വർഷങ്ങളായി ഒടുക്കി വരുന്ന ഭൂനികുതി തുടർന്നും സ്വീകരിക്കണം : മനുഷ്യാവകാശ കമ്മീഷൻ
- Posted on September 25, 2025
- News
- By Goutham prakash
- 45 Views

തിരുവനന്തപുരം : വർഷങ്ങളായി നികുതി ഒടുക്കി വരുന്ന 23 സെന്റ് ഭൂമിക്ക് തുടർന്നും നികുതി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 23 സെന്റിന് പകരം 19 സെന്റ് മാത്രമാണ് നിലവിലുള്ളതെന്നും 19 സെന്റിന്റെ കരം മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന വാദം ന്യായവിരുദ്ധമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കേരള ഭൂനികുതി നിയമപ്രകാരം കൈവശത്തിലുള്ളതും ഉടമസ്ഥതതയിലുള്ളതും വർഷങ്ങളായി നികുതി സ്വീകരിച്ചുവരുന്നതുമായ ഭൂമിക്ക് തുടർനികുതി സ്വീകരിക്കാതിരിക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. കേരള ഭൂനികുതി നിയമത്തിലെ വകുപ്പ് 3(3)(d) ക്ക് വിരുദ്ധമാണ് ഈ നടപടി. വർഷങ്ങളായി നികുതി ഒടുക്കി വരുന്ന ഭൂമിക്ക് തുടർന്നുള്ള നികുതി സ്വീകരിക്കേണ്ടതാണെന്ന് സുപ്രീം കോടതിയും കേരള ഹൈക്കോടതിയും നിരവധി തവണ ഉത്തരവിട്ടിട്ടുണ്ട്.
നികുതി സ്വീകരിക്കുന്നത് സർക്കാരിന്റെ വരുമാനമാർഗം മാത്രമാണെന്നും കരം തീർപ്പ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്ന രേഖയല്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
23 സെന്റിന് തുടർന്നും നികുതി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികൾ 6 ആഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.കരം ഒടുക്കാൻ ചെന്നപ്പോൾ 23 സെന്റിന് പകരം 19 സെന്റിന് മാത്രമാണ് കരം ഈടാക്കിയതെന്നാരോപിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. ഭൂമിയുടെ റീസർവേ നടത്താമെന്നാണ് ഇതുസംബന്ധിച്ച് തഹസിൽദാർ കമ്മീഷനിൽ നൽകിയ വിശദീകരണം. ചെമ്പഴന്തി സ്വദേശി പി. പ്രദീപൻ സമർപ്പിച്ച പരാതിയിലാണ് നടപടി.