ചോക്ലേറ്റ് ശിൽപ്പങ്ങൾ

 പല പല വലിപ്പത്തിലുള്ള മുത്തുകൾ ഒട്ടുംതന്നെ സൗന്ദര്യബോധമില്ലാതെ കോർത്ത് എടുക്കുമ്പോൾ ഉള്ളതുപോലുള്ള വലിയ അഭംഗി സംഘത്തിനുണ്ടായിരുന്നു

"ഇനിയുമെത്ര ദൂരം കാണും" ആ വാഹനത്തിന് മുൻസീറ്റിലിരുന്ന് ജ്ഞാനശീലൻ ആരോടെന്നില്ലാതെ ചോദിച്ചു. വാഹനം അപ്പോൾ ഒരു പ്രധാന നിരത്തിലൂടെ കടന്നു പോവുകയായിരുന്നു. സാമാന്യം തീരെ വലിപ്പം തോന്നുന്ന ഒരു കരിവണ്ടിന്റെ രൂപമായിരുന്നു ആ വാഹനത്തിന്. ഒരു മാതിരി വൃത്തികെട്ടതും വൈകൃതവുമായിരുന്നു ആ വാഹനത്തിൻ്റെ കണ്ണുകൾ. ഏതോ ഒരു വിഖ്യാത കമ്പനിയുടെ പേര് ആ വാഹനത്തിന്റെ മുന്നിൽ സ്റ്റിക്കർ രൂപത്തിൽ ഒട്ടിച്ചിരുന്നു. വണ്ടിയുടെ മുൻവശത്ത് ജ്ഞാനശീലന് വലതുമാറി കണ്ട ഡ്രൈവർ തികഞ്ഞ ഗൗരവത്തിൽ ആയിരുന്നു. കൊമ്പൻ മീശക്കാരൻ. കാഴ്‌ചയ്ക്ക് ലേശം തടിച്ചു കറുത്ത ഒരു കുറുകിയ മനുഷ്യൻ കണ്ണുകൾ ഉപ്പന്റേതുപോലെ ചുവന്നിരുന്നു. ആകെക്കൂടി ചിത്രകഥകളിൽ കാണുന്ന കാലന്റെ രൂപം പോലെ. പ്രസ്തു‌ത വാഹനത്തിൽ അയാളെ കൂടാതെ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആ ഇളം തണുപ്പിന്റെ സുഖത്തിൽ ആ വാഹനത്തിൽ അയാൾ ഒഴികെ ബാക്കി എല്ലാവരും ഉറക്കത്തിലായിരുന്നു.

ഭൂമിയുടെ വിരിമാറിൽ ആരോ വരച്ച് വിട്ട ഒരു നീളൻ കറുത്ത വരപോലെ ആ റോഡ് നീണ്ടു നിവർന്നു കിടന്നു. വഴിയിൽ ഉടനീളം വളരെ വലിയ അമ്പലങ്ങളും അവയെല്ലാം മുന്നിൽ വലിയ വലിയ അമ്പല വാതിലുകളും, ഒപ്പം ദേവി, ദേവൻ വിഗ്രഹങ്ങളും അയാൾ കണ്ടു. ആ വിഗ്രഹങ്ങൾക്ക് എല്ലാംതന്നെ ഒരു തരം സന്തോഷമുഖമായിരുന്നു. യാത്രാവഴികളിൽ ഒരു തുരങ്കം ഇരുവശങ്ങളിലും പകൽ സമയത്തും പ്രകാശം ഒട്ടും കടന്നുപോകാത്ത ആ വഴിയിലൂടെയും വാഹനം പോകുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ആ ഗുഹ പ്രദേശം കടന്ന് വാഹനം അടുത്ത് കണ്ട വെളിച്ച കീറിലേക്ക് പ്രവേശിച്ചു. വളരെ വിശാലമായ ഒരു പുൽപ്രദേശത്താണ് വാഹനം ചെന്ന് നിന്നത്. അതിന് തൊട്ടുമുന്നിലൊരു വലിയ ജലാശയവും. ജലാശയങ്ങൾ ജ്ഞാനശീലന് വളരെ ഇഷ്ടമായിരുന്നു മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഏതെങ്കിലും അസ്ത്രം ഹൃദയത്തിൽ തളച്ചിരിക്കുമ്പോഴാണെങ്കിൽ പോലും. ജലാശയങ്ങൾക്ക് മുന്നിൽ കാണുന്ന തെളിഞ്ഞ വെള്ളത്തിന്റെ ഓള വെട്ടത്തിൽ ശൂന്യമായ മനസ്സോടെ അയാൾ അങ്ങനെ നോക്കി നിൽക്കും. ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ഭാഗ്യനുഭവമുണ്ടാകുന്ന ഒരു മനുഷ്യന്റെ വളരെ സന്തോഷം നിറഞ്ഞ മുഖമായിരിക്കും അപ്പോൾ അയാൾക്ക്.

