പ്രഥമ ഭൂഗർഭ ജല മീനിനെ കണ്ടെത്തി, കുഫോസ് അധ്യാപകനുൾപ്പെട്ട അന്താരാഷ്ട്ര ശാസ്ത്രജ്ഞസംഘം.


അത്യപൂർവ്വമായ ഭൂഗർഭ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തി ഒരു സംഘം ഗവേഷകർ.

കേരള ഫിഷറീസ് സർവകലാശാലയിലെ അധ്യാപകൻ ഉൾപ്പെട്ട, ജർമ്മനി, ഇന്ത്യ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര മൽസ്യ ഗവേഷക സംഘം കിഴക്കൻ ഹിമാലയ മേഖലയിൽ നിന്ന് പുതിയ ഇനം ആദ്യ ഭൂഗർഭ ജല മീനിനെ കണ്ടെത്തി. അസാമിലെ ഒരു ഗ്രാമത്തിലെ കിണറിൽ നിന്നും കണ്ടെത്തിയ വിചിത്രമായ കാഴ്ചയില്ലാത്ത ഭൂഗർഭ ജലത്തിൽ വസിക്കുന്ന മീനിന് ഗിച്ചക് നാകാനാ എന്ന് ശാസ്ത്രീയ നാമകരണം ചെയ്തു. ഇത് ഒരേ സമയം പുതിയ ജനുസ്സും സ്പീഷീസുമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലും കിഴക്കൻ ഹിമാലയ പ്രദേശത്തും നിന്നുള്ള ഭൂഗർഭ ജലവാസി മീനിന്റെ ആദ്യ രേഖയായാണ് ഈ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ പ്രബന്ധം Scientific Reports - Nature Portfolio എന്ന സയന്റിഫിക് ജേർണലിൽ ഇന്നലെ പ്രസിദ്ധീകരിച്ചു.




‘ഗിച്ചക്’ (Gitchak) എന്ന ഗാരോ ഭാഷയിലെ ചുവപ്പ് എന്ന അർത്ഥമുള്ള പദവും, ‘ന-ടോക്’, ‘കന’ എന്നീ കാഴ്ചയില്ലാത്ത മീൻ എന്നർത്ഥമുള്ള പദങ്ങളും ചേർത്ത് ഈ പുതിയ ഇനത്തിന് Gitchak nakana എന്ന് പേരിട്ടത്. രക്തചുവപ്പ് നിറം പുലർത്തുന്ന ശരീരവും കണ്ണുകളില്ലാത്ത സ്വഭാവവും സൂചിപ്പിക്കുന്ന പേരാണിത്. Cobitidae കുടുംബത്തിൽ ഉൾപ്പെടുന്ന ഈ പുതിയ ജനുസ്സിൽപ്പെട്ട മീനിന് ഭൂഗർഭ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ‘ട്രോഗ്ലോമോർഫിക്’ (troglomorphic) ലക്ഷണങ്ങൾ കാണപ്പെടുന്നു. പരമാവധി 2 സെ.മീ. നീളം മാത്രം ഉള്ള ചെറു ശരീരം, പുറംഭാഗത്ത് കാണാവുന്ന കണ്ണുകളുടെ അഭാവം, വർണ്ണമില്ലാത്തതും സുതാര്യവുമായ രക്തചുവപ്പ് ശരീരം എന്നിവ അതിൽ ഉൾപ്പെടുന്നു. ഈ അത്യപൂർവ്വ ഭൂഗർഭ മീൻ Cobitidae കുടുംബത്തിലെ മറ്റു എല്ലാ അംഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഏറ്റവും അപൂർവ്വമായ സവിശേഷത തലച്ചോറിനെ മൂടുന്ന കപാലത്തിന്റെ (skull roof) പൂര്‍ണമായ അഭാവമാണ്; തലച്ചോർ മുകളിലൂടെ ത്വക്കുകൊണ്ടുമാത്രമാണ് മൂടപ്പെട്ടിരിക്കുന്നത്. തലച്ചോറിന്റെ സംരക്ഷണ ഘടകമായ കപാലത്തിന്റെ അഭാവം അസ്ഥിമീനുകളിൽ അപൂർവ്വമാണ്.




