയായ പാര്‍പ്പിടമില്ലാതെ തെരുവില്‍ കഴിയുന്നു. മയക്കുമരുന്ന് ദുരുപയോഗം ബാധിച്ച കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ശരിയായ പരിചരണം ആവശ്യപ്പെടുന്നവരാണ്. നിയമപ്രശ്നങ്ങളുള്ളതിനാല്‍ യുഎന്‍സിആര്‍സിയുടെ ആര്‍ട്ടിക്കിള്‍ 33 നല്‍കുന്ന പരിരക്ഷ ലഭിക്കാന്‍ പലപ്പോഴും ലഭിക്കുന്നില്ല.

ലഹരി ഉപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്കുള്ള മാനസിക പരിചരണവും ചികിത്സയും അപര്യാപ്തമാണ്. 54% ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ മതിയായ പരിശീലനം ലഭിച്ചവരില്ല. നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 5% പേര്‍ക്ക് മാത്രമാണ് കിടത്തിച്ചികിത്സ ലഭിക്കുന്നതെന്ന് നാഷണല്‍ മെന്‍റല്‍ ഹെല്‍ത്ത് സര്‍വേ പറയുന്നു.

report : CV SHIBU 

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like