ആറ് വർഷത്തിന് ശേഷം ജോർജ് കുട്ടിയും കുടുംബവും; ചിത്രം പങ്കുവച്ച് ജീത്തു ജോസഫ്
- Posted on October 05, 2020
- Cinemanews
- By enmalayalam
- 632 Views
മോഹൻലാൽ നായകനായി 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ബോക്‌സ് ഓഫീസിൽ വൻ വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇപ്പോഴിതാ ലൊക്കേഷൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ആറ് വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും എന്ന ക്യാപ്ഷനോടെയാണ് ജീത്തു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. വരുണിന്റെ മരണവും അതിന് ശേഷമുള്ള സംഭവ വികാസങ്ങൾക്കും ശേഷമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമാണ് ദൃശ്യം 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുക. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
24 news