അവിടെ നിർത്തപ്പെട്ട ആ വാഹനത്തിൽ നിന്ന് അയാൾ ഉൾപ്പെടെ എല്ലാ യാത്രികരും പുറത്തിറങ്ങി. മുന്നിലെ ജലാശയ കാഴ്‌ചകൾ പലർക്കും സന്തോഷം പകർന്നു. “അതെ ഞാൻ ഇവിടെ തന്നെ ഉണ്ടാകും... നിങ്ങൾ എത്തിയാൽ മതി". ആ വാഹനത്തിന്റെ ഡ്രൈവർ അപ്പോഴേക്കും അടുത്തുകണ്ട കൈതക്കാട്ടിനുള്ളിലേക്ക് നടന്നു കയറി. വാഹനത്തിന് പുറത്ത് തടാകത്തിന് കരയിലൂടെ ജങ്കാറിലേയ്ക്ക് അവർ നടന്നു കയറുമ്പോഴാണ് ആ വാഹനത്തിൽ വന്നവർ പരസ്‌പരം എങ്കിലും ഒന്ന് പാളി നോക്കിയത്. പല പല വലിപ്പത്തിലുള്ള മുത്തുകൾ ഒട്ടുംതന്നെ സൗന്ദര്യബോധമില്ലാതെ കോർത്ത് എടുക്കുമ്പോൾ ഉള്ളതുപോലുള്ള വലിയ അഭംഗി സംഘത്തിനുണ്ടായിരുന്നു. പരസ്പരം ഒന്നും മിണ്ടാതെയാണ് ജങ്കാറിലേയ്ക്ക് നടന്നുകയറിയത്. എന്നാൽ അവർ പരസ്പരം വളരെ അടുത്തറിയുന്നവരും.

അതുകൊണ്ടുതന്നെ പരസ്‌പരം എന്ത് സംസാരിക്കണം, എന്തിന് സംസാരിക്കണം എന്ന ഭാവവും. ഒരുതരം സ്വയം നിശബ്‌ദത സൃഷ്‌ടിച്ച് ആറുപേരും ആ കടത്തു ജങ്കാറിന്റെ ആറ് കോണിൽ നിന്നു. വളരെ സാവധാനത്തിൽ ഒരു ചെറുതലോടൽ പോലെയാണ് ജങ്കാർ ജലാശയത്തിന്റെ ഉപരിതലത്തിലൂടെ നീങ്ങിയത്. ചെറുയാത്ര കരയ്ക്ക് എത്തുന്നതിന് മുന്നേ തന്നെ അവരിൽ പലരും തങ്ങളുടെ ലക്ഷ്യസ്ഥാനം കണ്ടെത്തി. പെട്ടെന്ന് ജങ്കാർ കരയ്ക്ക് അടുപ്പിച്ചു.അവർ അവിടെക്കണ്ട തരിമണൽ പാതയിലേയ്ക്ക് ഇറങ്ങി. വളരെ ഭംഗിയോടെ ശിൽപചാരുതയിൽ തീർത്തും, എന്നാൽ വളരെ തന്നെ വിസ്താരമേറിയ ഒരു നില മാത്രമുള്ള കെട്ടിടത്തിന്റെ പൂമുഖത്തേയ്ക്ക് അവർ, ആ കൂട്ടം നടന്നുകയറി. ആ പൂമുഖത്ത് പ്രത്യേകിച്ച് ഇരിപ്പിടം ഒന്നുമില്ലായിരുന്നു. അകത്ത് ഉള്ളിലേയ്ക്ക് മേൽക്കൂരയില്ലാത്ത ഒരു വലിയ നടുത്തളവും. ആ നടുത്തളത്തിന്റെ ഇരുഭാഗവും മാറിമാറി ഓരോ നെടുനീളൻ കൈവരിയും ഉണ്ടായിരുന്നു. ആ കൈവരിക്ക് അരികിലായി ഓരോ ചെറുവരാന്തയും. അവിടെ ആ കണ്ട അകം വഴിയിലൂടെ വളരെ അച്ചടക്കത്തോടെ ആ ആറംഗ സംഘം നടന്നുനീങ്ങി. അച്ചടക്കം അടിച്ചേൽപ്പിക്കപ്പെട്ട കോൺവെന്റ് കുട്ടികളെപ്പോലെ.

