ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും
- Posted on May 14, 2024
- News
- By Varsha Giri
- 163 Views
തോട്ടം മേഖലയിൽ പരിശോധനയ്ക്ക് മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്.
തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറിൽ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകുമെന്നും കമ്മിഷണർ അറിയിച്ചു.
തോട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കൂടുതൽ തൊഴിലാളികളെ നേരിൽ കണ്ട് മിനിമം വേതനം, ലയങ്ങൾ, അർഹമായ അവധികൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.