സമയരഥങ്ങൾ
- Posted on March 08, 2023
- Ezhuthakam
- By Fazna
- 110 Views
കഥ ....

എന്തൊരു നശിച്ച വെയിലാണിത്....ഇറയത്തേക്കിറങ്ങി നിൽക്കുന്ന മാവിൻ ചില്ലയിൽ ചാവാറായി കിടക്കുകയാണ് കുറേ കണ്ണിമാങ്ങകൾ. വാടിപ്പഴുക്കുന്ന ജീവനുകളൊക്കെ ചത്തതിന് സമമാണെന്ന് മാഷ് പറയാറുള്ളത് അമ്മിണിയമ്മയ്ക്കോർമ്മ വന്നു. പതിവായി പകുതി പെൻഷൻ കിട്ടാനുള്ള ഏർപ്പാടുകൾ ചെയ്തിട്ട് മാഷ് ഒറ്റപ്പോക്കങ്ങ് പോയി. പൊടികളൊക്കെ പതിയെ പൊടിമീശക്കാരായി, പണി തേടി പടിഞ്ഞാറോട്ട് പോയവൻ തിരിഞ്ഞ് നോക്കാറുമില്ല.ഇളയ മകൻ രമേശന്റെ കൂടെയാണ് അമ്മിണിയമ്മ നിൽക്കുന്നത്. പെണ്ണൊരുത്തിയെ കെട്ടിച്ചയക്കാനായി തറവാട് വിൽക്കേണ്ടി വന്നപ്പോൾ വാടകയ്ക്ക് മാറിയതാണ്. മതിലുകളിൽ പരസ്യമെഴുതുന്ന പണിയായിരുന്നു രമേശന്. നാടോടി നടന്നാൽ ജോലിയുണ്ടാകുമെങ്കിലും അയാൾ കൂട്ടാക്കാറില്ല. കാരണം അമ്മയ്ക്കും സുധയ്ക്കും അഞ്ച് വയസ്സുകാരി മണിക്കുട്ടിയ്ക്കും സുഖമായിട്ടുറങ്ങാൻ അച്ഛന്റെ പകുതി പെൻഷൻ ധാരാളമാകുന്നു.
പറയാതെയാണ് കാറ്റ് വന്നത്. പഴയ മണമായിരുന്നു ആ വീടിനും വീട്ടുകാർക്കും. ആവതില്ലാതിരുന്നിട്ടും തന്നാലാവുന്ന പണികളൊക്കെ അമ്മിണിയമ്മ ചെയ്തു കൊടുക്കും. കുളിച്ചൊരുങ്ങിയിറങ്ങുന്ന മണിക്കുട്ടിയുടെ മുടി കെട്ടിക്കൊടുക്കലാണ് അവസാനത്തെ പണി. അവളെ സ്കൂളിൽ കൊണ്ടാക്കിയിട്ട് ആ വഴി രമേശനും പോകും. തയ്ക്കാനുള്ള തുണികളുമായി സുധ മുറിയിക്കുള്ളിൽ കയറിയാൽ പിന്നെ അമ്മയുടെ ലോകം ഉമ്മറമാണ്. പത്രത്തിലെ ചരമവാർത്തകൾ കുത്തിയിരുന്ന് കുടിക്കലാണ് പ്രധാന ജോലി. മരണപ്പെട്ടവരുടെ ഫോട്ടോ നോക്കി അവരുടെ ഭൂതകാലം വായിച്ചെടുക്കാനുള്ള അസാധ്യ കഴിവ് അമ്മിണിയമ്മയ്ക്കുണ്ടായിരുന്നു. കിഴക്കു വശത്തുള്ള കൊച്ചുത്രേസ്യയുടെ വീടിന് കഞ്ചാവിന്റെ മണമാകുന്നു. പട്ടിണി കിടന്നാലും പണിയ്ക്ക് പോവാൻ കൂട്ടാക്കാത്ത കുറേ പാഴുകൾ താമസിക്കുന്ന സ്ഥലം...കാല് തല്ലിയൊടിച്ച് തന്നെ കിടത്തിക്കളഞ്ഞ മകൻ ചാവാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരപ്പൻ അവിടെയുണ്ട്. അമ്മ ലോട്ടറി വിറ്റ് തിരിച്ചെത്താനായി കാത്തിരിക്കുന്ന ഒരടുപ്പും...
