പുഷ്കർ മേളയിലെത്തിച്ച കോടിയുടെ ഭീമൻ പോത്ത് ചത്തു;
- Posted on November 04, 2025
 - News
 - By Goutham prakash
 - 25 Views
 
                                                    ഇൻഷുറൻസിനായി കൊന്നതെന്ന് ആരോപണം
രാജസ്ഥാനിലെ നടക്കുന്ന പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്തിന് ദാരുണാന്ത്യം. വെള്ളിയാഴ്‌ച പെട്ടന്ന് ആരോഗ്യ നില മോശമായതോടെയാണ് 21 കോടിയിലേറെ വില വരുന്ന പോത്ത് ചത്തത്. നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
വലിയ വിലയുള്ള പോത്തായിരുന്നതിനാൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് പോത്തിനെ പുഷ്കർ മേളയിലെത്തിച്ചത്. പോത്തിൻ്റെ ആരോഗ്യ നില മോശമായെന്ന് അറിഞ്ഞ് വെറ്റിനറി വിദഗ്‌ധർ അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അമിതഭാരമുള്ള പോത്തിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വരികയായിരുന്നു. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയാണ് പുഷ്കറിൽ നടക്കുന്നത്. മേളയിൽ ദിവസവും ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഈ പോത്ത്. അനാവശ്യമായ ഹോർമോണുകളും ആൻറി ബയോട്ടിക്കുകളും ഗ്രോത്ത് ഹോർമോണുകളുമാണ് പോത്തിന്റെ അകാല മരണത്തിന് കാരണമായതെന്നാണ് വ്യാപകമാവുന്ന വിമർശനം. ബിസിനസ് എന്ന പേരിൽ മൃഗത്തിനോട് ക്രൂരത കാണിക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം. പോത്തിന്റെ ആരോഗ്യം പെട്ടന്ന് മോശമായെന്നാണ് അധികൃതർ വിശദമാക്കുന്നത്.
ഏകദേശം 1500 കിലോയിലധികമാണ് ഈ പോത്തിന്റെ ഭാരം. 21 കോടി രൂപയാണ് ഈ പോത്തിന്റെ വിലയായി നിശ്ചയിച്ചിരുന്നത്.
ഏകദേശം 1,83,000 ആളുകളാണ് ഈ വൈറൽ പോത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടത്.
