ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട പുതിയ സൈബർ ക്രൈം നിയമങ്ങൾ!!

യു.എ.ഇ യിലെ പുതിയ സൈബർ ക്രൈം നിയമങ്ങൾ


യു.എ.ഇ യിലെ പുതിയ സൈബർ ക്രൈം നിയമങ്ങൾ പ്രവാസികളായ ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്.   പുതിയ സൈബർ  നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില നിയമങ്ങ നോക്കാം 

പുതിയ യു.എ. ഇ സൈബർ ക്രൈം നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ നാം ഏറെ ഗൗരവത്തിലെടുക്കേണ്ട ചില നിയമ വ്യവസ്ഥകൾ തീർച്ചയായും നാം അറിയേണ്ടതുണ്ട്. അത് ഇവിടെ ജീവിക്കുന്ന ഓരോ വിദേശ പൗരൻെറയും ഉത്തരവാദിത്വമാണ്.ഒരു വ്യക്തിയുടെ സ്വകാര്യത  സംരക്ഷിക്കുന്നതും അത് ലംഘിക്കുന്ന ഏതൊരു പെരുമാറ്റങ്ങളെയും ശക്തമായി തടയുന്ന വിധമാണ് ഇവിടെ  നിയമ നിർമ്മാണം നടത്തിയിരിക്കുന്നത്. 

വ്യക്തികൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളുടെ ഓഡിയോ, വീഡിയോ  റിക്കാർഡിംഗ്, വ്യക്തികളുടെ ഫോട്ടോ  എടുക്കുക, ഇവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുക, പരസ്യപ്പെടുത്തുക, മൊബൈൽ ഫോൺ പോലുള്ള സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്റ്റോർ ചെയ്യുക  അവ  വാർത്തകളായോ അഭിപ്രായങ്ങളായോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. അവ സത്യസന്ധമോ ആധികാരികമോ ആണെങ്കിൽ പോലും   കുറ്റമായി കണക്കാക്കും.


ചില നിയമ വകുപ്പുകളും പിഴകളും ശിക്ഷകളും അറിയുക.

1.  ഒരു വ്യക്തിയുടെ സ്ഥാപനത്തിൻെറ ഒരു ഇലക്ട്രോണിക് ഡിവൈസസ് അവരുടെ അനുവാദം കൂടാതെ തുറക്കുന്നത്  100 മുതൽ 300 ദിർഹം വരെ ഫൈനും   ആറു മാസംവരേ ശിക്ഷകിട്ടാവുന്നതുമായ കുറ്റകൃത്യമാണ് . ഇനി ഒരാൾക്ക് ഇത്തരം ഡിവൈസസുകൾ ഉപയോഗിക്കാൻ  ലഭിച്ച പെർമിഷൻ ദുരുപയോഗം ചെയ്താൽ പിഴ 150,000/- ദിർഹം മുതൽ 750,000/- വരേ ആവാം.  

ഇനി ആ ഡിവൈസിലെ ഏതെങ്കിലും വിവരങ്ങൾ ചോർത്തുകയോ, നശിപ്പിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്താൽ ശിക്ഷ 250,000/- ദിർഹം മുതൽ ഒരു മില്ല്യൺ ദിർഹം വരെ പിഴയും ഒരു വർഷം തടവും കിട്ടിയേക്കാം. 

2. സർക്കാർ സംബന്ധമായ ഡാറ്റകൾ ശേഖരിക്കുന്നതിന് വേണ്ടി അല്ലെങ്കിൽ രഹസ്യ സ്വഭാവമുള്ള എന്തെങ്കിലും വിവരങ്ങൾ ചോർത്തുന്നതിന് സർക്കർ വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതും, വിവരങ്ങൾ ചോർത്തുന്നതും 250,000/- ദിർഹം മുതൽ ഒന്നര മില്ല്യൺ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 

3.  ഒരു വ്യക്തിക്ക് ഇലക്ട്രോണിക് മീഡിയ വഴി ലഭിച്ച  മെഡിക്കൽ റെക്കോർഡുകൾ, ക്ളിനിക്കൽ റിപ്പോർട്ടുകൾ, രോഗനിർണയം, ചികിത്സാ വിവരങ്ങൾ  തുടങ്ങിയവയിൽ കൃതൃമം കാണിക്കുന്നതും പരസ്യപ്പെടുത്തുന്നതും, നശിപ്പിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

