ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാത്ത സർക്കാർ ജീവനക്കാരോട് ഒരു ദാക്ഷിണ്യവും സര്‍ക്കാരിനുണ്ടാകില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്ക്കരണ പരിപാടിക്ക് ഇന്നിവിടെ തുടക്കമാവുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്നതിനായി അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചുമെല്ലാം വിശദമായ പരിശീലനം ഈ പരിപാടിയുടെ ഭാഗമായുണ്ടാകും. അതില്‍ നിന്നും പുതിയ അറിവുകള്‍ ഉള്‍ക്കൊണ്ട് നവകേരള നിര്‍മ്മിതിയില്‍ കാര്യക്ഷമമായ പങ്കുവഹിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാകണമെന്ന് തുടക്കത്തില്‍ തന്നെ അറിയിക്കട്ടെ.
ലോകത്തുണ്ടാകുന്ന പുരോഗമനോന്മുഖമായ മുന്നേറ്റങ്ങളും അവയെ ആസ്പദമാക്കി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കാനാണ് സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ആഗോളതലത്തില്‍ തന്നെ നിശ്ചയിച്ചിരിക്കുന്നത്. അവ നേടിയെടുക്കാന്‍ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. 2030 ഓടെ ലക്ഷ്യപ്രാപ്തി നേടിയെടുക്കാന്‍ ഉദ്ദേശിച്ചുള്ള 17 ഇന വികസന ലക്ഷ്യങ്ങളാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്നത്. എന്താണ് ഇവയുടെ പ്രസക്തി?
വിഭവസമ്പാദകര്‍ എന്ന നിലയില്‍ നിന്നും വിഭവ ഉത്പാദകര്‍ എന്ന നിലയിലേക്ക് മനുഷ്യര്‍ മാറിയപ്പോള്‍ ലാഭാധിഷ്ഠിത താത്പര്യങ്ങളും വിപണി താത്പര്യങ്ങളും വിഭവസമാഹരണത്തെ സ്വാധീനിക്കുകയുണ്ടായി. അതിന്റെ ഭാഗമായി സമ്പത്ത് ചില പ്രത്യേക വിഭാഗങ്ങളിലേക്കു മാത്രം എത്തിച്ചേര്‍ന്നു. ലോകത്ത് അസമത്വത്തിന്റെ തോത് വര്‍ദ്ധിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അതോടെ എല്ലാവര്‍ക്കും കഴിയാതെവന്നു എന്നു മാത്രമല്ല, വികസന പ്രവര്‍ത്തനങ്ങള്‍ ഒരു ചെറുവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളവയായി മാറി. ഇതുമൂലമുണ്ടാകുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് സുസ്ഥിര വികസനം എന്ന ആശയം ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ജലസുരക്ഷ, പരിസ്ഥിതി, ഊര്‍ജ്ജസംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം തന്നെ വികസന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടു പോകാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആപ്തവാക്യം 'ലീവ് നോ വണ്‍ ബിഹൈന്‍ഡ്' എന്നതാണ്. അതായത്, ആരെയും പിന്നില്‍ വിട്ടുകളയരുത് എന്നര്‍ത്ഥം. എന്നാല്‍ കേരളസമൂഹത്തെ സംബന്ധിച്ച് ഈ ആപ്തവാക്യം അത്ര പുതുമയുള്ള ഒന്നല്ല. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശങ്ങള്‍ ഒന്നര നൂറ്റാണ്ടുമുമ്പേ മുഴങ്ങിക്കേട്ട നാടാണ് നമ്മുടേത്. നവോത്ഥാനത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക പുരോഗതിയുണ്ടാകണമെന്ന ആശയം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. സാമൂഹികമായ മുന്നേറ്റമാണ് നവോത്ഥാനം ലക്ഷ്യംവച്ചതെങ്കില്‍ അതിനെ സാമ്പത്തികമായ രൂപഘടന കൂടി നല്‍കി മുന്നോട്ടു കൊണ്ടുപോവുകയാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്തത്.