വെളിച്ചമെന്ന വിശറി കൊണ്ട് ഇലകളെ ഉണർത്തുകയാണ് ഭൂമി. ശനിയാഴ്ച അവധി ദിവസമായത് കൊണ്ട് മണിക്കുട്ടി തൊടിയിൽ കറങ്ങി നടക്കുന്നുണ്ട്. കച്ചിയിൽ പൊതിഞ്ഞ അത്ഭുത വസ്തുവുമായി അച്ഛമ്മയെ കാണാൻ വന്നവളുടെ കൈയിൽ തവിട്ട് നിറമുള്ള രണ്ട് മുട്ടയുണ്ട്. ആകാശത്തിന്റെ അറ്റത്ത് നിന്നും ഇടയ്ക്കിടെ തന്നെ കാണാൻ വരാറുള്ള പരുന്തിനെ അമ്മിണിയമ്മയ്ക്കോർമ്മ വന്നു. ചില ബോധ്യങ്ങൾ ബുദ്ധിയ്ക്കതീതമാകുന്നു. വിരിഞ്ഞ ജീവനുകളെ വിശ്വസിച്ചേൽപ്പിക്കാവുന്ന വീടാണതെന്ന് ആ അമ്മയ്ക്കറിയാം. പൂമണവും, പകൽ വെളിച്ചവും കുയിൽപ്പാട്ടുമൊക്കെ പ്രതിഫലം പ്രതീക്ഷിക്കാത്ത അത്ഭുതങ്ങളാകുന്നു. മനുഷ്യരെന്താണ് അങ്ങനെ ആവാത്തത്? ഇല്ലായ്മകളുടെ പുതപ്പിനുള്ളിൽ ഉറങ്ങാതെ കിടക്കുന്ന മനുഷ്യൻ. ഇന്നത്തെ വെയിലിന് ഇന്നലെയെക്കാളും ചൂടുണ്ട്. കാത്തിരിക്കുന്ന വേനൽ മഴ നാളെ പെയ്യാതിരിക്കില്ല. കുറേ പൊരുളുകളുടെ നിഴലിന്റെ പേരാവണം സ്വപ്നം. പല തലമുറയിൽപ്പെട്ട ഉണക്കയിലകൾ തൊടിയിൽ കൂടിക്കിടക്കുകയാണ്. ഒരർത്ഥത്തിൽ കത്തിക്കുകയോ കുഴിച്ച് മൂടുകയോ ചെയ്യുമ്പോഴാവണം പലതും മരിക്കുന്നത്.
അമ്മിണിയമ്മയുടേ കൈനീട്ടം വാങ്ങിയാണ് കൊച്ചുത്രേസ്സ്യയുടെ കച്ചവടം തുടങ്ങാറ്. വലിയ വരായ്ക ഇല്ലാതിരുന്നിട്ടും തനിക്കായി ദിവസവും ലോട്ടറി എടുക്കുന്ന ആ നല്ല മനസ്സിനെ പരസ്യമായി അവർ സ്തുതിക്കാറുമുണ്ട്. ഉച്ചമയക്കം പോലുമുപേക്ഷിച്ച് ഉമ്മറത്തിരിക്കുന്ന അമ്മിണിയമ്മയ്ക്ക് ആകാശമൊരു ക്യാൻവാസാകുന്നു. ഇല്ലായ്മകളെ ചവച്ചിറക്കി ചിരിക്കുന്ന മിക്ക മനുഷ്യരുടേയും മനസ്സിൽ ഇത് പോലൊരു കടലാസ്സുണ്ടാവണം. അവിടെ വിടരുന്ന ചിത്രങ്ങൾ അവനവന്റെ മാത്രം അവകാശമത്രേ..പ്രതീക്ഷയുടെ ഏണിപ്പടികൾ ചവിട്ടി അമ്മിണിയമ്മ ആകാശം കയറുകയാണ്. അവിടെ അവർക്കൊരു വീടുണ്ട്, സമൃദ്ധിയുടെ സന്തോഷമുണ്ട്. സഹജീവികളുടെ ചിരിക്കുന്ന മുഖമുണ്ട്. ലോട്ടറിയുടെ ഫലം ഒരിക്കൽ പോലും അവരെ നിരാശപ്പെടുത്തുന്നില്ല. എപ്പഴോ ഒരിക്കൽ വന്നുപോയ കിളികളെ കാത്തിരിക്കുന്ന മരച്ചില്ലകളുണ്ടാവണം. കണ്ണ് തുറക്കുന്നതോടെ തീരുമെന്നറിഞ്ഞിട്ടും വെറുപ്പ് തോന്നാത്ത തണുപ്പാകുന്നു ജീവിതം. കൊച്ചുത്രേസ്സ്യ പക്ഷെ ഇതുവരെ ലോട്ടറി എടുത്തിട്ടില്ല. കാരണം എടുത്താൽ അടിക്കുമെന്നവർക്കറിയാം. മോഹങ്ങളെ കുഴിച്ച് മൂടുന്ന മണ്ണിന്റെ തണുപ്പും ജീവിതം തന്നെ...
- Dr. എബി ലൂക്കോസ്