വിരഹവും വേദനയും പറഞ്ഞ് അവസാന ദിനം: നിറഞ്ഞ സദസിൽ നാടകങ്ങൾ, അന്തർ ദേശീയ നാടകോത്സവത്തിന് തിരശ്ശീല വീണു

  • Posted on February 15, 2023
  • News
  • By Fazna
  • 119 Views

തൃശൂർ: മരണവും ഒറ്റപ്പെടലും ഉണ്ടാക്കിയ വിരഹവും വേദനയും പറഞ്ഞ് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല വീണു. ഇറ്റ്ഫോക്കിന്റെ അവസാന ദിനവും പ്രമേയ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. യൂജെനിയോ ബാർബയുടെ ആവേ മരിയയും ബാഷർ മാർക്കസിന്റെ ഹാഷും രണ്ടാം ദിനവും നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. 

2006ൽ മരിച്ച ചിലിയൻ നടി മരിയ കാനെപയ്ക്കുള്ള സമർപ്പണമായിരുന്നു ബ്ലാക്ക് ബോക്സിലെത്തിയ നടി ജൂലിയ വാർലിയുടെ ആവേ മരിയ. യൂജെനിയോ ബാർബയാണ് സംവിധായൻ. മരണത്തിനെ അതിജീവിച്ചുള്ള യഥാർത്ഥ സ്നേഹവും സൗഹൃദവും ആവേ മരിയയിലൂടെ ജൂലിയ വാർലി കാണിച്ചു. ഒരു നടി മറ്റൊരു നടിയോടുള്ള സ്നേഹ പ്രഖ്യാപനം കൂടിയാണ് ഈ നാടകം. 

കെ ടി മുഹമ്മദ് തിയറ്ററിൽ വീണ്ടുമെത്തിയ ഹാഷ് കാണികളെ രംഗകലയുടെ മറ്റു ചില സങ്കേതങ്ങളിലേയ്ക്ക് ആനയിച്ചു. സംവിധായകൻ നാടകത്തെപ്പറ്റി അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് പോലെ ഹാഷ് ഒരു കെണിയായിരുന്നു. ഏകാന്തതയുടെ കെണി. ആ കെണിയിൽ തിയറ്റർ ചുറ്റപ്പെട്ടതോടെ രണ്ടാം ദിനവും ഹാഷ് കൈയടി നേടി. 

ഒരു മനുഷ്യൻ, തന്റെ ജീവിതത്തിന്റെ ദിനചര്യയിൽ നഷ്ടപ്പെട്ട് പോകുന്നതും  മറ്റൊരു ജീവിയായി  രൂപാന്തരപ്പെടുന്നുവെന്ന് കണ്ടെത്തുന്നതുമാണ് മെഹദി ഫരാജ്പൂറിന്റെ കാഫ്ക. ആക്ടർ മുരളി തിയേറ്ററിലെത്തിയ നാടകം മനുഷ്യ ജീവിതത്തെ വരച്ചുകാട്ടി. ഫ്രാൻസ് കാഫ്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ മെറ്റമോർഫോസിസിന്റെ സ്വതന്ത്ര വ്യാഖ്യാനം ഒരു ദൃശ്യരൂപത്തിൽ അവതരിപ്പിക്കുന്ന നാടകമാണ് കാഫ്ക. ഏകാന്തത, വിശപ്പ്, വേദന എന്നിവയാൽ  മനുഷ്യൻ തന്റെ വ്യക്തിപരവും സാമൂഹികവുമായ ബാധ്യതകൾ നിറവേറ്റുന്നതിന് കഷ്ടപ്പെടുന്നതാണ് നാടകത്തിന്റെ മുഖ്യ പ്രമേയം.മാനവികതയുടെ വിളംബരമായി ഇറ്റ്‌ഫോക്ക്: 13-ാം എഡിഷന് തിരശീല വീണു. 'ഒന്നിക്കണേ, ഒന്നിക്കണേ, ഭൂമിയ്ക്കായി ഭാവിയ്ക്കായി ഒന്നിക്കണേ'..അന്താരാഷ്ട്ര നാടകോത്സവത്തിന് സമാപനം കുറിച്ച് പി ആര്‍ പുഷ്പവതി പാടിയപ്പോള്‍ വിശ്വനാടകവേദി അതിന്റെ പ്രസക്തി അടയാളപ്പെടുത്തി. മാനവികതയുടെ വിളംബരമായിരുന്നു പതിമൂന്നാമത് എഡിഷന്‍ അന്താരാഷ്ട്ര നാടകോത്സവത്തെ കൂടുതല്‍ ജനകീയമാക്കിയത്. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിന് കീഴില്‍ നാട് ഒന്നിച്ചതും പെട്ടെന്നായി. അതിരുകളില്ലാതെ ആദ്യ ദിനം മുതല്‍ നിറഞ്ഞ സദസാണ് ഓരോ നാടകങ്ങളെയും വരവേറ്റത്. 