ഈ ഗവേഷകസംഘത്തിൽ Ralf Britz, Amanda Pinion (സെൻകെൻബർഗ് മ്യൂസിയം, ഡ്രെസ്ഡൻ, ജർമ്മനി), Rajeev Raghavan (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കൊച്ചി), Wimarithy Marak, Kangjam Velentina (അസാം ഡോൺ ബോസ്കോ സർവകലാശാല, ഗുവാഹത്തി), Yumnam Lokeshwor (ധനമഞ്ജുറി സർവകലാശാല, മണിപ്പൂർ) എന്നിവരും Lukas Rüber (നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ബേൺ, സ്വിറ്റ്സർലാൻഡ്) എന്നിവരും ഉൾപ്പെട്ടിരുന്നു.




വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് കണ്ടെത്തപ്പെട്ട ഗിച്ചക് നാകാനാ ഈ ഭൂപ്രദേശത്ത് അത്യന്തം പ്രത്യേകതയാർന്ന ഭൂഗർഭ ജീവജാലങ്ങൾ നിലനിൽക്കുന്നതിന് തെളിവാണ്. ഇതുപോലുള്ള ജലവാസി ജീവികൾ മുമ്പ് ദക്ഷിണ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ലാറ്ററൈറ്റിക് താഴ്ന്ന പ്രദേശങ്ങളിലെ അക്വിഫറുകളിൽ നിന്നാണ് രേഖപ്പെടുത്തിയിരുന്നത്.


ഈ മീൻ ഇതുവരെ ഒരു കിണറിൽ മാത്രം കൃത്യമായ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അപൂർവ്വവും ശ്രദ്ധേയവുമായ ജീവികളെ വ്യാപകമായി അനിയന്ത്രിതമായി ശേഖരിക്കുന്ന പ്രവണത നിലനിൽക്കുന്നതിനാൽ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് പരിമിതപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.




“മേഘാലയയിലെ ഗുഹാമഹ്ഷീർയായ Neolissochilus pnar അടുത്തിടെ അന്താരാഷ്ട്ര അക്വേറിയം വ്യാപാരത്തിൽ ലഭ്യമായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന്റെ എണ്ണം, വ്യാപ്തി, ആവാസവ്യവസ്ഥയിലുള്ള ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനം ഇപ്പോഴും ലഭ്യമല്ല. ഇത്തരത്തിലുള്ള പരിമിത വ്യാപ്തിയുള്ള ഭൂഗർഭ മീനുകളുടെ സംരക്ഷണത്തിനായി ഇത്തരത്തിലുള്ള വിവരങ്ങൾ അനിവാര്യമാണ്,” എന്ന് കുഫോസിലെ അസിസ്റ്റന്റ് പ്രൊഫസറും IUCN SSC Freshwater Fish Specialist Group-ന്റെ ദക്ഷിണേഷ്യ ചെയർമാനുമായ ഡോ. രാജീവ് രാഘവൻ പറഞ്ഞു.


"ലോകത്തിലെ ഏറ്റവും നിഗൂഢവും പരിണാമപരവുമായ വ്യത്യസ്ത മത്സ്യ ഗ്രൂപ്പുകളിൽ ഒന്നാണ് ഭൂഗർഭ മത്സ്യങ്ങൾ. ഭൂഗർഭജലത്തിന്റെയും ഭൂഗർഭ മത്സ്യ ഗവേഷണത്തിന്റെയും ദേശീയ കേന്ദ്രമെന്ന നിലയിൽ, നൂതനമായ ഒരു പൗര-ശാസ്ത്ര പരിപാടിയിലൂടെയും വിപുലമായ അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഈ അപൂർവവും അധികം അറിയപ്പെടാത്തതുമായ ജീവിവർഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് കുഫോസ് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്,"  വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ അഭിപ്രായപ്പെട്ടു. ഇനിയും തിരിച്ചറിയപ്പെടാതെ ഭൂഗർഭ ജലജീവികളെക്കുറിച്ചുള്ള വ്യവസ്ഥാപിതവും ദീർഘകാലത്തിൽ ആസൂത്രണം ചെയ്യപ്പെടുന്നതുമായ ഗവേഷണം നിരവധി പുതിയ ജീവിവർഗങ്ങളെ കണ്ടെത്തലിനും ശാസ്ത്രലോകത്തിന് പ്രഹേളികളായി തുടരുന്ന ഇത്തരം ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like