കഥ:ഇനി കരയാൻ കണ്ണീരില്ല ബാക്കി

എനിക്കു മുൻപേ നടക്കേണ്ടവൻ  ഇന്ന് എന്റെ  കയ്യും പിടിച്ചു നടക്കുന്നു


 

'ദുരന്തത്തിന്റെ ബാക്കിപത്രമായ മക്കൾക്കുവേണ്ടി മുറവിളികൂട്ടുന്ന അമ്മമാരുടെ ദീനരോദനങ്ങൾ വീടുകൾക്കുള്ളിലെ നാല് ചുമരുകളിൽ തട്ടി മറയുന്നതല്ലാതെ അധികാരകേന്ദ്രങ്ങളുടെ കർണപടങ്ങളിൽ അലയൊലി തീർക്കുന്നില്ല. ഇനിയൊരു ആതിരയും, കവിതയും സുഹൈലും ഈ മണ്ണിലേക്ക് ജനിച്ചു വീഴാൻ പാടുള്ളതല്ല.!... വിടരും മുൻപേ കൊഴിഞ്ഞുപോയ ഞങ്ങളുടെ കൂട്ടുകാർക്കുവേണ്ടി ഞങ്ങൾ പൊരുതുകതന്നെ ചെയ്യും'....

      അവസാനവാചകം പറഞ്ഞു കഴിഞ്ഞിട്ടും എന്റെ കിതപ്പുമാറിയില്ല. വേദിയിൽ ബഹുമാന്യനായ മന്ത്രി, ജില്ലാകളക്ടർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ.നിറഞ്ഞ സദസിലെ കൈയ്യടികൾ എന്നുമൊരു ആവേശം തന്നെയാണ്...

   ക്ഷീണിച്ചു വീണുപോകും എന്നുറപ്പുള്ളതുകൊണ്ടാവണം ബാലൻ മാഷ് ഓടിവന്നു പിടിച്ചു തലയിൽ കൈവെച്ചുകൊണ്ടുപറഞ്ഞു "മോളെ ഞാൻ നിനക്ക് എഴുതി തന്നത് വെറും വരികൾ മാത്രമാണ്.ആ വരികളിങ്ങനെ വാക്കുകളായി പുറത്തു വരുമ്പോൾ ഒരഗ്നിശരം പോലെ മനസ്സിൽ പതിക്കുമെന്ന് ഞാൻ വിചാരിച്ചതേയില്ല. മാഷിന്റെ കയ്യും പിടിച്ചു സ്റ്റേജിനു പുറത്തോട്ടിറങ്ങുമ്പോൾ കൂട്ടുകാർ ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ടുപറഞ്ഞു,"ന്തു രസവാടി നീ പറയുന്നത് കേൾക്കാൻ... ദേ എന്റെ കണ്ണ് നിറഞ്ഞുട്ടോ. ഞങ്ങളിങ്ങനെ തരിച്ചിരിക്കുവാ '"

    എല്ലാം മണിക്കൂറുകൾ കൊണ്ട് സംഭവിച്ച മാറിമായങ്ങൾ.. എൻഡോസൽഫാൻ കൺവെൻഷൻ പരിപാടിയിൽ പങ്കെടുക്കാൻ മാഷിന്റെ കൂടെ വന്നതാണ് ഞങ്ങൾ സ്റ്റുഡന്റസ് കൗൺസിലിന്റെ 5 കുട്ടികൾ. ഓരോ സ്കൂളിന്നും അഞ്ചു കുട്ടികൾ വീതമുണ്ട്. പ്രസംഗിക്കേണ്ടിയിരുന്ന കുട്ടിക്ക് പെട്ടന്ന് സുഖമില്ലാണ്ടായതുകൊണ്ട് എന്റെ തലയിലായി എന്നുവേണം പറയാൻ... അങ്ങനെ ആ പരിപാടിക്കും തിരശീല വീണു.. മന്ത്രി തിരുവഞ്ചൂർ ആയിരുന്നു മുഖ്യഥിതി. തിരിച്ചിറങ്ങുന്ന വഴിക്ക് എന്നെ വിളിച്ചു സംസാരിച്ചത് അഭിമാനനിമിഷമായി ഇന്നും ഓർമ്മയിലുണ്ട്..

  പരിപാടിയും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ എന്നെയും കാത്ത്മുഷിഞ്ഞ രണ്ടു കണ്ണുകൾ വേദിക്കരികിലുണ്ടായിരുന്നു. കൈ മുറുകെ പിടിച്ചു അവൻ പറഞ്ഞു "ബാല കേക്കി മ്മക്ക് പോവാ.."

  "മമ് വാ പോവാം... കാഴ്ചയും ബുദ്ധി മാന്ദ്യവുമുള്ള അനിയൻ കുഞ്ഞു ബാബുവിന്റെ കയ്യും പിടിച്ചു പതിയെ ഫുഡ്‌ പാത്തിലൂടെ നടക്കുമ്പോൾ ദേഷ്യത്തോടെ ചേച്ചിയോട് ചോദിച്ചു." നീ ന്തിനാ ചേച്ചീ ഇവനേം കൊണ്ട് ഈ പൊരിവെയിലത്ത് വന്നേക്കുന്നെ. "

  മുഖത്തേക്കു നോക്കാതെ അവൾ പറഞ്ഞു "ഇവിടന്നെങ്കിലും ഒരു സഹായം കിട്ടിയാലായില്ലേ.."

  വേറൊന്നുമവളോട് ചോദിക്കാൻ തോന്നിയില്ല. എൻഡോസൽഫാൻ എന്ന മരണമുഖത്തുനിന്ന് മകനെ കൈപിടിച്ച്നടത്തി നീതിക്കുവേണ്ടി അധികാരികളുടെ നേരെ കൈകൂപ്പുന്നവൾ . പ്രപഞ്ചത്തിലെ ഏറ്റവും വലിയപോരാളി അമ്മയാണ് എന്ന വാക്കുകൾ അന്വർഥമാക്കുന്നവൾ...

    എനിക്കു വഴികാട്ടിയായ്,എനിക്കു മുൻപേ നടക്കേണ്ടവൻ ഇന്നെന്റെ കയ്യും പിടിച്ചു നടക്കുന്നു.റോഡു മുറിച്ചു കടക്കുമ്പോൾ വെറുതെ പിറകിലൊട്ടൊന്നു നോക്കി.ബാലൻ മാഷ് എന്നെ തന്നെ നോക്കി നിൽക്കുവാണ്.മാഷിനറിയാം എൻഡോസൽഫാൻ എന്ന ദുരന്തത്തിന്റെ ദയനീയത  മനസിലാക്കിയ മറ്റൊരു കുട്ടിയും ഈ ഭൂമിയിൽ ഉണ്ടാവില്ലെന്ന് "!...             


 എഴുത്ത് :സുബിബാല 

Author
Journalist

Dency Dominic

No description...

You May Also Like