അവർ ചെന്നെത്തിയത് മുമ്പ് കണ്ട കെട്ടിടത്തിൻ്റെ പിൻഭാഗത്തും. അവരെ അതിശയപ്പെടുത്തിക്കൊണ്ട് ഒരു വലിയ ജനക്കൂട്ടവും. അവർ ആ ജനക്കൂട്ടത്തിന് ഒപ്പം നിന്നില്ല. അതിനപ്പുറം മാറി നെടുനീളത്തിലുള്ളതും എന്നാൽ ഒരാൾ പൊക്കത്തിലുള്ള ഒരു കമ്പിവേലിക്കകത്താണ് അവർ നിന്നത്. മുന്നിലായി കണ്ട കമ്പി വേലിക്കുള്ളിൽ തടവുപുള്ളികളെപ്പോലെ തങ്ങളുടെ തുടർ യാത്രയുടെ ഊഴവും കത്ത് അവർ നിന്നു. പക്ഷേ അവരുടെ അത്തരത്തിലുള്ള കാത്തുനിൽപ്പിന് അധിക ആയുസ്സും ഉണ്ടായിരുന്നില്ല. ഏതോ പരിഗണനയുടെ സഹായത്തോടെ അവർ അവിടം കടന്നു. പെട്ടെന്ന് അവരെ അവിടുത്തെ പരികർമ്മികളിൽ ഇരുന്ന ഒരു മേശക്ക് ആരോ എത്തിച്ചു. മേശയ്ക്ക് പിന്നിൽ ഇരിപ്പ് ഉറപ്പിച്ചിരുന്ന വളരെ സുന്ദരനായ ചെറുപ്പക്കാരൻ ബട്ടൺ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്ക് ടോക്കണുകൾ അവർക്കെല്ലാവർക്കും നൽകി. നിങ്ങൾ കേറുന്ന ഓരോ മുറികളിലും ഈ തന്നിരിക്കുന്ന കോയിൻ ഇടണം, എങ്കിൽ മാത്രമേ നിങ്ങൾക്ക് അവിടെ പ്രവേശനം ഉണ്ടാകൂ. അയാൾ ചിരിച്ചുകൊണ്ട് സന്തോഷപൂർവ്വം അവരോട് പറഞ്ഞു.

അയാളുടെ നിർദ്ദേശപ്രകാരം അവർ ഒരുമിച്ച് അവിടെ ആദ്യം കണ്ട വാതിലിന് മുന്നിലായി കണ്ട കാണിക്ക വഞ്ചിയിൽ തങ്ങളുടെ കൈയ്യിലെ പ്ലാസ്റ്റിക് ടോക്കൺ നിക്ഷേപിച്ചു. അപ്പോഴേക്കും മുന്നിൽകണ്ട കവാടം മലർക്കെ തുറക്കപ്പെട്ടു. ഒരു വലിയ വാതായനം മലർക്കെ തുറന്നപോലെ. വളരെ ശിതീകരിച്ച വർണ്ണ ബൾബുകളാൽ അലങ്കൃതമായ മുറിയിൽ ഒരു ഇടത്തരം സ്ക്രീനും ഒപ്പം ചില ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. ആ സ്ക്രീനിൽ അവർക്ക് വളരെ ഇഷ്ടമായ പല കായിക വിനോദങ്ങളിലെയും മുമ്പ് കണ്ടിട്ടുള്ള മറക്കാനാവാത്ത ചില രംഗങ്ങൾ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു. അതെല്ലാം നമ്മുടെ രാജ്യത്തിന്റെ വിജയഗാഥകൾ ആയിരുന്നു. പിന്നീട് കുറെ നല്ല പഴയ ഹിന്ദി ഗാന രംഗങ്ങളും, കുറെ തകർപ്പൻ കോമഡി രംഗങ്ങളും, തകർപ്പൻ സംഘട്ടനങ്ങളും എല്ലാം കൊണ്ടും അതുവരെ ബലം പിടിച്ചിരുന്ന അവരെല്ലാം തന്നെ പരസ്‌പരം തോളത്ത് അടിച്ചു ചിരിച്ചു. തുടർന്ന് ചില എരിവ് രംഗങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. കൂട്ടത്തിലെ സ്ത്രീജനത്തിന് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അതുവരെയുള്ള എല്ലാ

