കുസാറ്റ്: വിദ്യാർത്ഥികൾ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി മാറാൻ എല്ലാ സഹായവും ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു
വിദ്യാർത്ഥികൾ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി മാറുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതിനായി എല്ലാ തരത്തിലുമുള്ള ഹസ്‌താവലംബം ഒരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്
സി.ഡി. സുനീഷ്
കൊച്ചി: "വിദ്യാർത്ഥികൾ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി മാറുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതിനായി എല്ലാ തരത്തിലുമുള്ള ഹസ്‌താവലംബം ഒരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമപ്രായക്കാർക്കും തൊഴിലന്വേഷകർക്കും തൊഴിൽ നൽകുന്നരീതിയിൽ വിദ്യാർത്ഥികളിലെ സംരംഭകത്വതാല്പര്യം പ്രോത്സാഹിപ്പിക്കാനും സർക്കാരിന് അതീവസന്തോഷമാണ്. സർക്കാരും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കാനുള്ള പ്രവർത്തനങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് സാധ്യമാകുന്നുണ്ട്," കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) പ്രോ-ചാൻസലറും കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. സർവകലാശാലയിലെ ഇൻസ്ട്രുമെൻ്റേഷൻ വകുപ്പിൻ്റെ പുതുതായി നിർമ്മിച്ച ബ്ലോക്കിൻ്റെ മൂന്നാം നില ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നൂതനാശയങ്ങൾ പ്രായോഗികതലത്തിൽ പരിവർത്തനം ചെയ്യാനാകുന്ന നോളജ് ട്രാൻസ്‌ലേഷൻ സെന്ററുകളായി സർവകലാശാലകളെ മാറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളും ധനസഹായങ്ങളും വിശദീകരിച്ച മന്ത്രി ഡോ. ബിന്ദു കുസാറ്റിന് വൈജ്ഞാനികപുരോഗതിയുടെ മുൻപിൽ നടക്കുന്ന സ്ഥാപണം എന്ന് വിശേഷിപ്പിച്ചു. "അറിവ് മൂലധനമാക്കി വൈജ്ഞാനികമേഖലയുടെ വൈവിധ്യമാർന്ന തലങ്ങളിൽ ഇടപെട്ടുകൊണ്ട് മികവാർന്ന സേവനങ്ങളും ഉത്പന്നങ്ങളും പ്രക്രിയകളും വികസിപ്പിച്ച് സമൂഹത്തിന് ഉപകാരപ്രദമായ വലിയ സംഭാവനകൾ നൽകുന്ന സർവകലാശാലയാണ് കുസാറ്റ്. സാങ്കേതികതവിദ്യയിലൂടെ സമൂഹത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളൊരുക്കാനും അദ്‌ഭുതകരമായ സ്വാധീനങ്ങൾ ചെലുത്താനും പരിശ്രമിക്കുന്ന ഗവേഷണകുതുകികളായ അധ്യാപകരും വിദ്യാര്ഥികളുമുള്ള കുസാറ്റ് ക്യാമ്പസിനെ വളരെ പ്രത്യാശയോടെയാണ് സർക്കാർ കാണുന്നത്," മന്ത്രി കൂട്ടിച്ചേർത്തു.
വൈസ് ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രജിസ്ട്രാർ ഡോ. എ യു അരുൺ, കളമശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി. സീമ കണ്ണൻ, സിൻഡിക്കേറ്റ് അംഗം ഡോ.എസ്.എം. സുനോജ്, ടെക്നോളജി ഫാക്കൽട്ടി ഡീൻ ഡോ.എം.കൈലാസ്നാഥ്, ഇന്സ്ട്രുമെൻ്റേഷൻ വിഭാഗം മേധാവി ഡോ. പങ്കജ് സാഗർ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുസാറ്റിന് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 83.30 ലക്ഷം രൂപ ഉപയോഗിച്ചാണ് മൂന്നാം നില നിർമ്മിച്ചത്. 4,530 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന മൂന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും ഒരു ഡ്രോയിംഗ് റൂമും ശുചിമുറികളും ഉൾപ്പെടുന്നു. 2022 നവംബറിൽ ആരംഭിച്ച നിർമ്മാണം 2024 ഓഗസ്റ്റിൽ പൂർത്തിയായി. സർവകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നിർമാണം നടന്നത്.