ഭര്‍ത്താവിനെ സഹായിക്കാനായി ഡ്രൈവിംഗ് സീറ്റിലേക്ക്; തമിഴ്‌നാട്ടിലെ 108 ആംബുലന്‍സിന്റെ ആദ്യ വനിതാ ഡ്രൈവറുടെ കഥ

” ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല സംസ്ഥാനത്തെ 108 ആംബുലന്‍സിന്റെ ആദ്യ വനിതാ ഡ്രൈവറായിരിക്കുമെന്ന്.’ തമിഴ്‌നാട്ടിലെ 108 ആംബുലന്‍സിന്റെ ഡ്രൈവറായ എം. വീരലക്ഷ്മിയുടെ വാക്കുകളാണിത്. ജൂണിലാണ് വീരലക്ഷ്മിക്ക് ആംബുലന്‍സ് ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കാന്‍ ഓഫര്‍ ലഭിച്ചത്. കൊവിഡ് വ്യാപിച്ചിരുന്ന സമയത്ത് ജോലിയില്‍ പ്രവേശിച്ചതിനാല്‍ വീട്ടുകാര്‍ക്ക് ചെറിയ പേടിയുണ്ടായിരുന്നുവെന്ന് 30 കാരിയായ വീരലക്ഷ്മി പറയുന്നു.

ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തുന്നതിന് മുന്‍പ് ക്യാബ് ഡ്രൈവറായിരുന്നു വീരലക്ഷ്മി. ഭര്‍ത്താവിനെ സഹായിക്കാനും വീട്ടിലേക്ക് ഒരു വരുമാനം കൂടി എത്തിക്കാനുമാണ് ജോലിക്ക് പോകാന്‍ തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതിയെന്നും വീരലക്ഷ്മി പറയുന്നു.

ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുള്ള വീരലക്ഷ്മിക്ക് ഹെവി വെഹിക്കള്‍ ഡ്രൈവിംഗ് ലൈസന്‍സുമുണ്ട്. കഴിഞ്ഞയാഴ്ചയാണ് വീരലക്ഷ്മി 108 ആംബുലന്‍സിന്റെ പാസഞ്ചര്‍ സീറ്റില്‍ പരിശീലനത്തിനായി എത്തിയത്. ഒരാഴ്ച നീണ്ട പരിശീലനമാണ് വീരലക്ഷ്മിക്കുള്ളത്. പരിശീലനത്തിന് എത്തിയപ്പോഴാണ് ഈ ജോലിയുടെ പ്രാധാന്യം മനസിലായതെന്നും വീരലക്ഷ്മി പറയുന്നു.

ആളുകളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായാല്‍ അവരുടെ ജീവന്‍ രക്ഷിക്കാനാകും. അത് കാണുമ്പോള്‍ വലിയ സന്തോഷം ഉണ്ടാകുമെന്നും വീരലക്ഷ്മി പറയുന്നു. പത്തും ആറും വയസുള്ള രണ്ട് കുട്ടികളുമുണ്ട് വീരലക്ഷ്മിക്ക്.

Author
ChiefEditor

enmalayalam

No description...

You May Also Like