ബലം പിടിക്കലുകളും അവരെ വിട്ടകന്നു.കാറ്റ് പോയ ബലൂൺപോലെ. ഇത്തരം കാഴ്ച‌ കാണലിനിടയിൽ തന്നെ രുചികരമായ ഭക്ഷണപാനീയങ്ങൾ അവരുടെ ഇരിപ്പിടങ്ങളിൽതന്നെ കിട്ടി. സമയം ഏതാണ്ട് ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും അവർ എല്ലാവരും തങ്ങൾക്ക് കാണേണ്ടിയിരുന്ന പല കാഴ്ചകളും ആ ടോക്കൺ പ്രകാരം കണ്ടുകഴിഞ്ഞു. നിറയെ പച്ചപ്പ് നിറഞ്ഞ ഉദ്യാന സമാനമായ പ്രദേശത്തായിരുന്നു അപ്പോൾ അവൻ നിന്നത്. നല്ല നീളത്തിൽ ചെമ്മൺ പാകി അതിൽ പച്ചപ്പുല്ല് പിടിപ്പിച്ച വഴിക്ക് ഇരുവശത്തുമായി ഏതാണ്ട് ഒരേ പോലെ പൊക്കത്തിൽ തലയെടുപ്പുള്ള ചെറുതെങ്ങുകൾ. ഇത്തരമൊരു യാത്ര തുടരുന്നതിനിടയിൽ കഴിഞ്ഞ മണിക്കൂറുകളിൽ അവർ അനുഭവിച്ചിരുന്ന പലകാര്യങ്ങളും അവർ മറന്നുപോയി. ആ മനോഹര വശ്യതകൾ കണ്ട് കണ്ട് അങ്ങനെ ജ്ഞാനശീലൻ കൂട്ടത്തിൽ നിന്നെല്ലാം വഴിതെറ്റി ഒറ്റയ്ക്ക് സഞ്ചരിച്ച് ചെന്നെത്തിയത് ഒരു മനോഹര ശിൽപ്പത്തിന് അടുത്തായിരുന്നു.

'രതിക്രീഡയുടെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന സ്ത്രീയും പുരുഷനും' പ്രസ്തുത ശിൽപ്പത്തിൻ്റെ ആകാരവടിവും ഭംഗിയും കണ്ട് അയാൾ അവിടെ അമ്പരന്നു നിന്നു. പിന്നെ കുറേ മാറി പലപല നഗ്ന സ്ത്രീ പ്രതിമകളും. പെട്ടെന്ന് ഒരു ചാറ്റൽമഴ അവിടേയ്ക്ക് പെയ്തിറങ്ങി. പെയ്തിറങ്ങിയ മഴത്തുള്ളികൾക്ക് ഇത്തിരി വലിപ്പമുണ്ടായിരുന്നു.വളരെ കനത്തതോടെ ആരോ അയാളുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ നല്ല വെളുത്ത മുത്തുമണികൾപോലെ. അയാൾ അവിടെ കണ്ട ഒരു ചെറുവള്ളി കുടിലിന് ഉള്ളിലേയ്ക്ക് ഓടി കയറിനിന്നു. കുറച്ചുമുമ്പ് ദൂരെ കണ്ട തനിക്ക് പരിചിതമായ പല പല മുഖങ്ങളും ആ വലിയ പൂന്തോട്ടത്തിന്റെ പല സ്ത്രീപുരുഷ പ്രതിമകളും, അല്ലാതെ തനിക്ക് പരിചിതമായ പല പല മുഖങ്ങളും  ആ വലിയ പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിൽ പ്രതിമ രൂപത്തിൽ !. ഒപ്പം താനും... അയാൾക്ക് അതിശയമായി.

