*വയനാട്,ജില്ലയുടെ വികസനത്തിന്
- Posted on June 18, 2025
- News
- By Goutham prakash
- 147 Views
576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് ജില്ലാ കോൺക്ലേവ്

*സ്വന്തം ലേഖകൻ.*
ജില്ലയിലെ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമാക്കി 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് വയനാട് ജില്ലാ വികസന കോൺക്ലേവ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ജില്ലാതല മേധാവികളാണ് പദ്ധതി രൂപരേഖ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 145 പദ്ധതികളിലായി 483.5 കോടിയുടെയും വകുപ്പുകൾ 69 പദ്ധതികളിലായി 93.94 കോടിയുടെ പദ്ധതികളും അവതരിപ്പിച്ചു.
ജില്ലയുടെ വികസനത്തിനായി വയനാട് പാക്കേജ്, ആസ്പിരേഷണൽ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്കി, എംപി ലാഡ്സ്, എംഎൽഎ ലാഡ്സ്, സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ജില്ലാ വികസന കോൺക്ലേവിൽ
അവതരിപ്പിച്ച പദ്ധതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് മികച്ച പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തികരിക്കും.
തദ്ദേശ സ്ഥാപനങ്ങൾ അഞ്ച് നൂതന പദ്ധതികളാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്.
കായിക വികസനം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, റോഡ് നവീകരണം, പാലം നിർമാണം, ബഡ്‌സ് സ്കൂൾ നവീകരണം, ഉന്നതികളിൽ ഷെൽട്ടർ ഹോം, വന്യ മൃഗ പ്രതിരോധ മാർഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, സ്മാർട്ട് അങ്കണവാടി, വാതക ശ്മശാനം, ഐ ടി പാർക്ക് നിർമാണം, വനിതകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇക്കോ- ടൂറിസം പദ്ധതികൾ, ടൗൺ നവീകരണം, ഹാപ്പിനെസ് പാർക്ക് നിർമ്മാണം, ഫിസിയോ തെറാപ്പി യൂണിറ്റ്,
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പദ്ധതികളാണ് ജില്ലാ വികസന കോൺക്ലേവിൽ അവതരിപ്പിച്ചത്. സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നടന്ന കോൺക്ലേവിൽ എ.ഡി.എം കെ ദേവകി, നഗരസഭാ അധ്യക്ഷന്മാരായ ടി. കെ രമേശ്, അഡ്വ ടി. ജെ ഐസക്ക്, സി.കെ. രത്നവല്ലി, സബ് കളക്ടർ മിസാൽ സാഗർ ഭരത്,
ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.