സുധാകരനും സിന്ധുവും പിന്നെ സുധാകരനും

അനുഭവ കുറിപ്പ്

2009 ൽ "മിന്നുകെട്ട്" സീരിയലിന്റ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന്റ ആഘോഷത്തിൽ 'പെപ്സി' കുടിച്ചു നിൽക്കുമ്പോഴാണ് എനിക്കു പരിചയമില്ലാത്ത ആ കോൾ വന്നത്. വിവരം കേട്ട് കുടിച്ച രണ്ടു പെപ്സിയുടേയും ഹാങ് ഓവർ പോയി. എന്നിട്ടും പിറേറന്ന് രാവിലെ മാത്രമേ കായംകുളത്തെത്താൻ പറ്റിയുള്ളു. ലോഡ്ജിന്റെ മാനേജർ എന്നെ കാത്ത് ഗെയ്റ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു. "കേസാക്കേണ്ടതാ. ഉണ്ണിയുടെ ചങ്ങാതി ആയോണ്ടാ..!" പഴമ മണക്കുന്ന മുറിയിൽ പത്തു കിലോമീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞ പോൾസൺ തളർച്ച മറന്നു വീണ്ടും ഉലാത്തുമ്പോഴാണ് എന്റെ വരവ്. പ്രതിഷേധം എന്നോണം മുഖം കൊടുക്കാതെ മുന്നു കാലുള്ള കസേരയിൽ ഞാൻ പോയി ഇരുന്നപ്പോൾ പോൾസൺ എന്റ കാൽമുട്ടിൽ തല വെച്ചു കരയാൻ തുടങ്ങി. "അളിയാ ഒറ്റ നമ്പറിനാ ഒന്നാം സമ്മാനം ഇരുപത്തിഅഞ്ചു ലക്ഷം പോയത്. കടക്കാരിൽ നിന്നു കരകയറാനാ ലോട്ടറിയെടുത്തു അതിനെക്കാൾ കടക്കാരനായത്. ഇതു സഹിക്കാൻ പറ്റിയില്ല."

അവൻ കുഞ്ഞുങ്ങളെ പോലെ മോങ്ങി തുടങ്ങിയപ്പോൾ ഒരു തൊഴി വെച്ചു കൊടുക്കാൻ തോന്നി. രാത്രിയിൽ കയറിൽതൂങ്ങിയത് ഫാനിൽ കുരുക്കിട്ടായിരുന്നു. എൺപത്തിയെട്ടു കിലോയെ താങ്ങാൻ പഴയ "ഉഷ" ഫാനിനു പറ്റിയില്ല. പൊളിഞ്ഞു കിടക്കുന്ന ഫാൻ ചരിത്രസ്മാരകം പോലെ ഇരുണ്ട മൂലയിൽ മയങ്ങുന്നതു കണ്ടു. " പോൾസാ.. നമ്മൾ അദ്ധ്വാനിക്കാത്ത പണത്തിനെ ആഗ്രഹിക്കാൻ നമ്മുക്കവകാശവും ഇല്ല." ഞാൻ തത്ത്വജ്ഞാനം വിളമ്പിയപ്പോൾ അവൻ വീണ്ടും കരഞ്ഞു. "വീട്ടിലെ പെണ്ണുങ്ങൾക്ക് ഈ കാര്യത്തിൽ അറിവില്ലടാ !" പോൾസൺ ഒറ്റവരിൽ അവന്റ ജീവിതത്തെ പറ്റി പറഞ്ഞു തന്നു. എനിക്കു ഉത്തരംമുട്ടി. അവനിൽ ക്ഷീണ ഭാവം കൂടി വന്നപ്പോൾ അവനെ ഞാൻ ഉറക്കാൻ വിട്ടു. കൂർക്കംവലി കേൾക്കുന്നത് അലർജി ആയതു കൊണ്ട് പതുക്കെ പുറത്തേക്കിറങ്ങി. മനേജറുടെ കൈയ്യിൽ നിന്നു ഒരു ഫ്ളാസ്ക്കു വാങ്ങി. " പോൾസൺ എണീക്കുമ്പോൾ ചായ കൊടുക്കണം".