ചില കാഴ്ചകൾക്ക് വ്യക്തത വരാതാകുമ്പോൾ ഒന്നുകൂടി സൂക്ഷ്‌മമായി നോക്കുന്നതു പോലെ അയാൾ അവിടെ കണ്ട സ്ത്രീ പുരുഷ ശിൽപങ്ങളെ സൂക്ഷിച്ച് നോക്കി.

പെട്ടെന്ന്...

"എന്താ സംശയം"?

അയാൾക്ക് തൊട്ടുപിന്നിൽ നല്ല വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ ഒരു സുന്ദരനായ ചെറുപ്പക്കാരൻ അയാളുടെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു. പക്ഷേ ആ ചെറുപ്പക്കാരൻ്റെ മുഖം ജ്ഞാനശീലന്  വ്യക്തമായി കാണാനായില്ല.

“നിങ്ങൾ ജ്ഞാനശീലനല്ലേ...''

അതെ... നിങ്ങൾ ആരാ...?

മറുപടി ഒരു ചെറുപുഞ്ചിരിയിൽ ആ അജ്ഞാതൻ ഒതുക്കി...

"നിങ്ങൾക്ക് അവരെ മനസ്സിലായില്ല...? നിങ്ങളുടെ സുഹൃത്തുക്കളാണ്.” ഒപ്പമുള്ളത് നിങ്ങളും. അയാൾ ചിരിച്ചു. ജ്ഞാനശീലന് സുന്ദരനോട് പലതും ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങൾ ഒന്നും പുറത്തേക്ക് വന്നില്ല. "നമുക്ക് കുറച്ചു നടന്നാലോ" - ആ യുവാവ് അയാളോട് ചോദിച്ചു. അവർ ഒരുമിച്ചു നടന്നു.

ആ ചെറുപ്പക്കാരന് ആകെ ഒരു വാസന ആയിരുന്നു. എന്തോ ഒരു ദിവ്യത്വം ആ ചെറുപ്പക്കാരനിൽ ആകെ നിറഞ്ഞു നിൽക്കുന്നതുപോലെ ജ്ഞാനശീലന് തോന്നി, ആ നടത്തത്തിന്റെ അവസാനം ഒരു ചെറു ജലാശയത്തിന് അരികിൽ അവരെ എത്തിച്ചു. അവിടെ കണ്ട പൂന്തോട്ടത്തിൻ്റെ ആവശ്യങ്ങൾക്കായി കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണ് ആ ജലാശയം എന്ന് അയാൾക്ക് മനസിലായി. ആ കൃത്രിമ ജലാശയത്തിനു ഓരത്ത് ചില ഇരിപ്പിടങ്ങൾ അവർ കണ്ടു. അതിൽ ഒന്നിൽ അവർ ഇരുവരും ഇരുന്നു. ജലാശയത്തിലെ ആമ്പൽ പച്ച തവളകൾ, പൂക്കൾക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അവയുടെ ശരീരഭാഗം പകുതിയും വെള്ളത്തിൽ നിന്ന് ഉയർന്നാണ് നിന്നത്. അവരിവരും സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കാൻ എന്നോണം തോന്നും അവറ്റകളുടെ ഇരിപ്പ് കണ്ടാൽ.

"നിങ്ങൾ അവരെയൊന്ന് നോക്കിയേ'' അങ്ങ് ദൂരേയ്ക്ക് കൈ ചൂണ്ടികൊണ്ട് ആ യുവാവ് പറഞ്ഞു.

"അവർ നിങ്ങളുടെ സുഹൃത്തുക്കളാണ്" പിന്നെയും ആ യുവാവ് ദൂരേയ്ക്ക് ചൂണ്ടി എന്തൊക്കെയോ പറഞ്ഞു. പെട്ടെന്നാണ് ജ്ഞാനശീലൻ തിരിച്ചറിഞ്ഞത് ആ യുവാവ് ചൂണ്ടികാട്ടിയ ആ

കൂട്ടത്തിനിടയിൽ ഒരാൾ താൻ തന്നെയല്ലെ. അയാൾ അപ്പോൾ അറിയാതെ ചോദിച്ച് പോയി.

