ലോകകപ്പ് യോഗ്യത മത്സരം ; ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും
- Posted on June 11, 2024
- Sports
- By Arpana S Prasad
- 132 Views
ഈ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാൽ അടുത്ത ഏഷ്യൻ കപ്പിനും ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യത നേടാം
ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ യുഗ പുരുഷനായ ഛേത്രി ബൂട്ടഴിച്ചത്. സുനിൽ ഛേത്രിക്ക് പകരം ഗോൾ കീപ്പർ ഗുർപീന്ദർ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാൽ അടുത്ത ഏഷ്യൻ കപ്പിനും ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യത നേടാം. ഖത്തർ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.
നിലവിൽ ഗ്രൂപ്പിൽ ഖത്തറിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. മൂന്നാമതുള്ള അഫ്‌ഗാനിസ്ഥാനും ഇന്ത്യയ്ക്കും അഞ്ചു പോയിന്റാണുള്ളത്. അഫ്ഗാൻ സമനിലയിലായാൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് എത്തും. അഫ്ഗാൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പകരം അഫ്‌ഗാനായിരിക്കും മൂന്നാം റൗണ്ടിലേക്ക് എത്തുക.