നിരത്തിൽ മഴചാറി തുടങ്ങിയിട്ടും ആരും കുട നിവർത്തിയില്ല. വെയിലിലെ മഴ ലോകത്തെ ഏറ്റവും വലിയ വഞ്ചകരിൽ ഒരാളായി തോന്നിക്കാണും. കായംകുളം കോടതി പരിസരത്ത് ഒരു ചെറിയ ചായക്കടയിൽ ഞാൻ കട്ടൻ ചായ കുടിച്ചു നിൽക്കുമ്പോഴാണ് മഴക്കു ശക്തി കൂടിയത്. ഇപ്പോൾ നൂറുകണക്കിനു കുടകൾ സഞ്ചരിച്ചു തുടങ്ങിയ നേരത്താണ് മഴനനഞ്ഞ് ഒരു വൃദ്ധ ആറു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയേയും കൊണ്ട്  ആ കടയിലെത്തിയത്. "ഈ കുഞ്ഞിനു കുടിക്കാനെന്തെങ്കിലും കൊടുക്കുവോ ? കാശില്ല." ഗതികേടിന്റ അവസാന വാക്കിൽ നിന്നു എടുത്തടിച്ചായിരുന്നു അവരുടെ പറച്ചിൽ. അതു ബോധ്യമായതു കൊണ്ടാവാം കടക്കാരൻ രണ്ടു ഗ്ലാസ്സിൽ തേയിലപ്പൊടി ഇട്ടു. കടക്കുമുന്നിലെ ചില്ലു കൂട്ടിൽ ആറു വയസ്സുകാരനെ കൊതിപ്പിക്കുന്ന ബേക്കറി പലഹാരങ്ങൾ നിരന്നിരുപ്പുണ്ടായിരുന്നു. ആ കാഴ്ച്ചയുടെ കൊതിപിടിച്ച് ഗ്ലാസ്സിനു പുറത്തൂടെ അവൻ പലഹാരങ്ങളെ തടവി കൊണ്ടിരുന്നു.

ഏറെ നേരം അവന്റ കണ്ണുകൾ ജിലേബിയിൽ ഉടക്കി നിൽക്കുന്നതു കണ്ടപ്പോൾ ഞാനവനെ ശ്രദ്ധിച്ചു. അവനത് ആഗ്രഹിക്കുന്നതു പോലെ തോന്നി. കുട്ടി കാലത്ത് സ്കൂൾ വിട്ടു വരുമ്പോൾ ചില്ലു കൂട്ടിലെ ലഡ്ഡു നോക്കി കൊതി വിട്ട എന്റ ബാല്യകാലത്തെ ഞാനോർത്തു. 'ആഗ്രഹങ്ങളെ സാധിച്ചെടുക്കാൻ കൊതി വിട്ടു നടന്ന ഗതികെട്ട ബാല്യം'

" ജിലേബി വേണോ ?" ഞാൻ ആ കുഞ്ഞിനോടു ചോദിച്ചു. അവനെന്റ മുഖത്തേക്കു നോക്കി. ആദ്യായി കാണുന്ന ഭാവം ആ കുഞ്ഞിൽ ഞാൻ കണ്ടു. പിന്നെ അവൻ നിഷ്കളങ്കമായി ചിരിച്ചു.

"വേണ്ട..!" " ആരു വാങ്ങി കൊടുത്താലും വാങ്ങില്ല സാറെ ...! ഇവന്റ അപ്പൻ വാങ്ങി കൊടുത്താൽ വാങ്ങും. അവനാണെങ്കിൽ ജയിലിലും" നിരാശയുടെ വേലിയേറ്റം അവരുടെ വാക്കുകൾക്കുണ്ടായിരുന്നു.

" സുധാകരനു ജാമ്യം കിട്ടുമോ?"

ഗ്ലാസ്സിൽ പഞ്ചസാര അടിച്ചു കൊണ്ടു കടക്കാരൻ അവരോടു ചോദിച്ചപ്പോഴാണ് ഞാൻ കൂടുതലായി അവരിലേക്കു ശ്രദ്ധിച്ചത്.

" ഇന്നു കോടതിയിൽ ഹാജരാക്കും. കൊലക്കുറ്റമല്ലേ ... ജാമ്യം എടുക്കാനും എന്നെ കൊണ്ടു കൂടില്ല. എന്നാലും ഈ കുഞ്ഞിന്റ കാര്യത്തിൽ ഒരു തീരുമാനം ഇന്നുണ്ടാക്കണം."