"അതാ അത് ഞാനല്ലെ" പിന്നീട് മറ്റവരൊക്കെ അയാൾ സൂക്ഷ്മമായി നോക്കിയിട്ട്

"നമ്മുടെ ശ്രീറാം...''

അകലെ കണ്ട ആ ആൾക്കൂട്ടങ്ങൾക്ക് എല്ലാം തന്നെ ഒരുതരം ചോക്ലേറ്റ് രൂപങ്ങളാണ് എന്ന് തോന്നി.

"അതെന്താ ഒരു രൂപമാറ്റം"

"ശ്രീറാമും ആയി നിങ്ങൾക്ക് അത്രകണ്ട് സൗഹൃദം ഇല്ല അല്ലേ...''? "നിങ്ങൾ തമ്മിൽ ഒരു തരത്തിലും ഐക്യപ്പെടാത്തവർ ആയിരുന്നല്ലേ...''

ആ യുവാവ് അങ്ങനെ പലതരം ചോദ്യങ്ങളും അയാളോട് ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ അകലങ്ങളിൽ കണ്ട ചോക്ലേറ്റ് രൂപങ്ങളായ അവർ ഇരുവരും ഒരു വലിയ ഓഫീസിന്റെ ശിതീകരിക്കപ്പെട്ട മുറിയിൽ ഒരു മേശയ്ക്ക് ഇരുവശങ്ങളിലുമായി ഇരിക്കുന്നുണ്ടായിരുന്നു. അതുവരെ തന്റെ മുന്നിൽ കണ്ട കാഴ്ച്‌ചകൾ, തിരശ്ശീല കാഴ്ച്‌ചകൾപോലെയാണ് അയാൾ കണ്ടത്.

ഒരുതരം വെറുപ്പുളവാക്കുന്ന പുച്ഛഭാവത്തിലായിരുന്നു ശ്രീറാം അയാളോട് സംസാരിക്കുന്ന ആ വിദൂരകാഴ്ച വളരെ അടുത്ത് ഒരു ക്ലോസപ്പ് ഷോട്ടിലെന്നപോലെ അയാൾ കണ്ടു. ആ പ്രസ്തുത സന്ദർഭത്തിലെ ശ്രീറാമിൻ്റെ മുഖഭാവങ്ങളും, ഒപ്പം തന്റെ നിർജ്ജീവാവസ്ഥയും. ശ്രീറാമിനോട് അപ്പോഴെല്ലാം അയാൾ സംസാരിച്ചിരുന്നത് ഒരുതരം കരയുന്ന കുഞ്ഞിൻ്റെ മുഖഭാവത്തോടെയായിരുന്നു. സ്വന്തം മുഖഭാവത്തിന്റെ അത്തരം ചേഷ്‌ടകൾ കണ്ട അയാൾക്ക് സ്വയം വല്ലാത്ത അറപ്പ് തോന്നി. ശ്രീറാമിൻ്റെ പുച്ഛഭാവം കൂടി കണ്ടപ്പോൾ ഒരുതരം വല്ലാത്ത വിമ്മിഷ്ടവും അനുഭവപ്പെട്ടു. പിന്നെയും, തന്റെയും ശ്രീറാമിന്റെയും ഇത്തരം മുഖഭാവങ്ങളും സംസാരവും ഒരുവേള ഒരു ചലച്ചിത്ര കാഴ്ച്‌ചപോലെ അയാൾക്ക് കാണേണ്ടിവന്നു. തന്റെ മുഖത്ത് നിഴലിക്കുന്ന ഒരുതരം വല്ലാത്ത സ്ഥായി ദുഃഖഭാവം. ഒന്നിലും ഒരിക്കലും തൃപ്തിവരാത്തവന്റെ കരയുന്ന മുഖം.

"അല്ല ജ്ഞാനശീലൻ നിങ്ങൾ അത് കണ്ടോ?"

അയാളുടെ കൂടെയുള്ള യുവാവ് തൊട്ടപ്പുറത്തേയ്ക്ക് കൈചൂണ്ടി. അവിടെ തന്നോടൊപ്പം കൂടെയുണ്ടായിരുന്ന തന്റെ മറ്റുപല സുഹൃത്തുക്കളും തങ്ങളുടെതന്നെ സ്ഥായിഭാവങ്ങൾ തിരശീലയിൽ എന്നപോലെ മാറിനിന്ന് കാണുന്നത് അയാൾക്ക് കാണാനായി.