കോവിഡിന്റെ രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വിശ്വ നാടക വേദിയുടെ തിരശീല ഉയര്‍ന്നപ്പോള്‍ അതിര്‍ത്തികള്‍ മാഞ്ഞ് നാടും നഗരവും സാംസ്‌കാരിക നഗരിയിലേയ്ക്ക് ഒഴുകി. ഫാസിസവും കൊളോണിയലിസവും ലോകത്തുണ്ടാക്കിയ ഭീകരതയും യുദ്ധത്തിലും അധിനിവേശത്തിലും ഒറ്റപ്പെട്ടു പോയ മനുഷ്യരും ശാസ്ത്രവും ജീവിതവും തമ്മിലുള്ള പാരസ്പര്യതയും തുടങ്ങി സമകാലിക പ്രമേയങ്ങള്‍ ഇറ്റ്‌ഫോക്കിലൂടെ ലോകത്തോട് സംവദിച്ചു. ആവിഷ്‌കാരത്തിന്റെ അനന്ത സാധ്യതകള്‍ കൈയടക്കത്തോടെ അരങ്ങിലെത്തിയപ്പോള്‍ കാണികളും അത് ഏറ്റെടുത്തു. ഇറ്റ്‌ഫോക്ക് ആരംഭിക്കുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞതും നാടകദിനങ്ങളുടെ വരവറിയിച്ചിരുന്നു.

നാടകങ്ങള്‍ കാണാനും ചര്‍ച്ചകളുടെ ഭാഗമാകാനും ദിനം പ്രതി നിരവധി പേരാണ് ഇറ്റ്‌ഫോക്ക് വേദി പരിസരത്ത് ഒത്തുച്ചേര്‍ന്നത്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പോലും രാവിലെ മുതല്‍ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ കാണുന്ന നീണ്ട നിരയും വിശ്വനാടകവേദിയെ ജനകീയമാക്കിയതിന്റെ തെളിവാണ്. നാടകത്തിനൊപ്പം വേദി പരിസരത്ത് നിന്നുയര്‍ന്ന ഗാനങ്ങളും അവതരണങ്ങളുമാണ് ഇറ്റ്‌ഫോക്ക് വൈബിനെ പൂര്‍ണമാക്കുന്നത്. രുചികരമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീയും നാടകദിനങ്ങളെ വൈവിധ്യ പൂര്‍ണമാക്കി. 

ഭാഷയുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് നാടകമെന്നതിനെ നെഞ്ചോട് ചേര്‍ത്തു ഓരോരുത്തരും. പരസ്പരം പരിചയമില്ലെങ്കിലും തലേദിവസം കണ്ട നാടകത്തിനെ പറ്റിയുള്ള ചര്‍ച്ചകളും വേദികളുടെ പരിസരത്ത് സജീവമാണ്. കാണികള്‍ വര്‍ധിക്കുന്നത് സന്തോഷം നല്‍കുന്നതാണെന്നും ഇറ്റ്‌ഫോക്കിന്റെ ജനപ്രിയത വരും വര്‍ഷങ്ങളിലേയ്ക്കുള്ള ഊര്‍ജ്ജം പകരുന്നതാണെന്നും സംഘാടകര്‍ പറയുന്നു. 

ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് തീയേറ്റര്‍ ഉള്‍പ്പെടെ ഏഴ് വേദികളാണ് നഗരവീഥികളെ ത്രസിപ്പിച്ചത്. അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്റര്‍, ബ്ലാക്ക് ബോക്സ്, കെ ടി മുഹമ്മദ് തീയേറ്റര്‍, പവലിയന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗ്യാലറി എന്നിവയായിരുന്നു മറ്റ് വേദികള്‍. വിവിധ ബാന്റുകളുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശകളും നാടകദിനങ്ങളുടെ ആവേശം ഉയര്‍ത്തി.



Author
Citizen Journalist

Fazna

No description...

You May Also Like