കടക്കാരൻ കടുപ്പത്തിൽ രണ്ടു ചായ അവരുടെ കൈയ്യിൽ വെച്ചു കൊടുത്തു..

വിശപ്പ് അവരെ രണ്ടുപേരെയും കീഴ്പ്പെടുത്തിയതു പോലെ അവർ ധൃതിയിൽ കുടിച്ചു തുടങ്ങി.

എനിക്കവരെപ്പറ്റി കൂടുതൽ അറിയണമെന്നു തോന്നി.

കാര്യം അവതരിപ്പിച്ചത് ഞാൻ കടക്കാരനോടാണ്. പക്ഷേ, ഉത്തരം പറഞ്ഞത് ആ സ്ത്രീയാണ്.

അവരു പറഞ്ഞ കഥ കേട്ടു ഞാൻ കണ്ണുമിഴിച്ചു പോയി. ഇങ്ങനെയും ജീവിതമോ?

അവരു പറഞ്ഞ കഥ ...............................................

നാട്ടിൽ സ്പെയർ പാട്സ് ബിസിനസ്സ് ചെറിയ രീതിയിൽ ആരംഭിച്ച സുധാകരൻ കട കുറച്ചൂടെ വിപുലീകരിക്കുന്നതിന്റ ഭാഗമായി കോയമ്പത്തൂരിൽ നിന്നു സാധനങ്ങൾ എടുക്കാൻ തീരുമാനിച്ചു.

മവേലിക്കരയിൽ നിന്നു കോയമ്പത്തൂർവരെ സുധാകരൻ യാത്ര ചെയ്യുന്നതുപോലും ഭാര്യ സിന്ധുവിനു താങ്ങാവുന്നതിനപ്പുറം ആണ്. മകനും , സിന്ധുവിന്റ അമ്മക്കും അതേ അവസ്ഥയാണ്. ലോകത്ത് അവർക്കു കൂട്ടായി അവർ നാലു പേരുമേയുള്ളു. നല്ല സമയത്തു നിന്നു മോശം കാലത്തിലേക്കു സുധാകരന്റ ജാതകം യാത്ര തുടങ്ങിയ സമയത്താണ് അതേ ദിവസം നാട്ടിലെ മറ്റൊരു സുധാകരൻ തന്റ കാമുകിയെ കൂട്ടി കർണ്ണാടകയിലെ ബൽഗ്ഗാമിലേക്കു യാത്ര ചെയ്തത്. അയാൾ ഒരു ലോഡ്ജിൽ മുറിയെടുത്തത് തന്റെ ജീവിതത്തിൽ കടന്നു കയറാൻ ശ്രമിക്കുന്ന ഹോം നേഴ്സ് ആയ കാമുകിയെ ഇല്ലാതാക്കാൻ തന്നെയാണ്.

മൂട്ടകൾ ഉറങ്ങുന്ന കട്ടിലിൽ കിടന്ന് ബൽഗ്ഗാമിലെ സുധാകരൻ കാമുകിക്ക് രതിയുടെ പുതിയ കണ്ടുപിടുത്തങ്ങൾ കാണിച്ചു കൊടുക്കുകയും കാമുകി അതിന്റ അർത്ഥം അറിയാതെ കത്തി പടരാനും തുടങ്ങി. ഏതോ അതിർ വരമ്പിൽ വച്ച് അതു കാട്ടുതീ ആയപ്പോൾ സുധാകരൻ മുൻ നിശ്ചയിച്ച പ്രകാരം കഴുത്തിൽ കുരുക്കിട്ടു.

