നല്ല സിനിമകൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് ഗൗരവമേറിയ സാംസ്കാരിക പ്രവർത്തനം : ജിയോ ബേബി.
- Posted on July 25, 2025
- News
- By Goutham prakash
- 151 Views
സി.ഡി. സുനീഷ്
നല്ല സിനിമകൾ ഉണ്ടാക്കുക എന്നതും അവ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതും നമ്മുടെ കാലത്ത് ഏറ്റവും ഗൗരവമുള്ള സാംസ്കാരിക പ്രവർത്തനമാണെന്ന് സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു. പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിം ഫെസ്റ്റിവലുകൾ സംവിധായകർക്കും ചലച്ചിത്ര പ്രേമികൾക്കും ഏറ്റവും ഊർജ്ജദയകമാണെന്നും വലിയ ചലച്ചിത്രമേളകൾ പോലെ ഓരോ ദേശങ്ങളിലും നടക്കുന്ന ചെറു ചലച്ചിത്രമേളകൾക്കും വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂർ ശാന്തി തിയേറ്ററിൽ നടന്ന പരിപാടിയിൽ സംവിധായകരായ ഇന്ദുലക്ഷ്മി, ഫാസിൽ റസാക്ക്, മനോജ് കാന ഛായാഗ്രാഹകനായ രാകേഷ് ധരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഓപ്പൺ ഫ്രെയിമിന്റെ പ്രസിഡണ്ട് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി പ്രേമചന്ദ്രൻ സ്വാഗതവും ആർ നന്ദലാൽ നന്ദിയും പറഞ്ഞു.
ഇരുപതാം വാർഷികാഘോഷ സമാപനത്തോട് അനുബന്ധിച്ച് പുതിയ മലയാള സിനിമകൾ ഉൾപ്പെടുത്തിയുള്ള ചലച്ചിത്രോത്സവവും നടന്നു. ദേശീയ അന്തർദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ മൂന്ന് മലയാള സിനിമകൾ പ്രദർശിപ്പിച്ചു.
ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം', കൃഷാന്ദ് സംവിധാനം ചെയ്ത 'സംഘർഷ ഘടന', ഫാസിൽ റസാക്ക് സംവിധാനം ചെയ്ത 'തടവ് ' എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സംവിധായകരുമായുള്ള മുഖാമുഖവും നടന്നു.
