മുൻകാല സർവേ രേഖകൾ ഇനി വേഗത്തിൽ ലഭിക്കും
- Posted on September 19, 2025
- News
- By Goutham prakash
- 48 Views

സി.ഡി. സുനീഷ്
മുൻകാല സർവേ രേഖകൾ ഇനി വേഗത്തിൽ ലഭിക്കും. ഇതിനായി സർവേ ഡയറക്ടറേറ്റിൽ കിയോസ്‌ക് സംവിധാനവും ഹെൽപ് ഡെസ്‌കും ഒരുക്കി. ഫയൽ നടപടികളില്ലാതെ, ഫീസ് അടച്ച് ആർക്കും സ്വയം രേഖകൾ പ്രിന്റ് ചെയ്‌തെടുക്കാം. ഡിജിറ്റൽ സർവേ രേഖകളും ഇവിടെ നിന്ന് ലഭിക്കും.
കിയോസ്‌ക് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 19ന്) ഉച്ചക്ക് 2 ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. എംഎൽഎ ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, മേയർ ആര്യാ രാജേന്ദ്രൻ, റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യു വകുപ്പ് കമ്മിഷണർ കെ ജീവൻ ബാബു, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ മീര കെ,സർവെ ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, അഡീഷണൽ ഡയറക്ടർ സതീഷ്‌കുമാർ പി എസ്, വാർഡ് കൗൺസലർ രാഖി രവികുമാർ എന്നിവർ സംബന്ധിക്കും.
'എന്റെ ഭൂമി' ഡിജിറ്റൽ സർവേയുടെ ഭാഗമായാണ് പഴയ സർവേ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നത്. നിലവിൽ 530 വില്ലേജുകളിലെ രേഖകൾ പോർട്ടലിൽ ലഭ്യമാണ്. ഇതുവരെ തിരുവനന്തപുരത്തെ സെൻട്രൽ സർവേ ഓഫീസിൽ നേരിട്ടെത്തി രേഖകൾ വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാൽ, ഇപ്പോൾ 'എന്റെ ഭൂമി' പോർട്ടൽ വഴി ഓൺലൈനായി രേഖകൾ ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ ലഭ്യമല്ലാത്ത രേഖകൾക്കായി ഓൺലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്. ഡയറക്ടറേറ്റിൽ എത്തുന്നവർക്ക് കിയോസ്‌ക് സംവിധാനം ഉപയോഗിക്കാനുമാകും.