സുധാകരനു മേലേ ദൈവം ആ കാമുകിക്കു ആയുസ്സിന്റെ വര ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു. ഒറ്റ തൊഴിക്ക് സുധാകരനെ ചവുട്ടി കട്ടിലിനു താഴെയാക്കി ആ കാമുകി നൂൽബന്ധമില്ലാതെ ഇറങ്ങിയോടി. ആ കാഴ്ച്ചയിലേക്കു ആളുകൾ തടിച്ചു കൂടി. പിന്നെ അവർ സുധാകരനിലേക്കും എത്തി. ക്ലോക്കിലെ സൂചി മൂന്നു 

മണിക്കൂർ കറങ്ങിയ ഈ സമയത്ത് നമ്മുടെ സുധാകരൻ കോയമ്പത്തൂരിലെ ഗാന്ധി പുരത്ത് സ്പയർപാട്സ് വാങ്ങി നടക്കുകയായിരുന്നു. വരുന്ന വഴിക്കു ഫോണിൽ സിന്ധുവുമായി കൂടുതൽ സംസാരിച്ചതുകൊണ്ടവാം " നോക്കിയ" കമ്പനിയുടെ ചെറിയ ഫോൺ ഓഫായി പോകുകയും ചെയ്തു. ബൽഗ്ഗാമിലെ സുധാകരനെ നാട്ടുകാർ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും കാമുകിയായ ഹോം നേഴ്സിനെ ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തു. കൊലപാത ശ്രമം, ബലാൽസംഗം പിന്നേയും വകുപ്പുകൾ പോലീസ് എഴുതി ചേർത്തു എഫ്.ഐ.ആർ തയ്യാറാക്കി.

അഡ്രസ്സ് പറയാൻ പോലീസുകാരൻ സുധാകരനോടു ആവശ്യപ്പെട്ടപ്പോൾ കോയമ്പത്തൂരിൽ നിൽക്കുന്ന സുധാകരന്റ നാശത്തിന്റ തുടക്കം പോലെ പോലീസ് സ്റേറഷനിൽ ഈ സുധാകരൻ ആ സുധാകരന്റ അഡ്രസ്സ് പറഞ്ഞു കൊടുത്തു. "താല്ക്കാലികമായി നാട്ടിൽ തന്നെപ്പറ്റി അറിയാതിരിക്കുക" അത്രയുമേ ഈ സുധാകരൻ ഉദ്ദേശിച്ചുള്ളു.

മാവേലിക്കര പോലീസ് സ്റ്റേഷനിലേക്കു ആ വിവരം കൈമാറുന്ന സമയത്താണ് കോയമ്പത്തൂരിൽ നിൽക്കുന്ന സുധാകരൻ തിരിച്ച് ട്രാൻസ്പോർട്ടു ബസിൽ മാവേലിക്കരക്കു യാത്ര തുടങ്ങിയത്.

അവന്റ സ്വപ്നങ്ങളിൽ ബിസിനസ്സ് പച്ച പിടിക്കുന്നതിനെ പറ്റി മാത്രമായിരുന്നു.

ബൽഗ്ഗാമിൽ നിന്നു മാവേലിക്കര പോലീസ് സ്‌റ്റേറഷനിലേക്കും അവിടുന്നു പഞ്ചായത്തിലേക്കും, പിന്നെ മെംബറിലേക്കു വർത്ത എത്തി. പിന്നെ നാടുമുഴുവൻ പടർന്നു കയറി. കേട്ടവർക്കാർക്കുംവിശ്വസിക്കാനായില്ല.സിന്ധു അറിഞ്ഞു. അവളുടെ അമ്മ അറിഞ്ഞു. സിന്ധുഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് .

"തന്നെചതിക്കുകയായിരുന്നോ?" സിന്ധുവിനെ ആ പേടി പിടികൂടി. "കോയമ്പത്തൂരെന്നു പറഞ്ഞ് കാമുകിയെ കൊല്ലാൻ പോയതാണോ അവൻ . ഇവനു വേണ്ടിയാണോ നീ ജീവിതം കളഞ്ഞത്" അമ്മ പൊട്ടിത്തെറിച്ചത് വേദന കൊണ്ടായിരുന്നു. ബന്ധുക്കാരെ മുഴുവൻ ധിക്കരിച്ചാണ് അനാഥനായ സുധാകരേട്ടന്റ കൂടെ ഇറങ്ങി വന്നത്. ഗതികെട്ട് അമ്മക്കും കൂടെ ഇറങ്ങേണ്ടിവന്നു. അറിഞ്ഞു കേട്ടു പരിഹസിക്കാൻ അമ്മാവൻ എത്തി. പുറകെ ആരെക്കയോ..!

