ഭീകരരുടെ രണ്ടാമത്തെ വാഹനവും കണ്ടെത്തി.
- Posted on November 13, 2025
- News
- By Goutham prakash
- 20 Views
സി.ഡി. സുനീഷ്.
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. ചുവന്ന എക്കോ സ്പോർട്ട് കാറാണ് ഫരീദാബാദ് പൊലീസ് പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു കാർ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമ്മിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ഡൽഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസമ്മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. സംഭവദിവസം ഉമർ 11 മണിക്കൂർ ഡൽഹിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായി. ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.
