കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസിനെ 44 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്

സി.ഡി. സുനീഷ്


തിരുവനന്തപുരം : കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തുടർച്ചയായ രണ്ടാം വിജയം.  ആലപ്പി റിപ്പിൾസിനെ 44 റൺസിനാണ് കാലിക്കറ്റ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമാണ് നേടാനായത്. കാലിക്കറ്റിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്.


കഴിഞ്ഞ മല്സരത്തിൽ ട്രിവാൺഡ്രം റോയൽസിനെതിരെ കാഴ്ചവച്ച പോരാട്ടവീര്യം ആലപ്പി റിപ്പിൾസിന് ആവർത്തിക്കാനായില്ല. ബാറ്റിങ് നിര നിരാശപ്പെടുത്തിയ മല്സരത്തിൽ കാര്യമായ ചെറുത്തുനില്പ് പോലുമില്ലാതെയാണ് റിപ്പിൾസ് കീഴടങ്ങിയത്. നാല് റൺസെടുത്ത ഓപ്പണർ കെ എ അരുൺ ആദ്യ ഓവറിൽ തന്നെ  മടങ്ങി. സ്ഫോടനാത്മകമായൊരു തുടക്കത്തിനൊടുവിൽ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായി. അതോടെ സമ്മർദ്ദത്തിലായ ബാറ്റിങ് നിരയ്ക്ക് മികച്ച റൺറേറ്റ് നിലനിർത്താനായില്ല. 13 പന്തുകളിൽ 21 റൺസെടുത്ത അസറുദ്ദീനെ മോനു കൃഷ്ണയാണ് പുറത്താക്കിയത്. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്കൌണ്ട് തുറക്കാനാകാതെ അഭിഷേക് പി നായരും മടങ്ങി. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്ന 41 റൺസിൻ്റെ കൂട്ടുകെട്ട് പ്രതീക്ഷ നല്കി. പക്ഷെ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. കഴിഞ്ഞ മല്സരത്തിലെ ഹീറോയായ മൊഹമ്മദ് കൈഫിനെ എസ് മിഥുൻ ക്ലീൻ ബൌൾഡാക്കി. ഒടുവിൽ അവസാന പ്രതീക്ഷയായിരുന്ന ജലജ് സക്സേനയും പുറത്തായതോടെ മല്സരത്തിൻ്റെ വിധി നിർണ്ണയിക്കപ്പെട്ടു. 33 പന്തുകളിൽ 43 റൺസെടുത്ത ജലജ് സക്സേനയാണ് ടീമിൻ്റെ ടോപ് സ്കോറർ.അക്ഷയ് ചന്ദ്രൻ 19ഉം മൊഹമ്മദ് കൈഫ് മൂന്നും റൺസുമെടുത്ത് പുറത്തായി. ശ്രീരൂപും അക്ഷയ് ടി കെയും 11 റൺസ് വീതം നേടി. നാലോവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോനു കൃഷ്ണയാണ് കാലിക്കറ്റ് ബൌളിങ് നിരയിൽ തിളങ്ങിയത്. എസ് മിഥുൻ രണ്ട് വിക്കറ്റ് വീഴ്ത്തി.


ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്  ക്യാപ്റ്റൻ രോഹൻ പ്രേം നല്കിയ മികച്ച തുടക്കവും, അവസാന ഓവറുകളിൽ മനുകൃഷ്ണൻ്റെയും, കൃഷ്ണദേവൻ്റെയും കൂറ്റനടികളുമാണ് മികച്ച സ്കോർ സമ്മാനിച്ചത്. പതിവു പോലെ അതിവേഗത്തിൽ തുടങ്ങിയ രോഹൻ കുന്നുമ്മൽ 16 പന്തുകളിൽ 31 റൺസെടുത്തു. തുടർന്നെത്തിയ എം അജിനാസ് ആറ് റൺസുമായി മടങ്ങി. എന്നാൽ അഖിൽ സ്കറിയയും അൻഫലും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 30 പന്തുകളിൽ 45 റൺസെടുത്ത അഖിൽ സ്കറിയ തുടർച്ചയായ രണ്ടാം മല്സരത്തിലും തിളങ്ങി. അഖിൽ 15ആം ഓവറിലും അൻഫൽ 16ആം ഓവറിലും മടങ്ങുമ്പോൾ 122 റൺസ് മാത്രമായിരുന്നു സ്കോർ ബോർഡിലുണ്ടായിരുന്നത്. ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മനുകൃഷ്ണനും കൃഷ്ണദേവനും ചേർന്നാണ് സ്കോർ 170ൽ എത്തിച്ചത്. മനു കൃഷണൻ വെറും 12 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 26 റൺസ് നേടി. കൃഷ്ണദേവൻ 10 പന്തുകളിൽ നാല് ഫോറടക്കം 20 റൺസെടുത്തു. ഇരുവരും ചേർന്ന് അതിവേഗത്തിൽ കൂട്ടിച്ചേർത്ത 31 റൺസാണ് മല്സരത്തിൽ നിർണ്ണായകമായത്. നാല് ഓവറുകളിൽ 19 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടിയ രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേയനയുമാണ് ആലപ്പി ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ കാലിക്കറ്റിന് നാല് പോയിൻ്റായി.

Author
Citizen Journalist

Goutham prakash

No description...

You May Also Like