അതൊരു ആഘോഷമാക്കി അവർ മാറ്റിയപ്പോൾ സിന്ധുവിനു പിടിച്ചു നിൽക്കാൻ പറ്റിയില്ല. കൂടുതൽ കേൾക്കാനോ കാണാനോ എന്തിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ മുറിയിൽ കയറി വാതിലടച്ചു സാരിയിൽ തൂങ്ങി.

ഈ സമയം സുധാകരന്റെ യാത്ര ആലപ്പുഴ ബസ് സ്റ്റാൻഡിലെത്തിയിരുന്നു. റോഡ് വക്കിൽ നിന്നു ദമ്പതികളെന്നു തോന്നിപ്പിക്കുന്ന രണ്ടു സുവിശേഷ പ്രവർത്തകൾ" ആത്മഹത്യ ഒന്നിനും പരിഹാരമല്ല" എന്നതിനെ പറ്റി തൊണ്ട കീറി പ്രസംഗിക്കുകയായിരുന്നു. ആരും ശ്രദ്ധ കൊടുക്കുന്നില്ല. ബസ് നിർത്തിയിട്ട അഞ്ചു മിനിറ്റ് സുധാകരൻ കേട്ടിരുന്നു.

"ജീവിക്കാൻ കുറച്ചൂടെ പ്രാപ്തി നൽകുന്ന വാക്കുകൾ " അവൻ മനസ്സിൽ പറഞ്ഞു.

സിന്ധുവിന്റ ജീവനറ്റ ശരീരം സാരി അറുത്ത് നിലത്തു കിടത്തുമ്പോൾ ആ വാർത്ത അറിയാതെ സുധാകരനെ വിശ്വാസം മാത്രമുള്ള സുഹൃത്ത് ബൽഗ്ഗാമിലെ സ്റ്റേഷനുമായി ബണ്ഡപ്പെട്ടു.

കാര്യങ്ങളുടെ സത്യത്തെ സുഹൃത്ത് തിരിച്ചറിഞ്ഞ സമയത്താണ് സിന്ധുവിന്റ മരണം അയാളെ ആരോ അറിയിച്ചത്.

അയൾക്കു അതു താങ്ങാൻ പറ്റാത്ത വാർത്തയായിരുന്നു. " സുധാകരൻ അറിയുമ്പോൾ" ? സത്യത്തെ തിരിച്ചറിഞ്ഞ നാടു മുഴുവൻ ആ ചോദ്യം പരസ്പ്പരം ചോദിച്ചു. പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞ് സുധാകരൻ എത്തി. കാർട്ടൻ ബോക്സുകളിൽ സ്പെയർ പാട്സുമായി. പഞ്ചായത്തു റോഡിൽ വെച്ചു സുഹൃത്തും മെംബറും മറ്റുള്ളവരും ഓട്ടോ തടഞ്ഞു കാര്യം അവതരിപ്പിച്ചു. അവിടെ കുഴഞ്ഞു വീണ സുധാകരനെ ആശ്വസിപ്പിക്കാൻ പറ്റാതെ അവർ വേവലാതി പൂണ്ടു. ഒരാളു ചെയ്ത താല്കാലിക രക്ഷപെടലിന്റ ബാക്കിപത്രം. ഒരു ജീവൻ തീർന്നു.....! അവളുടെ സുധാകരേട്ടൻ തെറ്റുകാരനല്ലായിരുന്നു. അതറിയാതെ സിന്ധു...! പിന്നെയും രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ജാമ്യം കിട്ടി ബൽഗ്ഗാമിലെ സുധാകരൻ എത്തിയത്. ആ വരവ് അറിഞ്ഞ് സുധാകരൻ കാണാൻ ചെന്നു. "നീ എന്നെ ചതിക്കാൻ നോക്കിയപ്പോൾ നഷ്ടപ്പെട്ടത് എന്റ ഭാര്യയാ , ഇനി നീയും ജീവിക്കണ്ട ...!" പറഞ്ഞതും പള്ളയിൽ കത്തി കേററിയതും ഒരുമിച്ചായിരുന്നു.

