നാടകം മാറ്റിവെച്ചു.
- Posted on January 27, 2026
- News
- By Goutham prakash
- 19 Views
ഇന്ന് (ജനുവരി 27 )രാവിലെ 11 മണിക്കും വൈകീട്ട് 4.30 നും അരങ്ങേറാനിരുന്ന പാലസ്തീന്‍ നാടകമായ ലാസ്റ്റ് പ്ലേ ഇന്‍ ഗാസ എന്ന നാടകത്തിന്റെ പ്രദര്‍ശനം മാറ്റിവെച്ചു നാടക സംഘം
അപ്രതീക്ഷിത യാത്ര തടസ്സം നേരിട്ടതിനാലാണ് പ്രദർശനം മാറ്റിവെക്കുന്നത്. നാടകോത്സവം അവസാനിക്കുന്നതിന് മുമ്പായി ഈ സംഘത്തെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.മറ്റൊരു ദിവസം ഈ നാടകം കളിക്കുകയാണെങ്കില്‍ മുന്‍പ് ബുക്ക് ചെയ്ത ഓണ്‍ലൈന്‍ ടിക്കറ്റ് തന്നെ ഉപയോഗിച്ച് നാടകം കാണാം.പണം റീഫണ്ട് ആയി ലഭിക്കുകയാണ് വേണ്ടതെങ്കില്‍ അക്കാദമി നല്‍കുന്ന ലിങ്ക് വഴി ആവശ്യപ്പെട്ടാല്‍ തുക തിരികെ ലഭിക്കും
ഗാസ സാക്ഷ്യങ്ങള്‍ : പലസ്തീന്‍ കവിതകളുടെ അവതരണം ഇന്ന്.
ഇന്ന് രാവിലെ 11 മണിക്ക് കെ.ടി .മുഹമ്മദ് തിയേറ്ററില്‍ ഗാസ സാക്ഷ്യങ്ങള്‍: പലസ്തീന്‍ കവിതകളുടെ അവതരണം നടക്കും.പി.എന്‍.ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, പി രാമന്‍, തോമസ് ജോ, എന്നിവര്‍ കവിത അവതരിപ്പിക്കും.
ഇന്ന് അരങ്ങില്‍
ഓറഞ്ചസ് ആന്‍ഡ് സ്റ്റോണ്‍സ്
പലസ്തീനിലെ പ്രശസ്ത നാടകസംഘമായ അഷ്തര്‍ തിയേറ്റര്‍ അവതരിപ്പിക്കുന്ന ഓറഞ്ചസ് ആന്‍ഡ് സ്റ്റോണ്‍സ് ഇന്ന് വൈകുന്നേരം 4:30 ന് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അരങ്ങേറും. സംഭാഷണങ്ങളില്ലാതെ ശാരീരിക ചലനങ്ങളിലൂടെയും സംഗീതത്തിലൂടെയും മാത്രം കഥ പറയുന്ന ഈ 50 മിനിറ്റ് നാടകം ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാസൃഷ്ടിയാണ്.
സ്വന്തം വീട്ടില്‍ തന്റെ ഓറഞ്ച് തോട്ടം പരിപാലിച്ചു സമാധാനത്തോടെ കഴിയുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ഒരു പെട്ടിയുമായി ക്ഷീണിതനായ ഒരു അപരിചിതന്‍ കടന്നുവരുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ആതിഥ്യമര്യാദയോടെ അവനെ സ്വീകരിക്കുന്ന സ്ത്രീയുടെ ലോകം പതുക്കെ അയാള്‍ കൈക്കലാക്കുന്നതും അവള്‍ സ്വന്തം വീട്ടില്‍ തന്നെ അന്യയാക്കപ്പെടുന്നതുമാണ് നാടകം വരച്ചുകാട്ടുന്നത്. ഇത് പലസ്തീനില്‍ പതിറ്റാണ്ടുകളായി തുടരുന്ന കുടിയൊഴിപ്പിക്കലിന്റെയും അധിനിവേശത്തിന്റെയും ശക്തമായ പ്രതീകമാണ്.