അതിന്റെയൊക്കെ തുടര്‍ച്ചയായായാണ് കേരളത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റു സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കിയത്. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസ ബില്ലും ആരോഗ്യ ബില്ലും കാര്‍ഷികാനുബന്ധ ബില്ലുമെല്ലാം ആ സര്‍ക്കാര്‍ മുന്നോട്ടുവച്ചത് സമൂഹത്തിലെ നാനാവിഭാഗങ്ങളെ, പ്രത്യേകിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകളും അതേ സമീപനം തന്നെയാണ് സ്വീകരിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ നാടിനാകെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതായി നില്‍ക്കുന്നതിന്റെ അടിസ്ഥാനം നമ്മുടെ നാടിന്റെ ഈ പുരോഗമനപരമായ ചരിത്രം തന്നെയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രതിപാദിക്കുന്നതുപോലെ കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ മാതൃമരണ നിരക്കും, മികച്ച സ്ത്രീ-പുരുഷ അനുപാതവും ഉയര്‍ന്ന സാക്ഷരതാ നിരക്കും, സാര്‍വ്വത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനങ്ങളുമെല്ലാമുള്ള നാടാണ് കേരളം. എന്നാല്‍ ഇത്തരം നേട്ടങ്ങളില്‍ തൃപ്തിയടഞ്ഞ് ഇനിയൊന്നും ആവശ്യമില്ല എന്ന നിലപാടു കൈക്കൊള്ളുകയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.
ഓരോ മേഖലയിലും കൂടുതല്‍ മുന്നേറ്റം കൈവരിക്കേണ്ടതായുണ്ട്. അതോടൊപ്പം നമ്മുടെ വികസനരംഗത്തെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്. ആ നിലയ്ക്കുള്ള ഇടപെടലുകളാണ് ഇനി ഉണ്ടാവേണ്ടത്. വികസന-ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതില്‍ വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ പരിശീലന പരിപാടിയില്‍ പങ്കാളികളാകാനും അറിവുകള്‍ നേടാനും നിങ്ങള്‍ തയ്യാറാവണം.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിന് അവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മാത്രം അവയെക്കുറിച്ച് അറിഞ്ഞിരുന്നാല്‍ പോരേ എന്നു ചിലരെങ്കിലും ചിന്തിക്കാം. എന്നാല്‍, പരസ്പര പൂരകമായ ഇടപെടലുകളിലൂടെ മാത്രമേ നമുക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുള്ളൂ.
ഉദാഹരണത്തിന് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എടുത്താല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം അതിദരിദ്രരില്ലാത്ത കേരളം എന്നതാണ്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0.7 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്. വേണമെങ്കില്‍ അതിനെ സ്റ്റാറ്റിസ്റ്റിക്കലി ഇന്‍സിഗ്നിഫിക്കന്‍ഡ് എന്നു പറഞ്ഞു തള്ളിക്കളയാം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ആ ചെറിയ സംഖ്യയെ തന്നെ ഗൗരവമായി കണ്ടുകൊണ്ട് 64,000ല്‍ അധികം ദരിദ്രകുടുംബങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
അവരെക്കൂടി സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കുകയാണ്. അതിന് വരുമാന ലഭ്യത ഉറപ്പാക്കണം, മറ്റ് സാമൂഹിക പിന്തുണകള്‍ ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രക്രിയയുടെ നിര്‍വ്വഹണ ഏജന്‍സികളായി ഉപയോഗിക്കുമ്പോള്‍ തന്നെ അവയ്ക്ക് കരുത്തുപകരാന്‍ മറ്റു വകുപ്പുകളെക്കൂടി ഉപയോഗപ്പെടുത്തുകയാണ്. ഉദാഹരണത്തിന് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതുപോലെ ഓരോ വകുപ്പിനും ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും.
ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പിന് സഹായം നല്‍കാന്‍ കഴിയും. നിലവില്‍ പുതുതായി വരുന്ന സംരംഭങ്ങളില്‍ അതിദരിദ്രര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും വ്യവസായ വകുപ്പിനു കഴിയും. ആ കുടുബങ്ങളിലെ പുതിയ തലമുറയുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ - സാമൂഹ്യക്ഷേമ - പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വികസന, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ക്ക് കഴിയും. അങ്ങനെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രക്രിയ സാധ്യമാകുന്നത്. അതാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച പരസ്പര പൂരകത്വം. അതുകൊണ്ടുതന്നെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളൊന്നും ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു ചിന്തിച്ചുകൊണ്ട് ഒരു വകുപ്പിനും, ഒരു ഉദ്യോഗസ്ഥനും ഇതില്‍ നിന്നും മാറിനില്‍ക്കാനാകില്ല.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഏറ്റെടുക്കേണ്ടി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയാല്‍ അത് വളരെയേറെ നീണ്ടുപോകും. അതുകൊണ്ട് അത്തരത്തിലുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ ഓരോരുത്തര്‍ക്കും ലഭ്യമാക്കും. എന്നിരിക്കിലും ചില അതിപ്രധാന കാര്യങ്ങളെക്കുറിച്ചു മാത്രം പ്രതിപാദിക്കാം. അവയില്‍ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവും. വ്യവസായവത്ക്കരണം എന്നാല്‍ വമ്പന്‍ വ്യവസായങ്ങള്‍ തുടങ്ങുകയും അവയില്‍ കുറച്ചു പേര്‍ക്ക് ജോലി നല്‍കുകയും ചെയ്യുക മാത്രമല്ല. വന്‍കിട വ്യവസായങ്ങളോടൊപ്പം തന്നെ ചെറുകിട - ഇടത്തരം വ്യവസായങ്ങളും പ്രാദേശിക സംരംഭങ്ങളും ആരംഭിച്ചുകൊണ്ട് സമഗ്രമായ വ്യാവസായിക മുന്നേറ്റം ഉറപ്പാക്കല്‍ കൂടിയാണ്. അങ്ങനെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അധിക വിഭവങ്ങള്‍ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഉപകരിക്കും എന്നുകൂടി നാം ഓര്‍ക്കണം.
ഇപ്പോള്‍തന്നെ ഒരു വര്‍ഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് നമ്മള്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ അത് ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തില്‍ എത്തിക്കാന്‍ നമുക്കായി. ഇത് പതിനൊന്ന് മാസത്തോളംകൊണ്ട് കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസത്തില്‍ക്കൂടി ഇതേ വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ലക്ഷ്യംവച്ചതിനേക്കാള്‍ ഒരുപാട് മുന്നിലെത്താന്‍ നമുക്കു കഴിയും. അതിനുതകുന്ന ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചു ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട അനുമതികള്‍ താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. അതിനുതകുന്ന നിയമഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണ്.
നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിയണം. അത് ലക്ഷ്യംവച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം തന്നെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് അഫോര്‍ഡബിള്‍ ടാലന്റില്‍ ഏഷ്യയില്‍ ഒന്നാമത്തെയും ലോകത്ത് നാലാമത്തെയും സ്ഥലമാണ് കേരളം. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഹബ്ബ് നമ്മുടെ നാട്ടിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി കൂടുതല്‍ മുന്നേറാന്‍ നമുക്കു കഴിയേണ്ടതുണ്ട്. അതിന് നിലമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിങ്ങള്‍ ഏറ്റെടുക്കണം.
സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 2026 ഓടെ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതില്‍ത്തന്നെ 20 ലക്ഷം തൊഴിലവസരങ്ങള്‍ നൂതന വ്യവസായങ്ങളുടെ രംഗത്താണ് സൃഷ്ടിക്കപ്പെടുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള നോളജ് ഇക്കണോമി മിഷനിലൂടെ ആവിഷ്‌ക്കരിച്ചു വരികയാണ്. ബാക്കിയുള്ളവ പ്രാദേശിക സര്‍ക്കാരുകളിലൂടെയും കാര്‍ഷിക - സഹകരണ മേഖലകളിലൂടെയും ഒക്കെയാണ് ഒരുക്കേണ്ടത്.
അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനവും നഗരങ്ങളില്‍ പാര്‍ക്കുന്നവരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യക്തമായ നഗരാസൂത്രണ നയങ്ങള്‍ കൈക്കൊണ്ടു തന്നെ നാം മുന്നോട്ടുപോകണം. നമ്മുടെ നഗരങ്ങള്‍ സുസ്ഥിര നഗരങ്ങള്‍ ആയിരിക്കണം. ഇതിന്റെ ഭാഗമായാണ് ഒരു നവകേരള നഗരനയം തന്നെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇതിനുവേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മീഷന്‍ രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതില്‍ ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിന്റെ സഹായം തേടും. നഗരവികസവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും നടത്തുന്നതിനുള്ള പ്രാഥമിക ചിലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കും.
വലിയ തോതിലുള്ള നഗരവത്ക്കരണം ഉണ്ടാകുമ്പോള്‍ നാം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം. അതിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണം, ജനങ്ങള്‍ക്കിടയിലെ ബോധവത്ക്കരണവും ഉണ്ടാകണം. എന്നാല്‍ മാത്രമേ മാറുന്ന കാലത്തിനനുസരിച്ചുള്ള മാലിന്യനിര്‍മ്മാര്‍ജ്ജ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അവയെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിനും നമുക്ക് കഴിയുകയുള്ളൂ. അത് വളരെ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവണം.
സ്ത്രീമുന്നേറ്റങ്ങള്‍ക്കും സ്ത്രീകളുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ വേദിയായ നാടാണ് കേരളം. എങ്കിലും അന്ന് കൈവരിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലഘട്ടത്തിനനുയോജ്യമായ വിധത്തില്‍ സ്ത്രീസമത്വം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞോ എന്നത് നമ്മള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട വിഷയമാണ്.
ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍. എന്നാല്‍ തൊഴില്‍മേഖലയിലേക്ക് എത്തുമ്പോള്‍ സ്ത്രീകള്‍ പിന്നോക്കം പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് അഭികാമ്യമല്ല.
സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും സമൂഹ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ കെല്‍പ്പില്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണം. അതിനായാണ് പാഠപുസ്തകങ്ങളെയടക്കം ജന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമെല്ലാം ഉതകുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. അതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നമ്മുടെ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സാമ്പത്തികമായും സാമൂഹികമായും എത്രയൊക്കെ ഉന്നതിയിലെത്തിയാലും സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍ എന്നിവ നമ്മുടെ പുരോഗതിയെ പിന്നോട്ടടിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭേദചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലെ കൃത്യനിര്‍വ്വഹണത്തിനൊപ്പം തന്നെ അത്തരമൊരു സമൂഹം ഇവിടെ തുടരുന്നു എന്നുറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി നിങ്ങള്‍ ഏറ്റെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന വിവിധ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. 63 ലക്ഷം ആളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കുന്നു, 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നു. മൂന്നേകാല്‍ ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ പണികഴിപ്പിച്ചു നല്‍കിയത്. 2,31,000ല്‍ അധികം പട്ടയങ്ങള്‍ ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് വികസന - ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളിലായി നൂറുദിന കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും ഇത്തരത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ തന്നെ അതില്‍ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. അവര്‍ കരുതുന്നത് തങ്ങള്‍ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാല്‍ വേണ്ട നടപടി എടുക്കാനും അത്ര ബുദ്ധിമുട്ടോ തടസ്സമോ ഇല്ലായെന്നത് അത്തരക്കാര്‍ ഓര്‍ത്താല്‍ നന്ന്. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരികയാണ്.
പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും ഈ സര്‍ക്കാരിനുണ്ടാകില്ല. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍ നിങ്ങള്‍ തന്നെ തയ്യാറാകണമെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തിന്റെയാകെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍ എന്നറിയിക്കട്ടെ.
നവകേരള നിര്‍മ്മിതിക്കായുള്ള ചുവടുവയ്പ്പിന് ആക്കം കൂട്ടുന്നതാകട്ടെ ഈ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടി എന്നാശംസിച്ചുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു. നിങ്ങള്‍ക്കെന്റെ അഭിവാദനങ്ങള്‍.
പ്രത്യേക ലേഖകൻ