ആ ജീവൻ അവിടെ അവസാനിച്ചു. " കൊല്ലണമെന്നു കരുതി ചെയ്ത തല്ല സാറെ..! എന്റ സിന്ധുവിനെ ഓർത്തപ്പോൾ"

വൈകിവന്ന സുബോധത്തിൽ നിലവിളിച്ചെങ്കിലും നിയമത്തിന്റ മുന്നിൽ സുധാകരൻ കൊലപാതകിയായി.

ഒരു കുടുബത്തിന്റ തകർച്ച . ആ സ്ത്രീ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ കുറച്ചുനേരം എന്നിലും ജീവൻ വിട്ടകന്നപോലെ.

"വാടക വീട്ടീന്നു ഇറങ്ങി കൊടുക്കേണ്ടി വന്നു. സഹായിക്കാനും ആരും ഇല്ല . ഈ കുഞ്ഞിനെ നോക്കാനുള്ള പാങ്ങില്ല സാറെ..!  ഇന്നു കോടതിയിൽ ഇവന്റ അപ്പനെ കൊണ്ടുവരും. ഇവനെ സുധാകരന്റ അടുത്ത് ഏൽപ്പിച്ചു വിടാൻ വന്നതാ". അതു കേട്ടു ഞാൻ മാത്രമല്ല കടക്കാരനും വല്ലാതായി. ആറുവയസ്സുകാരനെ ഒരു വിചാരണ തടവുകാരന്റ കൂടെ വിടുമോ?" ഞാൻ ഉത്തരം അറിയാതെ സ്വയം ചോദിച്ചു.

"എനിക്ക് എഴുപത് വയസ്സായി. ആരുടെ മുന്നിൽ കൈ നീട്ടിയിട്ടായാലും എനിക്ക് എന്റ സുധാകരനെ ജാമ്യത്തിലെടുക്കണം. അതിനാദ്യം ഈ കുഞ്ഞിനെ അവനെ ഏൽപ്പിക്കണം" പറയുമ്പോൾ അവർ കരയുന്നുണ്ടായിരുന്നു. "അമ്മമ്മാ.. ദേ അച്ഛൻ വരുന്നു" കുട്ടി വിളിച്ചു പറഞ്ഞു കൊണ്ടു റോഡിലേക്കോടി. രണ്ടു പോലീസുകാരുടെ അകമ്പടിയിൽ സബ് ജയിലിൽ നിന്നുള്ള വരവാണ്. മോൻ ഓടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു.

അപ്പോൾ അവരിൽ കണ്ട സന്തോഷം..! വിലങ്ങിട്ട കൈകൾ കൊണ്ടു സുധാകരനു സ്നേഹം പ്രകടിപ്പിക്കാൻ പരിമിതി ഉണ്ടായിരുന്നു. എന്നിട്ടും അവൻ മകനെ അണച്ചുപിടിച്ചു. ഇങ്ങനെയൊരു ഗതികേട് ദൈവം അയാൾക്കു കൊടുക്കാൻ പാടില്ലായിരുന്നു. ആ കുഞ്ഞു കൈകൾ അച്ഛന്റ വിലങ്ങിൽ പിടുത്തമിട്ടു പിന്നെ വലിച്ചു കൊണ്ടു ആ കടയിലേക്കു കൊണ്ടുവന്നു. "അച്ഛാ.. എനിക്ക് ഇത് വാങ്ങി താ ..." ജിലേബിയിൽ കൈചൂണ്ടി ആ മകൻ അച്ഛനോടു പറഞ്ഞപ്പോൾ അയാൾ നിസ്സഹായതയിൽ പോലീസുകാരനെ നോക്കി. "കുഞ്ഞിനു വേണ്ടതെല്ലാം വാങ്ങിച്ചു കൊടുക്ക്. ഞാൻ കാശു കൊടുത്തോളാം." കണ്ടാൽ പരുക്കനെന്നു തോന്നിപ്പിക്കുന്ന പോലീസുകാരൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി.

ജിലേബി കൈയ്യിൽ കിട്ടിയപ്പോൾ അവൻ അച്ഛനെ അണച്ചുപിടിച്ചു. പിന്നെ സന്തോഷത്തോടെ വിലങ്ങു തൊട്ടുചോദിച്ചു. " അച്ഛാ ... ഇതുപോലൊരണ്ണം എനിക്കും കൈയ്യിൽ ഇടാൻവാങ്ങി തരുമോ?" സുധാകരൻ മകന്റ  വാ പൊത്തി. കേട്ടു നിന്ന എല്ലാരും വല്ലാതായി. " ഇതൊരിക്കലും എന്റ മോൻ ആഗ്രഹിക്കരുത്. ഇതൊരു വേദനയാ" .

