മെമുവിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം
കോവിഡിന് ശേഷം സമയവും പേരും മാറ്റി സർവീസ് ആരംഭിച്ച കായംകുളം എറണാകുളം മെമുട്രെയിനിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കോവിഡിന് ശേഷം സമയവും പേരും മാറ്റി സർവീസ് ആരംഭിച്ച കായംകുളം എറണാകുളം മെമുട്രെയിനിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കോവിഡിന് മുൻപ് 56387/88 നമ്പറുകളിൽ സർവീസ് നടത്തിയിരുന്ന പാസഞ്ചർ തീവണ്ടികളാണ് രണ്ടര വർഷത്തിനുശേഷം ഇപ്പോൾ എക്സ്പ്രസ്സ് മെമു സ്പെഷ്യൽ ആയി തിരിച്ചെത്തിയപ്പോൾ ഹാൾട്ട് സ്റ്റേഷനുകൾക്ക് പുറമെ പ്രധാന സ്റ്റേഷനുകളിൽ പോലും സ്റ്റോപ്പ് ഇല്ലാതായത്. തികച്ചും അശാസ്ത്രീയമായാണ് സമയം പുനക്രമീകരിച്ചിരിക്കുന്നത്. നേരത്തെ 12:20 ന് പുറപെട്ടു 13: 07ന് വൈക്കത്തെത്തി 15: 40ന് കായംകുളം എത്തിയിരുന്ന ട്രെയിൻ ഇപ്പൊൾ രാവിലെ 08: 45ന് പുറപെട്ടു 11: 40ന് കായംകുളം എത്തിച്ചേരും. പക്ഷേ രാവിലെ 09: 30ന് കോട്ടയം പാസഞ്ചർ, 09: 38ന് പുനലൂർ ഇൻ്റർസിറ്റി എക്സ്പ്രസ് എന്നി ട്രെയിനുകൾക്ക് ശേഷം 09: 52ന് കോട്ടയം എത്തുന്ന മെമു സ്വാഭാവികമായി യാത്രക്കാർക്കും റയിൽവേക്കും നഷ്ടം മാത്രമേ സമ്മാനിക്കൂ. അതേപോലെ വൈകിട്ട് 05:05ന് കായംകുളത്ത് നിന്നും ആരംഭിച്ച് 06: 13ന് കോട്ടയതെത്തി 08:10ന് എറണാകുളം എത്തിയിരുന്ന പഴയ പാസഞ്ചർ ട്രെയിൻ കോട്ടയത്തെ സ്വകാര്യ ജീവനക്കാരുടെ ആശ്രയമായിരിന്നു. എന്നാൽ ഇപ്പൊൾ വൈകിട്ട് 03: 00ന് പുറപ്പെട്ട് 04ന് കോട്ടയത്തെത്തി 05: 50ന് എറണാകുളം എത്തുന്ന മെമു വൈകിട്ടും യാത്രക്കാർക്ക് പ്രയോജനപ്രദമല്ല.ഈ മെമു തന്നെ തിരിച്ചു 06:15ന് കൊല്ലത്തേക്ക് പുറപ്പെടേണ്ടതിനാൽ വൈകിട്ട് താമസിക്കുന്നത് എറണാകുളത്ത് നിന്നുള്ള യാത്രക്കാരെയും ബാധിച്ചിരിക്കുകയാണ്.
അശാസ്ത്രീയമായ പുതിയ സമയക്രമം പിൻവലിക്കണമെന്നും പുതിയ മെമുവിന് വൈക്കം റോഡ് (ആപ്പാഞ്ചിറ) റയിൽവേ സ്റ്റേഷനിൽ എത്രയും വേഗം സ്റ്റോപ്പ് അനുവദിക്കണമെന്നും പഴയ സമയക്രമം പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ രാവിലെ 06: 30ന് കായംകുളത്ത് നിന്ന് ആരംഭിച്ച് 07:45ന് കോട്ടയത്തെത്തി 09: 15ന് എറണാകുളം എത്തുന്ന വിധത്തിൽ പാലരുവി വേണാട് എന്നീ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ഇടയിലോ അല്ലെങ്കിൽ രാവിലെ 6 മണിക്ക് പുറപ്പെടുന്ന എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സിന് കണക്ഷൻ ലഭിക്കും വിധമോ കോട്ടയം വഴി സർവീസ് നടത്തണമെന്ന് വൈക്കം റോഡ് യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. മെമുവിനൊപ്പം വേണാട് എക്സ്പ്രസ് അടക്കം മറ്റു എക്സ്പ്രസ്സ് തീവണ്ടികൾക്കും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് റയിൽവേ മന്ത്രി, റയിൽവേ ബോർഡ് ചെയർമാൻ, റയിൽവേ ഡിവിഷണൽ മാനേജർ, തോമസ് ചാഴിക്കാടൻ എം പി, ജോസ് കെ മാണി എം പി എന്നിവർക്ക് വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നിവേദനം സമർപ്പിക്കുവാനും തീരുമാനിച്ചു