"നിങ്ങൾ എന്തിന് വിഷമിക്കണം ഇതെല്ലാം നിങ്ങൾതന്നെ പല സന്ദർഭങ്ങളിലും കാട്ടിയ വിക്രിയകൾ ആണ്.

മറ്റൊന്ന് നിങ്ങൾ ഈ കാണുന്നതുപോലെ നിങ്ങളുടെ സുഹൃത്തുക്കളും അവരുടെതന്നെ കാഴ്‌ചകൾ കാണുന്നത് നിങ്ങൾ കണ്ടില്ലേ..." അയാൾ വളരെ ശാന്തമായി ചിരിച്ചു. മുഖത്തെ സുന്ദരമായ താടി തടവി.അപ്പോഴും ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അങ്ങനെ പല കാഴ്‌ചകളും ജ്ഞാനശീലൻ കണ്ടു.

ഏതു കാര്യവും എപ്പോഴും സ്വന്തം കഴിവുകൾ എന്ന് സ്വയം പ്രശംസിച്ചു കൊണ്ടിരിക്കുന്ന രാമൻകുട്ടി. കൂടെ ഉള്ളവരെ എപ്പോഴും വിഡ്ഢിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ടൈറ്റസ്. ഒപ്പം ഉള്ള പുരുഷ കേസരികൾ ഒന്നുമല്ലെന്നും താൻ തന്നെയാണ് ബഹു മിടുക്കിയെന്നും പറഞ്ഞു നടക്കുന്ന റ്റെസ് കുര്യൻ. സ്വയം സുന്ദരനാണെന്ന് പറഞ്ഞു തൻ്റെ സൗന്ദര്യവർദ്ധക വസ്തുക്കളെയും മറ്റും കുറ്റം കുറിച്ചു എപ്പോഴും കലപില പറഞ്ഞ് നടക്കുന്ന ബാലു.

“എന്ത് തോന്നുന്നു"

പെട്ടെന്നാണ് കൂടെയുള്ള യുവാവ് ഇടപെട്ടത്. "നിങ്ങൾക്ക് എന്നെ വിടാൻ ഉദ്ദേശമില്ലേ"

"നിങ്ങൾ എൻറെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല"

"എനിക്ക് ഒരുമാതിരി തോന്നുന്നു...''

“എന്റെ തൊലി പൊളിയുന്നു"

"ഒരുതരം വിമ്മിട്ടമാണ് തോന്നുന്നത്?

ഒരുമാതിരി കുറ്റബോധവും...

ജ്ഞാനശീലൻ പിന്നെയും പലതും പുലമ്പിക്കൊണ്ടിരുന്നു.

"എന്തിന് നിങ്ങൾക്ക് വിമ്മിഷ്‌ടം വരണം.

"അതെ ഒരു രംഗത്തിൽപോലും ഞാൻ ഒന്ന് ചിരിച്ച് കണ്ടില്ലല്ലോ, ഒരൽപം സന്തോഷം പോലും"... അയാളുടെ വാക്കുകൾ അപൂർണ്ണമായിക്കൊണ്ടിരുന്നു.

“അതിനെന്താ ഇനിയങ്ങോട്ട് നിങ്ങൾ ചിരിച്ച് സന്തോഷിക്കണം എല്ലാ രംഗങ്ങളിലും ഹ ഹ ഹ..." ആ യുവാവ് ചിരിച്ച് കൊണ്ടിരുന്നു.

അവർ ഒരുമിച്ച് എഴുന്നേറ്റു...