ഗതികേടിന്റേയും നിസ്സഹായതയുടേയും രൂപക്കൂട്ടിൽ തളച്ചിട്ടവനെപോലെ സുധാകരൻ പറഞ്ഞപ്പോൾ സിന്ധുവിന്റെ അമ്മ അവന്റ കൈയ്യിൽ പിടുത്തമിട്ടു.

" സുധാകരാ നിന്നെ ഇറക്കാൻ ഈ അമ്മക്ക് വയസ്സുകാലത്ത് പിച്ച തെണ്ടണം' എന്നാലും ഞാൻ നിന്നെ ഇറക്കും. പക്ഷേ മക്കള് ഇവനെ ജയിലിലേക്ക് കൊണ്ടുപോകണം . വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല."

സുധാകരൻ വല്ലാതാക്കുന്നതു ഞാൻ കണ്ടു. പോലീസുകാർ പരസ്പ്പരം നോക്കുന്നു. അവർക്കു മുമ്പിൽ ആ സ്ത്രീ കൈകൂപ്പി. " ഗതി കെട്ടിട്ടാ സാറുമ്മാരെ..! കുഞ്ഞിനെകൊണ്ടുപോകാൻ കനിയണം." അവർ സുധാകരനെ നോക്കി. അവൻ മകനെ ചേർത്തുപിടിച്ചു. അപ്പഴും മോൻ അച്ഛന്റ കൈയ്യിലെ വിലങ്ങിൽ നിന്നു പിടുത്തം വിട്ടില്ല.

" ഞാനല്ലാതെ ഇവനു ഭൂമിയിൽ വേറെ ആരും ഇല്ല. അമ്മക്കു പറ്റാതെ വന്നാൽ ഇവൻ അനാഥാലയത്തിൽ..!

ഓർത്തപ്പോൾ നെഞ്ചിലെവിടെയോ വേദന കുത്തുന്ന പോലെ സുധാകരനു തോന്നി.

"സാറെ എന്റ കൂടെ ജയിലിലേക്കു കൊണ്ടുപോകാൻ സാറു സൗകര്യം ചെയ്യുമോ. എന്റ കൺവെട്ടത്ത് ഉണ്ടാകുമല്ലോ"

ആ അമ്മക്കൊപ്പം സുധാകരനും കൈകൂപ്പിയപ്പോൾ കണ്ടു നിന്ന ഞാനും വല്ലാതായി.

എന്തൊക്കെ ജീവിതങ്ങളാ. എന്തിനാ ഈശ്വരൻ ഇതൊക്കെ കാണിച്ചു തരുന്നത്.

"സുധാകരാ നമ്മൾ കോടതിയിലേക്കാ പോകുന്നത്. അവിടെ കാര്യങ്ങൾ അവതരിപ്പിക്കാം. കോടതി ഒരു തീരുമാനം എടുക്കും."

പോലീസുകാരൻ പറഞ്ഞപ്പോൾ സുധാകരൻ ആശ്വസിക്കുന്ന പോലെ എനിക്കു തോന്നി.

