50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; പകുതിയോളം ജീവനക്കാരെ സ്ഥലം മാറ്റും

സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള ജീവനക്കാരുടെയും എതിര്‍പ്പിനൊപ്പം രാഷ്ട്രീയ സമ്മര്‍ദ്ദവും മറികടന്നാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്

രണ്ടാഴ്ചക്കുള്ളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. അദാനി ഗ്രൂപ്പിനായിരിക്കും ഒക്ടോബര്‍ 14ാം തീയതി മുതല്‍ വിമാനത്താവള നടത്തിപ്പ് അവകാശം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് നിലവിലെ പകുതിയോളം ജീവനക്കാരെ സ്ഥലം മാറ്റും.ബാക്കിയുള്ളവർ തിരുവനന്തപുരത്ത് തുടരും. എന്നാൽ ആക്ഷന്‍ കൗണ്‍സില്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.

അടുത്ത 50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം അദാനി ഗ്രൂപ്പിന് ലഭിച്ചത്. എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യയും   അദാനി ഗ്രൂപ്പും  ഇതു സംബന്ധിച്ച കരാറില്‍ ഇക്കഴിഞ്ഞ ജനുവരി 19ന്  ഒപ്പുവച്ചിരുന്നു. ആറ് മാസത്തിനകം  കരാർ പ്രകാരം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും സംസ്ഥാന സര്‍ക്കാരിന്‍റെ നിയമ നടപടിയും കാരണം ഏറ്റെടുക്കൽ വൈകുകയായിരുന്നു.

വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍  നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. കൈമാറ്റം സ്ഥിരീകരിച്ചും പൂര്‍ണ സജ്ജമാകുന്നതുവരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി.

സംസ്ഥാന സര്‍ക്കാര്‍  സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റിൽ ഒപ്പ് വെച്ചിട്ടില്ലെങ്കിലും പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്ന് വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് ഡപ്യൂട്ടേഷനില്‍ ഏറ്റെടുക്കും. 60 ശതമാനം ജീവനക്കാരെ മാത്രം നിലനിര്‍ത്തും. ബാക്കിയുള്ള ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള ജീവനക്കാരുടെയും എതിര്‍പ്പിനൊപ്പം രാഷ്ട്രീയ സമ്മര്‍ദ്ദവും മറികടന്നാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 2.85 കോടി രൂപയിൽ നിന്ന് 3.07 കോടിയായി ഉയർന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like