അന്താരാഷ്ട്ര പ്രശസ്ത നാടക പ്രവര്‍ത്തക പ്രൊഫസര്‍ മോജിസോള അഡെബായോ ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 1991-ല്‍ സ്ഥാപിതമായ അഷ്തര്‍ തിയേറ്റര്‍ പലസ്തീനിലെ സാംസ്‌കാരിക പോരാട്ടങ്ങളുടെ മുഖമാണ്. വേദിയൊഴിഞ്ഞാലും കാണികളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന, കവിത പോലെ മനോഹരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ ഒരു അനുഭവമായിരിക്കും ഈ നിശബ്ദ നാടകം.
ലൂസിയ ജോയ്സ് എ സ്മാള്‍ ഡ്രാമ ഇന്‍ മോഷന്‍.
*
ലോകപ്രശസ്ത സ്പാനിഷ് നൃത്ത-നാടക സംഘമായ കാര്‍ലിക് ഡാന്‍സ തിയേറ്ററോ അവതരിപ്പിക്കുന്ന ലൂസിയ ജോയ്സ് എ സ്മാള്‍ ഡ്രാമ ഇന്‍ മോഷന്‍ ഇറ്റ്‌ഫോക്ക് അരങ്ങിലെ കലയും പോരാട്ടവും ഇഴചേരുന്ന വേറിട്ടൊരു അനുഭവമായിരിക്കും .ലോകപ്രശസ്ത എഴുത്തുകാരന്‍ ജെയിംസ് ജോയ്സിന്റെ മകളായാണ് ലൂസിയ. എന്നാല്‍ പിതാവിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ അവള്‍ അസാമാന്യ പ്രതിഭയുള്ള ഒരു നര്‍ത്തകിയായിരുന്നു. സാഹിത്യത്തിന് മുന്നില്‍ നൃത്തത്തിന് രണ്ടാസ്ഥാനം മാത്രം ഉണ്ടായിരുന്ന സമൂഹത്തില്‍ ലൂസിയയുടെ കലാപരമായ സ്വപ്നങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കപ്പെട്ടു.സംവിധായിക ക്രിസ്റ്റീന ഡി. സെല്‍വീര തന്റെ സൃഷ്ടിയെക്കുറിച്ച് മനസ്സ് തുറക്കുന്നത് ഇങ്ങനെയാണ്- എഴുതപ്പെട്ട ചരിത്രങ്ങള്‍ മറന്നുപോയ ഒരു കലാകാരിയുടെ അന്തസ്സും വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ശ്രമമാണ് 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പ്രകടനം. ജെയിംസ് ജോയ്സ്, സാമുവല്‍ ബെക്കറ്റ്, കാള്‍ ഗുസ്താവ് യുങ് തുടങ്ങിയ മഹാരഥന്മാരുടെ ഇടയില്‍ ലൂസിയ ഒരു നിശബ്ദ സാന്നിധ്യമായി മാത്രം ഒതുക്കപ്പെട്ടു. ആ മൗനത്തിന് ശബ്ദം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലായി അവതരിപ്പിക്കപ്പെടുന്ന നാടകം ലൂസിയ നേരിട്ട വിവേചനങ്ങളെ നൃത്തത്തിലൂടെയും ഡോക്യുമെന്ററി ദൃശ്യങ്ങളിലൂടെയും പുനരാവിഷ്‌കരിക്കുന്നു.നൃത്തം കേവലം ചലനങ്ങളല്ല, മറിച്ച് വികാരങ്ങളുടെയും സത്യത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഷയാണെന്ന് ലൂസിയ ജോയ്സിലൂടെ നാടകസംഘം സാക്ഷ്യപ്പെടുത്തുന്നു.
വാക്കുകള്‍ കൊണ്ട് പറയാനാവാത്ത ചില ചരിത്രങ്ങള്‍ തങ്ങളുടെ ചലനങ്ങളിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ് ഈ സ്പാനിഷ് സംഘം. നാടകം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് തോപ്പില്‍ഭാസി ബ്ലാക്ക് ബോക്‌സില്‍ നാടകംഅരങ്ങേറും
ദി നെതർ.