 3. ഇലക്ട്രോണിക് കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകൾ;  രഹസ്യ കോഡുകൾ;  അവ സംബന്ധിച്ച വ്യാജരേഖ ചമയ്ക്കൽ

 ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഇലക്ട്രോണിക് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളുടെ വിശദാംശങ്ങൾ എന്നിവ നിയമവിരുദ്ധമായി ആക്‌സസ് ചെയ്യുന്ന ഏതൊരു വ്യക്തിക്കും  ആറുമാസത്തിൽ കുറയാത്ത തടവും കൂടാതെ അല്ലെങ്കിൽ 200,000/- ദിർഹത്തിൽ കുറയാത്ത എന്നാൽ 1,000,000/-ൽ കവിയാത്ത പിഴയും ലഭിച്ചേക്കാം.

4.  അനുമതിയില്ലാതെ ഒരു വ്യക്തിക്ക് ലഭിച്ച പാസ് വേർഡ് യൂസർ നെയിം  തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതും  ഏതെങ്കിലും ഇലക്ട്രോണിക് സൈറ്റിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്നതും  തടവു കൂടാതെ 200,000/- ദിർഹത്തിൽ കുറയാത്ത എന്നാൽ 500,000/- ദിർഹത്തിൽ കവിയാത്ത പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

 5. ഒരു ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മറ്റേതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് രീതി എന്നിവ വ്യാജമായി നിർമ്മിക്കുന്നതും, പകർത്തുന്നതും  അത്തരം ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതും  പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നതും ജയിൽവാസംവും 500,000/- ദിർഹമിൽ  കുറയാത്തതും എന്നാൽ 2,000,000/- കവിയാത്തതുമായ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

 6. ഇലക്ട്രോണിക് മീഡിയ വഴിയുള്ള ആശയവിനിമയങ്ങളിലെ സ്വകാര്യത തകർക്കുന്നതും, തടസ്സപ്പെടുത്തുന്നതും സ്പാം  മെയിലുകൾ ചെയ്യുന്നതും  പുതിയ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 15 പ്രകാരം കുറ്റകരമാണെന്ന് വ്യവസ്ഥ ചെയ്യുന്നു.  കുറ്റം തെളിഞ്ഞാൽ 150,000/- ദിർഹമിൽ  കുറയാത്തതും 500,000/- ദിർഹമിൽ കൂടാത്തതുമായ പിഴശിക്ഷയാണ് ലഭിക്കുക.  കൂടാതെ, ഈ രീതിയിൽ ലഭിച്ച വിവരങ്ങൾ സ്വീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്ന  വ്യക്തിക്ക് ഒരു വർഷത്തിൽ കൂടാത്ത കാലയളവിൽ തടവ് ശിക്ഷയും ലഭിച്ചേക്കാം.

 7.  ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങളും പൊതു ധാർമ്മികതയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള   അശ്ലീലസാഹിത്യം, വീഡിയോ, ചിത്രങ്ങൾ   നിർമ്മിക്കുകയോ കൈമാറ്റം ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചൂഷണം ചെയ്യുകയോ അല്ലെങ്കിൽ ഇത്തരം ആവശ്യങ്ങൾക്കായി    ഒരു ഇലക്ട്രോണിക് സൈറ്റ് സ്ഥാപിക്കുകയോ പ്രവർത്തിപ്പിക്കുകയോ മേൽനോട്ടം വഹിക്കുകയോ, ഒരു ഇലക്ട്രോണിക് സൈറ്റ് വഴി  സംപ്രേക്ഷണം ചെയ്യുകയോ അതു വഴി അയയ്ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത്   തടവും 250,000/- മുതൽ 500,000/- ദിർഹം വരെ  പിഴ ലഭിക്കുന്ന കുറ്റകൃത്യവുമാണ്. പതിനെട്ട് വയസ് കവിയാത്ത കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൗമാരക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് നിർമ്മിക്കുകയോ, സ്റ്റോർ ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് 500,000/- മുതൽ ഒന്നര മില്ല്യൺ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

