ഫ്രാന്‍സ് പ്രതിനിധി ഗ്രെഗോർ ട്രൂമെൽ നോര്‍ക്ക റൂട്ട്സുമായി ചര്‍ച്ച നടത്തി. ഉന്നതവിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
- Posted on June 21, 2025
- News
- By Goutham prakash
- 170 Views
സി.ഡി. സുനീഷ്.
ഫ്രാന്‍സ് സര്‍ക്കാറിന്റെ ഭാഗമായ ദി ഫ്രെഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഇന്ത്യ (ഐ.എഫ്.ഐ) ഡയറക്ടറും, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിലെ ഇന്ത്യയിലെ ഫ്രാന്‍സിന്റെ ഉപദേഷ്ടാവുമായ ഗ്രെഗോർ ട്രൂമെൽ നോര്‍ക്ക റൂട്ട്സുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ നൈപുണ്യ മികവുളളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായുളള തൊഴില്‍ റിക്രൂട്ട്മെന്റ് സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്തു. ആരോഗ്യ സാമൂഹിക കാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹിയുമായും നോര്‍ക്ക സംഘം വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.
നിയമപരവും സുരക്ഷിതവും വ്യവസ്ഥാപിതവുമായ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള വിദേശ തൊഴില്‍ കുടിയേറ്റ നടപടികളും പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍, ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ എന്നിവ ശ്രദ്ധേയമാണെന്നും ഗ്രെഗോർ ട്രൂമെൽ അഭിപ്രായപ്പെട്ടു. ഫ്രാന്‍സ് സര്‍ക്കാറിന്റെ കേരളത്തിലെ ഔദ്യോഗിക ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലൈയൻസ് ഫ്രാൻസൈസുമായുളള (Alliance Française) സഹകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കേരളത്തില്‍ നിന്നും ഫ്രാന്‍സിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകളും ചര്‍ച്ചയായി. നിലവില്‍ 10000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സില്‍ ഉപരിപഠനം നടത്തിവരുന്നു. ഇത് 30000 മായി ഉയര്‍ത്താനാണു ശ്രമം. ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സുമായുളള സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
