ബുറെവി ചുഴലിക്കാറ്റ്: സഞ്ചാരപഥത്തിൽ മാറ്റം കേരളത്തിൽ തീവ്രത കുറയും

തിരുവനന്തപുരം:ബുറെവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിൽ എത്തില്ലെന്ന് പ്രവചനം അറബിക്കടൽ വരെയുള്ള സഞ്ചാര പാത കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ടു.

തിരുവനന്തപുരം പൊന്മുടി അടുത്ത് കൂടി നാളെ ഉച്ചയ്ക്ക് ശേഷം കേരളത്തിൽ പ്രവേശിക്കും.വർക്കലക്കും പറവൂരിനുമിടയിൽ കൂടി അറബികടലിൽ പ്രവേശിച്ചേക്കും. ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ വച്ചു തന്നെ ശക്തി കുറഞ്ഞു അതി തീവ്ര ന്യുന മർദ്ദമായിമാറിയേക്കുമെന്നും ഏറ്റവുമൊടുവിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറെവി’ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4 ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഇതിൻറെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.

2020 ഡിസംബർ 3 ന് കോട്ടയം, എറണാകുളം എന്നീ  ജില്ലകളിലും 2020 ഡിസംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ  ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

2020 ഡിസംബർ 3, 4 തീയതികളിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ  ജില്ലകളിലും 2020 ഡിസംബർ 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ  ജില്ലകളിലും ഡിസംബർ 6  ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ  അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കുക

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

Author
No Image

Naziya K N

No description...

You May Also Like