ലോകബാങ്ക് പ്രതിനിധി സംഘവുമായി കൃഷി മന്ത്രി പി പ്രസാദ് കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ കാർഷിക ഭൂപ്രകൃതിയെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ബൃഹത്തായ ആശയം ഈ യോഗത്തിൽ കൃഷിമന്ത്രി മുന്നോട്ടുവച്ചു

തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സീനിയർ ഇക്കണോമിക്സ്  സ്‌പെഷ്യലിസ്റ്റും കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ട് (KERA)ന്റെ ടീം ലീഡറുമായ ക്രിസ് ജാക്‌സണുമായി കൃഷി മന്ത്രി  പി. പ്രസാദ് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന 'കേര'പദ്ധതി പ്രാഥമിക പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താനാണ് ചർച്ച നടത്തിയത്. 

കേരളത്തിന്റെ കാർഷിക ഭൂപ്രകൃതിയെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ബൃഹത്തായ ആശയം ഈ യോഗത്തിൽ കൃഷിമന്ത്രി മുന്നോട്ടുവച്ചു. തെങ്ങ്, കുരുമുളക് കൃഷിക്കുള്ള പിന്തുണ, പ്രാദേശിക കർഷകരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള കൃഷിക്കൂട്ടങ്ങൾക്കുള്ള പിന്തുണ, കീട-രോഗ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിന് കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് (കെസിപിഎം) തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം. കൂടാതെ, ഫാർമർ ഫീൽഡ് സ്കൂൾ പ്രോഗ്രാം വിപുലീകരിക്കുക, കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കും സംസ്കരണത്തിനുമായി 'വൈഗ' എന്ന ആശയത്തെ  മെച്ചപ്പെടുത്തുക, കേരളത്തിന്റെ കാർഷികോൽപ്പന്നങ്ങളുടെ ബ്രാൻഡിംഗും വിപണനവും, കൂണിന്റെയും തേനിന്റെയും ഉത്പാദനം ലാഭകരവും സുസ്ഥിരവുമാക്കുക തുടങ്ങിയ വിഷയങ്ങളും കൃഷിമന്ത്രി മുന്നോട്ട് വച്ചു.

കാർബൺ-ന്യൂട്രൽ ഫാമുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ചെറുധാന്യകൃഷിയുടെ സാധ്യതകൾ തിരിച്ചറിയുന്നതിനെ കുറിച്ചും  കാർഷിക പരിസ്ഥിതി അധിഷ്ഠിത കൃഷികൾക്കുള്ള സാമ്പത്തിക സഹായം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കർഷകരുടെ  കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും സമകാലീന പ്രാധാന്യത്തെ കുറിച്ചും ഇവ കർഷകർക്കിടയിൽ വളർത്തിയെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.

ലോകബാങ്കിന്റെ സീനിയർ  ഇക്കണോമിക്‌സ് സ്‌പെഷ്യലിസ്റ്റും കേര പദ്ധതിയുടെ ടീം ലീഡറുമായ ക്രിസ് ജാക്‌സൺ ഈ നിർദ്ദേശങ്ങൾ കേൾക്കുകയും, വരാനിരിക്കുന്ന പദ്ധതി ഘടകങ്ങളിൽ പ്രസക്തമായവയെ  പരിഗണിക്കുമെന്നും മന്ത്രിക്ക് ഉറപ്പ് നൽകി. കാർഷിക പ്രതിരോധശേഷി, സുസ്ഥിരത, സംസ്ഥാനത്തെ കാർഷിക മേഖലയുടെ മൊത്തത്തിലുള്ള വികസനം എന്നിവയും ലക്ഷ്യമിടുന്ന കേര പദ്ധതി കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് കൂടുതൽ സമ്പന്നവും, ഒപ്പം കൃഷിയിൽ കാലാവസ്ഥാനുസൃതമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമാണ്. മറ്റു ലോക ബാങ്ക് പ്രതിനിധികളോടൊപ്പം കാർഷികോല്പാദന കമ്മീഷണർ ബി അശോക് ഐഎഎസ്, കൃഷി ഡയറക്ടർ കെ എസ് അഞ്ജു ഐഎഎസ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ എൽ ആർ ആരതി ഐ ഇ എസ്, കാർഷിക വിലനിർണ്ണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, കൃഷി അഡിഷണൽ ഡയറക്ടർ ബീന ലക്ഷ്മൺ എന്നിവരും പങ്കെടുത്തു.

Author
No Image
Journalist

Dency Dominic

No description...

You May Also Like