രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സീവീഡ് സിമ്പോസിയത്തിന് കേരളം ആതിഥ്യം വഹിക്കുന്നു.



സ്വന്തം ലേഖകൻ


ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥയുടെ സാധ്യതകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്ന ഒരു ചരിത്ര നാഴികക്കല്ലാണ് രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര സീവീഡ് സിമ്പോസിയം. 'കടൽപായൽ 2026: മൂല്യ ശൃംഖലകൾ, കാലാവസ്ഥാ പരിഹാരങ്ങൾ, നീല സാമ്പത്തിക പാതകൾ' എന്ന വിഷയത്തില്‍ നടക്കുന്ന ഈ സിമ്പോസിയത്തെപ്പറ്റി അറിയിക്കുവാനാണ് ഈ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. 


കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കേരള സർക്കാരിന്റെ മത്സ്യബന്ധന വകുപ്പും ചേർന്നാണ് ഈ സുപ്രധാന സമ്മേളനം 2026 മാർച്ച് 5 മുതൽ 7 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. കടൽപായൽ ഗവേഷണ-വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, വ്യവസായികൾ, നയരൂപീകരകർ, സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ, ഈ സുപ്രധാന മേഖലയിൽ സുസ്ഥിര വളർച്ചയ്ക്കുള്ള ഒരു മാർഗ്ഗരേഖ രൂപപ്പെടുത്തുകയാണ് സിമ്പോസിയത്തിന്റെ പ്രാഥമിക ലക്ഷ്യം.


മൂന്ന് ദിവസം നീളുന്ന ഈ ആഗോള സമ്മേളനത്തിൽ പത്ത് സാങ്കേതിക സെഷനുകൾ, അന്താരാഷ്ട്ര സിംപോസിയം, കടൽപായൽ ഉൽപ്പാദനവും മൂല്യവർധനവുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പുകൾ, ദേശീയ പ്രദർശനം, ബിസിനസ് മീറ്റ് എന്നിവ നടക്കും. ഐ.സി.എ.ആർ - സിഐഎഫ്‌ടി (CIFT), ഐ.സി.എ.ർ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI), നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (NFDB) എന്നിവരുമായി ചേർന്ന് തീരദേശ സംരംഭകരെയും എസ്.സി/എസ്.ടി വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സീവീഡ് ഫാർമേഴ്സ് മീറ്റ് സംഘടിപ്പിക്കും.


സമ്മേളനത്തോടനുബന്ധിച്ച് ഞങ്ങൾ പുറത്തിറക്കുന്ന 'ഇന്ത്യയുടെ സീവീഡ് റോഡ് മാപ്പ് 2030' രാജ്യത്തിന്റെ കടൽപായൽ മേഖലക്ക് ദിശാബോധം നൽകുന്ന ഒരു സുപ്രധാന ശാസ്ത്രീയ നയരേഖയായിരിക്കും. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുമായും (SDG) ഇന്ത്യയുടെ ബ്ലൂ ഇക്കോണമി മിഷനുമായും ചേർന്നാണ് രൂപപ്പെടുത്തുന്നത്.


ഓസ്‌ട്രേലിയയിലെ മർഡോക്ക് സർവകലാശാലയിലെ എമിറിറ്റസ് പ്രൊഫസർ മൈക്കിൾ ബൊറോവിറ്റ്സ്‌, ഇറ്റലിയിലെ ഫോജിയ സർവകലാശാലയിലെ ഡോ. മട്ടിയോ ഫ്രാങ്കവില്ല എന്നിവർ ഉൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രതിനിധികളായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കുക. കടൽപായൽ ജനിതകശാസ്ത്രം, ബ്ലൂ ബയോടെക്നോളജി, സുസ്ഥിര അക്വാകൾച്ചർ മാതൃകകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾ നമുക്ക് ലഭിക്കും. സംഘാടനത്തിൽ കുഫോസിനൊപ്പം, സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA), ഫോറം ഓഫ് ട്രഡീഷണൽ ഫിഷർമാൻ അസോസിയേഷൻസ് (FOTA), സീവീഡ് റിസർച്ച് ആൻഡ് യൂട്ടിലിസേഷൻ അസോസിയേഷൻ (SRUA) എന്നിവയുടെ സംയുക്ത പങ്കാളിത്തം ഈ സിമ്പോസിയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പോഷക സമ്പന്നവും ബയോആക്ടീവ് ഘടകങ്ങൾ നിറഞ്ഞതുമായ കടൽപായൽ, ആഹാരം, ഫാർമസ്യൂട്ടിക്കൽസ്, കോസ്മെറ്റിക്സ്, കാർഷിക മേഖലകൾ തുടങ്ങി അനവധി രംഗങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു സമുദ്രവിഭവമാണ്. വാണിജ്യ മൂല്യത്തിന് പുറമെ കാർബൺ ശേഖരണം, തീരസംരക്ഷണം, ഉപജീവന വൈവിധ്യം എന്നിവയിലും കടൽപായൽ കൃഷിക്ക് പ്രധാന സ്ഥാനമുണ്ട്. 10,000 കിലോമീറ്റർ നീളമുള്ള തീരപ്രദേശം ഉള്ള ഇന്ത്യക്ക്, കടൽപായൽ കൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെയും ആഗോളതലത്തിൽ മുന്നേറ്റം സാധ്യമാക്കാൻ കഴിയും. കേരളത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ നടപടികളും, ബയോ പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതികളുടെ പിന്തുണയും ചേർന്ന് തീരദേശ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമുള്ള വാതിൽ തുറക്കും. ഈ സിമ്പോസിയം ആ സാധ്യതകൾക്ക് ഉത്തേജകമാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like