8.   ഒരു ഇലക്ട്രോണിക് സൈറ്റ് ഉപയോഗിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ പ്രലോഭിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും തടവും 250,000/- മുതൽ 1,000,000/- കവിയാത്ത പിഴ നൽകി ശിക്ഷിക്കപ്പെടും.  അഞ്ചുവർഷത്തിൽ കുറയാത്ത ശിക്ഷയും ഇര ജുവനൈൽ ആണെങ്കിൽ 1,000,000 ദിർഹത്തിൽ കൂടാത്ത പിഴയുമാണ് ശിക്ഷ.

 9. കൂടാതെ ഏതെങ്കിലും വ്യക്തികളെ ഇലക്‌ട്രോണിക് മീഡിയ വഴി അവഹേളിക്കുക, മതത്തെ നിന്ദിക്കുക,  ഇസ്‌ലാമിലെ ഏതെങ്കിലും വിശുദ്ധ ചിഹ്നങ്ങൾ, പ്രവാചകൻമാർ  ആചാരങ്ങൾ എന്നിവയെ പരിഹസിക്കുക,  മനുഷ്യക്കടത്ത്, ഏതെങ്കിലും വ്യക്തിയുടേയോ, അവയവത്തിന്റെയോ മനുഷ്യക്കടത്തിന്റെയോ ആവശ്യത്തിനായി ഒരു ഇലക്ട്രോണിക് സൈറ്റ് സ്ഥാപിക്കുക പ്രവർത്തിപ്പിക്കുക അല്ലെങ്കിൽ മേൽനോട്ടം വഹിക്കുകയും  രാജ്യദ്രോഹം, വിഭാഗീയത, ദേശീയ ഐക്യത്തെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുക,

 ഓൺലൈനിലോ ഏതെങ്കിലും വിവരസാങ്കേതിക വിദ്യകളിലൂടെയോ, ക്രമക്കേട്, വിദ്വേഷം, വർഗ്ഗീയത, വിഭാഗീയത എന്നിവ പ്രോത്സാഹിപ്പിക്കുക, ദേശീയ ഐക്യം, സാമൂഹിക സമാധാനം, പൊതു ക്രമം എന്നിവ നശിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും പ്രോഗ്രാമുകൾ അല്ലെങ്കിൽ ആശയങ്ങൾ പ്രചരിപ്പിക്കുക. ആയുധങ്ങൾ, വെടിമരുന്ന് അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ നൽകുക  അവ വ്യാപാരം ചെയ്യുന്നതിനോവ് വേണ്ടി ഒരു ഇലക്ട്രോണിക് സൈറ്റ് പ്രവർത്തിപ്പിക്കുക,   മേൽനോട്ടം വഹിക്കുക, ഒരു തീവ്രവാദ ഗ്രൂപ്പിനോ ഏതെങ്കിലും നിയമവിരുദ്ധ ഗ്രൂപ്പിനോ അസോസിയേഷനോ ഓർഗനൈസേഷനോ വേണ്ടി ഓൺലൈനിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുക,  

ലൈസൻസില്ലാതെ സംഭാവന ശേഖരിക്കുക, ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ലൈസൻസ് വാങ്ങാതെ സംഭാവന സ്വരൂപിക്കുന്നതിനായി ഒരു ഇലക്ട്രോണിക് സൈറ്റ് ഉണ്ടാക്കുക,  പ്രവർത്തിപ്പിക്കുക  ഇങ്ങനെ ഒരുപാട് കാര്യങ്ങൾ വലിയ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. 

ഇത്തരം കുറ്റ കൃത്യങ്ങളിൽപെടുന്ന ഒരു വിദേശ പൗരനും പിന്നെ യു.എ.ഇ യിൽ തുടരാനാകില്ല. വലിയ പിഴ നൽകാനാകാതെ ജയിലുകളിൽ കഴിയേണ്ടിയും വരും. 

കടപ്പാട്-അഷറഫ് വക്കീൽ
ലീഗൽ കൺസൾട്ടൻറ്
ഫ്രാൻഗൾഫ്, ഷാർജ.

Author
No Image

Naziya K N

No description...

You May Also Like