അവിടെ അപ്പോഴും ബാക്കിയുള്ളവർ വെള്ളിത്തിരയിൽ ആടിത്തിമിർക്കുകയായിരുന്നു. കീ കൊടുക്കപ്പെട്ട പാവയുടെ ചലനങ്ങൾപോലെ. പിന്നെയും, അയാൾ നടന്നു. സമയം സന്ധ്യയോടെ അടുത്തു. കൂടെ വന്നവർക്കൊപ്പം കൂടാൻ അവർ ജ്ഞാനശീലനെ ആ ഭാഗത്തേക്ക് പലവട്ടം ആംഗ്യം കാട്ടിയും ഒച്ചത്തിൽ വിളിച്ചു. ശ്രദ്ധ അവരിലേയ്ക്ക് ആകർഷിക്കാൻ നോക്കി. അവരുടെ ആ കൂട്ടത്തെ അയാൾ ഒരിക്കൽപോലും കണ്ടതായി നടിച്ചില്ല. വളരെ ദൂരെ കണ്ട ഭംഗിയായ സ്ഥലത്തിനപ്പുറത്ത് സൂര്യൻ വളരെ വൃത്താകൃതിയിലുള്ള കനൽക്കട്ടപോലെ താഴ്ന്നിറങ്ങി. വെളിച്ചത്തിലേയ്ക്ക് ഇരുട്ട് ചെറുതായി അരിച്ചിറങ്ങിത്തുടങ്ങി, ഒരുതരം ക്ഷമാപണംപോലെ.

അതുവരെ നടന്നിരുന്നതിനേക്കാൾ അയാൾ വേഗത കൂട്ടി. അതുവരെ പിന്നിട്ട വഴിയിലേയ്ക്ക് തിരികെ പോകാതെ നേരെ മുന്നിൽ കണ്ട ഇരുവശവും നല്ല പച്ചപ്പുല്ല് പാകിയ ചെമ്മൺ നിരത്തിലെ ഒരു ചെറിയ കയറ്റം കയറി മുന്നിലേയ്ക്ക് നടന്നുകൊണ്ടിരുന്നു. നടന്നു കയറുന്ന ആ പ്രദേശം മാത്രം കാണാത്തക്ക രീതിയിൽ ചെറുചന്ദ്രപ്രകാശം മാത്രമാണ് അവിടമാകെ നിറഞ്ഞുനിന്നത്. അതുവരെ തന്നോടൊപ്പം ഉണ്ടായിരുന്ന ആ യുവാവിനെ പോലും അയാൾ തിരഞ്ഞ് നോക്കിയില്ല.

ഒരു പ്രത്യേക ഊർജ്ജം ലഭിച്ചത് പോലെ അയാൾ പിന്നെയും നടത്തം തുടർന്നു. മുന്നിലുള്ള ചെറു വൃക്ഷക്കൂട്ടങ്ങളും കടന്ന് വീണ്ടുമൊരു കനാലിന് മുന്നിലെത്തി. ചെറുതായി ഓടിയും പിന്നീട് നടന്നും അയാൾ സഞ്ചാരം തുടർന്നുകൊണ്ടിരുന്നു. ചില പിൻവിളികൾ അപ്പോഴേയ്ക്കും അയാളെ തേടിയെത്തി. തന്റെ സുഹൃത്തുക്കൾ ആണെന്ന് അയാൾ തിരിച്ചറിഞ്ഞെങ്കിലും പിന്നിലേയ്ക്ക് ഒരു നോട്ടം ഇനി ഇല്ല എന്നുറപ്പിച്ച പോലെയായിരുന്നു ആ നടത്തം. ആ യാത്ര ഇനി എവിടെ അവസാനിക്കുമെന്ന് ഒരു നിശ്ചയവും ഇല്ലെങ്കിലും തളർച്ച ഒട്ടുംതന്നെ ബാധിക്കാതെ ജ്ഞാനശീലൻ നടന്നുകൊണ്ടിരുന്നു. അകലെ ഒരു വലിയ ജീവിതലക്ഷ്യം തനിക്ക് എത്തിപ്പിടിക്കാൻ ഉണ്ട് എന്ന രീതിയിൽ.

ഇടയ്ക്ക് വഴിയമ്പലങ്ങളിൽ കണ്ട പലരോടും ചിരിച്ച മുഖത്തോടെ ആണ് അപ്പോൾ അയാൾ സംസാരിച്ചത്. വളരെ പ്രകാശപൂരിതമായ മുഖത്തോടെ അവിടെ ദൂരെ ആകാശത്ത് കണ്ട ചന്ദ്രബിംബം മേഘക്കൂട്ടങ്ങളിൽനിന്ന് മാറി തെളിഞ്ഞ മുഖത്തോടെ എല്ലാം കാണുകയായിരുന്നു.

കഥ : എസ്.വി. അയ്യപ്പദാസ്


Author
Journalist

Dency Dominic

No description...

You May Also Like