"അമ്മേ .. മോനെ ഞാൻ കൊണ്ടുപോകുകയാ ." സുധാകരൻ പറഞ്ഞപ്പോൾ ആ അമ്മ തന്റ കൊച്ചു മകന്റ കവിളിൽ ഉമ്മ കൊടുത്തു. " അച്ഛാ .. നമ്മൾ താമസിക്കുന്നിടത്ത് പൂന്തോട്ടമുണ്ടോ? കളിസ്ഥലം ഉണ്ടോ ? എനിക്കു കൂട്ടുകാർ ഉണ്ടോ?  ആ കുഞ്ഞു ഒറ്റ ശ്വാസത്തിൽ കുറെ ചോദ്യങ്ങൾ ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. പോലീസുകാരൻ ആ കുഞ്ഞിന്റ തലയിൽ തലോടി. "എല്ലാം ഉണ്ടാവും" പോലീസുകാരൻ ആശ്വസിപ്പിച്ചപ്പോൾ സന്തോഷം കൊണ്ടു ആ കുഞ്ഞ് അച്ഛന്റെ കൈത്തണ്ടയിൽ ഉമ്മ കൊടുത്തു. ആ അമ്മ ഒരു പ്ലാസ്റ്റിക്ക് കവർ കുഞ്ഞിന്റ കൈയ്യിൽ വെച്ചു കൊടുത്തു. " അവന്റ ഉടുപ്പുകളാ" . "കോടതി കൂടാൻ സമയമായി". പോലീസുകാരൻ ഓർമ്മപ്പെടുത്തിയപ്പോൾ സുധാകരൻ അമ്മയോടു യാത്ര ചോദിച്ചു. സത്യം പറഞ്ഞാൽ എന്റ കണ്ണും നിറഞ്ഞു. കുഞ്ഞ് അമ്മമ്മക്കു ' ടാറ്റാ ' കൊടുത്തു. കടക്കാരൻ പൊതിഞ്ഞു കൊടുത്ത പലഹാരം വാങ്ങുമ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു. "അമ്മമ്മേ.. ഇതു ഞാൻ കൂട്ടുകാർക്കു കൊടുക്കും" സുധാകരൻ നടന്നു തുടങ്ങിയപ്പോൾ അവന്റ ഷർട്ടിന്റ അറ്റത്ത് പിടിച്ചു മകനും നടന്നു തുടങ്ങി. അതൊരു ദയനീയ കാഴ്ച്ചയായിരുന്നു. മക്കളെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കൾക്കും താങ്ങാൻ പറ്റാത്തത്. 'ഈശ്വരൻ ഇത്രയും ക്രൂരനാണോ' പയ്യൻ സന്തോഷം കൊണ്ടു തുള്ളിയാടിയാണ് പോകുന്നത്. ഇടയ്ക്കു തിരിഞ്ഞു വീണ്ടും അമ്മമ്മക്കു ടാറ്റാ കൊടുത്തു. ആ പ്രായം ചെന്ന ഹൃദയത്തിനു താങ്ങാൻ പറ്റാത്തതു കൊണ്ടാവാം അവരും കരഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു.

അതറിയാതെ വീണ്ടും ആ കുഞ്ഞ് തിരിഞ്ഞു നിന്നു ടാറ്റാ കാണിച്ചപ്പോൾ ആ കാഴ്ച്ചക്ക് ഞാനും തിരിച്ചു ടാറ്റാ കൊടുത്തു. ജീവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച്ച ആദ്യായിട്ടായിരുന്നു. കൺമുന്നിൽ നിന്നു അവർ മറഞ്ഞപ്പോൾ ചായ വാങ്ങി ഞാനും ഇറങ്ങി നടന്നു. ഭാരമുളള മനസ്സുമായി. ഇപ്പോൾ പന്ത്രണ്ടുവർഷായി. ആ കാഴ്ച്ച ഇപ്പോഴും മുന്നിലുണ്ട്.

അവരൊക്കെ എവിടാരിക്കും. ആ കുഞ്ഞു ജയിലിൽതാമസിച്ചോ..? അതോ അനാഥാലയത്തിൽ ? സുധാകരനെ ശിക്ഷിച്ചു കാണുമോ? അല്ലെങ്കിൽ...? അറിയില്ല. ഒന്നറിയാം.ഭൂമിയിൽ എന്നെത്തെയുംപോലെ ഒരോ ദിവസവുംകടന്നുപോകും. പക്ഷേ ഗതികേടിന്റ ആൾരൂപങ്ങളായി ഇനിയും സുധാകരൻന്മാർ ജനിച്ചു കൊണ്ടിരിക്കും.


സ്നേഹപൂർവ്വം, 

ഉണ്ണി പൂരുരുട്ടാതി


N:B- ജീവിച്ചിരിക്കുന്ന ചിലർക്ക് ഈ കുറിപ്പ് ബുദ്ധിമുട്ടാവാതിരിക്കാൻ പേരും സ്ഥല പേരും മാറി പറഞ്ഞിരിക്കുന്നു.

Author
Citizen Journalist

Fazna

No description...

You May Also Like