വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കാന്‍ ഫിറ്റ്നസ് ബസ് വരുന്നു
കൽപ്പറ്റ: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസിന്റെ വയനാട് ജില്ലയിലെ പര്യടനം വ്യാഴാഴ്ച (02-03-2023) ആരംഭിക്കും. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 299 കുട്ടികളുടെ കായിക ക്ഷമത പരിശോധിച്ചുകൊണ്ടാണ് ബസിന്റെ വയനാട്ടിലെ പര്യടനം ആരംഭിക്കുക.
മാര്‍ച്ച് മൂന്ന്, നാല് തിയതികളില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂളില്‍ 329 വിദ്യാര്‍ഥികളുടെ കായിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. അഞ്ച്, ആറ് തിയതികളില്‍ കല്‍പ്പറ്റ് കണിയാംപറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പരിശോധന. ഇവിടെ 310 വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കാനാണു ലക്ഷ്യമിടുന്നത്. ഏഴ്, എട്ട് തിയതികളില്‍ മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 441 കുട്ടികളുടെ കായിക ക്ഷമത പരിശോധിക്കും. പര്യടനത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഒന്‍പതിന് തിരുനെല്ലി ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 288 കുട്ടികളുടെ പരിശോധന നടത്തും.
ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്‌സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. പരിശോധനയിലൂടെ ഫിറ്റ്നസ് ലെവല്‍ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും. വിശദ വിവരങ്ങള്‍ക്ക്- 9605895126, 9946651156