മുത്തങ്ങ സമരം: കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു

കൽപ്പറ്റ: 

വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയായ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ അടക്കമുള്ളവർക്കെതിരെ ഗുഡാലോചന കേസ് നിലനിൽക്കുന്നില്ലെന്നും കുറ്റം ചെയ്തു എന്നു സംശയിക്കുന്നയാൾ മരണപ്പെട്ടതിനാൽ വിചാരണ നടന്നിട്ടില്ലെന്നും കൽപറ്റ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സ്പെഷൽ കോടതി ജഡ്‌ജി അയ്യൂബ് ഖാൻ പത്തനാപുരം വിധിന്യായത്തിൽ പറഞ്ഞു.


കേസിൽ ആകെ 53 ആദിവാസികളെയാണ് പ്രതിചേർത്തത്. ഇതിൽ 15 പേർ മരിച്ചു. ഒരാൾ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാർധക്യത്തിലെത്തിയവരാണ്. അതേസമയം, അബ്ദുസ്സലാം എന്ന മറെറാരു പൊലീസുകാരനെ വെട്ടിയ കേസിൽ എം. ഗീതാനന്ദൻ അടക്കം നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന് 23 വർഷങ്ങൾക്കുശേഷമാണ് വിധി വരുന്നത്.


ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് 2003 ജനുവരി അഞ്ചിനാണ് സി.കെ. ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭനേതാവ് എം. ഗീതാനന്ദന്റെയും നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങുന്നത്. ഫെബ്രുവരി 19നാണ് സമരക്കാർക്കുനേരെ പൊലീസ് വെടിവെപ്പടക്കം ഉണ്ടായത്. സംഘർഷത്തിൽ പൊലീസുകാരൻ വിനോദിനൊപ്പം ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടിരുന്നു.


എന്നാൽ, ജോഗി കൊല്ലപ്പെട്ടത് സംബന്ധിച്ച് ക്രിമിനൽ കേസോ അന്വേഷണമോ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും നേരത്തേ ഇതിനായി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അംഗീകരിച്ചില്ലെന്നും ഗീതാനന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിലെ കേസിന്റെ വിധി വന്നതിനുശേഷം ജോഗിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങയിൽ 47 ദിവസമായി തുടരുകയായിരുന്ന ഭൂസമരത്തിനിടെയായിരുന്നു പൊലീസ് നടപടി.


ഫെബ്രുവരി 17ന് ആദിവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടവിലാക്കി. ഇവരെ ഫെബ്രുവരി 18ന് കലക്‌ടറുടെ


ഇടപെടലിലൂടെയാണ് മോചിപ്പിച്ചത്. മുത്തങ്ങ തകരപ്പാടിയിൽ 23 മുതൽ 57 വരെ പ്രതികൾ ഷെഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൗണ്ടൻവയലിൽ മരിച്ച ജോഗിയടക്കമുള്ളവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ആദിവാസികളുടെ തടവിലായ വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ ചെന്നൈ യൂനിറ്റുമാണ് അന്വേഷിച്ചത്.


ഹൈകോടതി ഉത്തരവിനെ തുടർന്നാണ്


എറണാകുളം സി.ബി.ഐ പ്രത്യേക


കോടതിയിൽനിന്ന് വയനാട് സെഷൻസ്


കോടതിയിലേക്ക് കേസ് മാറ്റിയത്.


നടപടികൾ അനന്തമായി


നീണ്ടുപോകുന്നതിനിടയിൽ ജില്ല ജഡ്‌ജി അയ്യൂബ് ഖാൻ പത്തനാപുരത്തിന്റെ ഇടപെടലിലൂടെയാണ് നടപടികൾ വേഗത്തിലായത്. പ്രോസിക്യൂഷൻ വാദം ജൂലൈ 24നും പ്രതിഭാഗം വാദം പിറ്റേന്നുമാണ് പൂർത്തിയായത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like