ഭാവിയെക്കുറിച്ചുള്ള വിചിത്രമായ സങ്കല്‍പ്പങ്ങളും ഡിജിറ്റല്‍ യുഗത്തിന്റെ ധാര്‍മ്മിക പ്രതിസന്ധികളും പ്രമേയമാക്കി പൂനെയിലെ ആസക്ത കലാമഞ്ച അവതരിപ്പിക്കുന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ഡ്രാമ നാടകമാണ് ദി നെതര്‍. ഈ ഡിജിറ്റല്‍ ലോകത്തിലെ ലഹരിപിടിപ്പിക്കുന്ന ഭയാനകമായ ചില വിനോദങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുവ ഡിറ്റക്റ്റീവിലൂടെയാണ് നാടകം മുന്നോട്ട് പോകുന്നത്. അന്വേഷണം പുരോഗമിക്കെ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുകയും മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യുന്നു. ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ഈ 100 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ഡിജിറ്റല്‍ കാലത്തെ മനുഷ്യന്റെ ആഗ്രഹങ്ങളുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ലോകത്ത് കലയ്ക്കും ധാര്‍മ്മികതയ്ക്കും എന്ത് സംഭവിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന ദി നെതര്‍' പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ഇന്ന് രാത്രി രാത്രി ഏഴുമണിക്ക് ആക്ടര്‍ മുരളി തിയേറ്ററില്‍ ആണ് നാടകം അരങ്ങേറുന്നത്.
റോമിയോ ആന്റ് ജൂലിയറ്റ്.
വില്യം ഷേക്‌സ്പിയറുടെ വിശ്വവിഖ്യാത നാടകമായ റോമിയോ ആന്റ് ജൂലിയറ്റിന് ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആസ്റ്റീരിയന്‍സ് ഹസ് തിയറ്റ്‌റോ എന്ന നാടകസംഘം ഒരുക്കുന്ന പരീക്ഷണാത്മകമായ അരങ്ങുഭാഷ്യമാണ് ഈ നാടകം. ലോകപ്രശസ്ത ക്ലാസ്സിക്കല്‍ കൃതികള്‍ക്ക് പരീക്ഷണാത്മകമായ അരങ്ങുഭാഷ്യം ഒരുക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ നാടകസംഘമാണ് ആസ്റ്റീരിയന്‍സ് ഹസ് തിയറ്റ്‌റോ. ഹൃദയം തൊടുന്ന പ്രണയകഥയെ ചടുലമായ ചലനങ്ങളിലൂടെയും സംഭാഷണത്തിലൂടെയും വ്യത്യസ്തമായ ദൃശ്യഭാഷയിലൂടെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ നാടകം. ഇന്ന് രാത്രി 8.30 ന് ഫാവോസില്‍ ആണ് നാടകം അരങ്ങേറുന്നത്. 50 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം ഇംഗ്ലീഷ് ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. എമില്‍ ഹാന്‍സണും പീറ്റര്‍ കിര്‍ക്കും ചേര്‍ന്നാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. പീറ്റര്‍ കിര്‍ക്കും ചില്‍ഡ് ക്ലൂസണുമാണ് നാടകത്തിലെ അഭിനേതാക്കള്‍.
ഇന്ന് സംവാദം.
ഇന്ന് രാവിലെ 11.30 ന് ഫാവോസില്‍ മാള്‍പ്രാക്ടീസ് ആന്റ് ദി ഷോ,അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ, ദി നെതര്‍ എന്നീ നാടകങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ കാണികളുമായി സംവാദിക്കും
ദക്ഷിണ്‍ ഛാരയുടെ പ്രഭാഷണം.
ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഫാവോസില്‍ പ്രശസ്ത ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിണ്‍ ഛാരയുടെ പ്രഭാഷണം നടക്കും
.
വര്‍ണ്ണവിവേചനത്തെ കുറിച്ച് ഡോക്യൂമെന്ററി പ്രദര്‍ശനം ഇന്ന്.
ഇന്ന് വൈകീട്ട് അഞ്ചിന് തമിഴ് സിനിമാമേഖലയിലെ വര്‍ണ്ണവിവേചനത്തെ കുറിച്ച് സംസാരിക്കുന്ന കളേഴ്സ് ഓഫ് കോളിവുഡ്- എ മെലാനിന്‍ ഡെഫിഷ്യന്‍സി എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.പാറോ സലില്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ഫാവോസിലാണ് പ്രദര്‍ശനം നടക്കുന്നത്.
കലാരാവില്‍ ഇന്ന്.
ഇന്ന് വൈകീട്ട് ആറിന് ചേരൂര്‍ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളവും അരങ്ങേറും. രാത്രി 9.30 ന് അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്ര കലാവിഷ്‌കാരങ്ങളും അരങ്ങേറും.
