ജെയിംസ് ബോണ്ട് കഥാപാത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഷോൺ കോണറി അന്തരിച്ചു
- Posted on October 31, 2020
- Cinemanews
- By enmalayalam
- 507 Views
ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ച ഷോൺ കോണറി അന്തരിച്ചു, 90 വയസ്സായിരുന്നു. “ജെയിംസ് ബോണ്ട്” കഥാപാത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആദ്യ നടനായിരുന്നു കോണറി. ദ അൺടച്ചബിൾസ്, മർനി, മർഡർ ഓൺ ഓറിയൻറ് എക്സ്പ്രസ്, ദി മാൻ ഹു വുഡ് ബി കിംഗ്, ദ നെയിം ഓഫ് റോസ്, ഹൈലാൻഡർ, ഇന്ത്യാന ജോൺസ് ആൻഡ് ഗ ലാസ്റ്റ് ക്രൂസേഡ്, ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ, ഡ്രാഗൺഹാർട്ട്, ഫൈൻഡിങ് ദി റോക്ക് ഫോറസ്റ്റർ, എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ബ്രിട്ടീഷ് സീക്രട്ട് ഏജന്റായ കഥാപാത്രമായ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച അദ്ദേഹം നാല് പതിറ്റാണ്ടിലധികം വെള്ളിത്തിരയിൽ ആധിപത്യം പുലർത്തിയിരുന്ന താരമാണ്. ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിൽ ആരാധകരുടെ മനസ്സിൽ അദ്ദേഹം എന്നും നിലനിൽക്കും.
നോവലിസ്റ്റ് ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ 1962-ൽ ഇറങ്ങിയ “ഡോക്ടർ നോ” എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹം അവതരിപ്പിച്ചത്. ഫ്രം റഷ്യ വിത്ത് ലവ് , ഗോൾഡ് ഫിംഗർ, തണ്ടർബോൾ , യു ഒൺലി ലൈവ് ട്വൈസ് തുടങ്ങിയ ബോണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.
1989-ൽ പീപ്പിൾ മാഗസിൻ അദ്ദേഹത്തെ “ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യൻ” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. ദ അൺടച്ചബിൾസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് നേടി. അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറിൽ രണ്ട് ബാഫ്ത അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും താരം നേടി. 2003-ൽ ഇറങ്ങിയ ദ ലീഗ് ഓഫ് എക്സ്ട്രാഡറിനറി ജെന്റിൽമെൻ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.